രിടവേളയ്ക്കു ശേഷം ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയോടെയാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ മടങ്ങിയെത്തിയത്. രണ്ടാം വരവിന്റെ തുടക്കം മുതല്‍ കടുത്ത സ്ത്രീപക്ഷ കഥാപാത്രങ്ങളെയാണ് മഞ്ജു വെള്ളിത്തിരയില്‍ എത്തിച്ചത്.  

രണ്ടാം വരവിന് വേദിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു മുതല്‍ ഉദാഹരണം സുജാത വരെ എല്ലാ സിനിമകളും സ്ത്രീകഥാപാത്രത്തിന് പ്രധാന്യം നല്‍കിയിട്ടുള്ളതാണ്. ഒരേ സ്വഭാവം പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍ ആയതിനാല്‍ തന്നെ ആവര്‍ത്തന വിരസത നിഴലിക്കുന്നുണ്ട്. 

പേരിനോട് നീതി പുലര്‍ത്താന്‍ ഈ സിനിമയ്ക്കായിട്ടുണ്ട്. സുജാത ഒരു ഉദാഹരണമാണ്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് കഠിനാധ്വാനത്തിലൂടെ വിജയം നേടാനാവുമെന്ന സന്ദേശമാണ് ഉദാഹരണം സുജാത പ്രധാനമായി നല്‍കുന്നത്.

വീടുകളില്‍ ജോലി ചെയ്ത് ജീവിതം തള്ളിനീക്കുന്നതും ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ളതുമായ സുജാത എന്ന കഠിനാധ്വാനിയായ വീട്ടമ്മയുടെയും മകളുടെയും ജീവതത്തിലൂടെയാണ് കഥ മുന്നേറുന്നത്. 

എന്ത് കഷ്ടപ്പാട് സഹിച്ചിട്ടായാലും തന്റെ മകളെ വലിയ നിലയില്‍ എത്തിക്കുമെന്ന് നിശ്ചയദാര്‍ഢ്യമുള്ള അമ്മയും, എന്നാല്‍, അമ്മയുടെ സ്വപ്‌നത്തിനൊത്ത് വളരാത്ത പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മകളുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.  

ഡോക്ടറുടെ മക്കള്‍ ഡോക്ടര്‍, എന്‍ജിനിയറുടെ മക്കള്‍ എന്‍ജിനീയര്‍, വീട്ടുവേലക്കാരിയുടെ മകള്‍ വീട്ടുവേലക്കാരി ഈ വാദമാണ് പഠനത്തില്‍ ഉഴപ്പാന്‍ സുജാതയുടെ മകള്‍ ആതിര നിരത്തുന്നത്. 

പത്താം ക്ലാസിലെ കണക്ക് പാഠമാണ് കഥയിലെ കേന്ദ്ര ബിന്ദു. മകള്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള അറിവ് തനിക്കില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് മകളെ പഠിപ്പിക്കാന്‍ അവളുടെ ക്ലാസില്‍ തന്നെ പഠിക്കാന്‍ പോകുന്ന അമ്മയും സ്വയം പഠിക്കാനും മകളെ പഠിപ്പിക്കാനും സുജാത അനുഭവിക്കുന്ന കഷ്ടപ്പാട് സിനിമയില്‍ ഉടനീളം കാണാം.  

സുജാതയുടെ എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് അവര്‍ ജോലി ചെയ്യുന്ന വീട്ടിലെ സിനിമാ തിരക്കഥാകൃത്തായ സാറാണ്. നെടുമുടി വേണുവാണ് ഈ കഥാപാതത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

അമ്മ തന്റെ സ്‌കൂളില്‍ പഠിക്കാനെത്തിയതിനെ തുടര്‍ന്ന് മകള്‍ക്കുണ്ടാകുന്ന അപമാനവും, പിന്നീട് അമ്മയോടുള്ള വൈരാഗ്യവും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സുജാതയുടെ മകളുടെ ആതിരയുടെ വേഷം ചെയ്ത അനശ്വര രാജനായിട്ടുണ്ട്.  

പത്താം ക്ലാസിലെ കണക്ക് മകളെ പോലെ അമ്മയ്ക്കും ബുദ്ധിമുട്ടാണ് തുടര്‍ന്ന് കണക്ക് പഠിക്കാനുള്ള സുജാതയുടെ ശ്രമവും അമ്മയെ പഠനം അവസാനിപ്പിക്കാനായി മകള്‍ പഠിക്കുന്നതുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. 

തിരുവനന്തപുരം ചെങ്കല്‍ചൂള കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. തിരുവനന്തപുരം സംസാര ശൈലിയും, സിനിമയിലും മറ്റും കണ്ടിരിക്കുന്ന വേലക്കാരിയുടെ വേഷഭൂഷാദികളും മഞ്ജു വാര്യര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മഞ്ജുവിലൂടെ പ്രേക്ഷകരില്‍ എത്തിച്ചിട്ടുണ്ട്. 

കുട്ടികളില്‍ വാശിയുണ്ടാക്കി അവരുടെ ലക്ഷ്യത്തിലെത്തിക്കുകയെന്ന പ്രായോഗികതന്ത്രവും ഫലപ്രദമായി അവതരിപ്പിച്ചിരിക്കുന്നു.  

കളക്ടറുമായി അവിചാരിതമായുണ്ടായ കൂടിക്കാഴ്ചയാണ് നിര്‍ധനയായി സുജാത എന്ന അമ്മയില്‍ സ്വപ്‌നങ്ങള്‍ പാകിയത്. തുടര്‍ന്ന് കളക്ടറാകാനുള്ള മാര്‍ഗം അന്വേഷിച്ച് സുജാത കളക്ടറെ കാണുന്നത് നര്‍മ്മത്തില്‍ ചാലിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. മംമ്ത മോഹന്‍ദാസാണ് കളക്ടറുടെ വേഷം ചെയ്തിരിക്കുന്നത്. 

അമ്മ മോശം സ്ത്രീയാണെന്നുള്ള തോന്നല്‍ മകള്‍ക്ക് ഉണ്ടാകുന്നതും, മകള്‍ തന്നെ തെറ്റിദ്ധരിച്ചതിലുള്ള വേദനയും പ്രക്ഷകരിലും സഹതാപം നിറയ്ക്കുന്നുണ്ട്. 

ഇവിടെ നിന്ന് പിന്നീട് അവസാനം വരെയുള്ള സീനുകള്‍ എല്ലാം തന്നെ നാം പലപ്പോഴായി കണ്ടു മറന്നിട്ടുള്ളവയാണ്.

മാര്‍ട്ടിന്‍ പ്രക്കാട്ട്, നവീന്‍ ഭാസ്‌കര്‍ എന്നവരുടെ തിരക്കഥയില്‍ നവാഗതനായ ഫാന്റം പ്രവീണാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ചിത്രത്തില്‍ സംഗീതം ചെയ്തിരിക്കുന്നു.