തേച്ച് വടിപോലെയാക്കി ഇൻ ചെയ്ത് ധരിച്ചിരിക്കുന്ന ഷർട്ടിൽ തൊട്ടാൽ തൊടുന്നവൻ വിവരമറിയും. അല്ലെങ്കിൽ അറിയിച്ചിരിക്കും ഭൂദേവിപുരത്തെ ജ​ഗദീഷ് നായിഡു. ഈ ഒരു സ്വഭാവം കൊണ്ട് ജ​​ഗദീഷിന് ഒരു പേര് വന്നു- ടക്ക് ജ​ഗദീഷ്. നിന്നു കോരി, മജിലി എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ നിർവാണ സംവിധാനം ചെയ്ത ടക്ക് ജ​ഗദീഷ് എന്ന നാനി ചിത്രത്തിന്റെ ചുരുക്കരൂപം ഇതാണ്. ജ​ഗദീഷിന്റെ പ്രണയം, കുടുംബത്തിലുണ്ടാവുന്ന പ്രശ്നങ്ങൾ, നായകന്റെ ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയ സ്ഥിരം ചേരുവകളാണ് ചിത്രത്തിലുള്ളത്.

ഭൂദേവിപുരം എന്ന ഉൾനാടൻ ​ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പരമ്പരാ​ഗതമായി കൊമ്പുകോർക്കുന്ന രണ്ട് കുടുംബങ്ങളാണ് ഇവിടെയുള്ളത്. നാസർ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഒരു കുടുംബത്തിന്റെ തലവൻ. രണ്ടാമത്തേത് ഡാനിയൽ ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും. നന്മയുടേയും തിന്മയുടേയും പ്രതിരൂപങ്ങളായി ഇവരുടെ കഥാപാത്രങ്ങളെ കാണിക്കാൻ സംവിധായകന് അധികം പണിയെടുക്കേണ്ടിവന്നിട്ടില്ല. മുൻമാതൃകകൾ ഇഷ്ടംപോലെയുള്ളത് തന്നെ കാരണം. 

കുടുംബബന്ധങ്ങൾ കാണിക്കുന്ന രം​ഗങ്ങളിലായാലും ക്ലീഷേ വിട്ടൊരു കളിക്ക് സംവിധായകൻ മുതിർന്നിട്ടില്ല. മുറപ്പെണ്ണിനെ വേണ്ടെന്നുവെച്ച് മറ്റൊരു പെൺകുട്ടിയിലേക്ക് ആകർഷിക്കപ്പെടുന്ന നായകനാണ് ആദ്യപകുതിയിലെങ്കിൽ രണ്ടാം പകുതിയിൽ ​ഗ്രാമത്തിലെ കർഷകർക്കായി പോരാടുന്ന എം.ആർ.ഒ എന്ന മാസ് സർക്കാർ ഉദ്യോ​ഗസ്ഥനാണ് ജ​ഗദീഷ്.‌ എം.ആർ.ഒ യുടെ യഥാർത്ഥ പൂർണരൂപം മണ്ടൽ റവന്യൂ ഓഫീസർ എന്നാണെങ്കിൽ ദുഷ്ടശക്തികൾക്കെതിരെ താനത് മെന്റൽ റൗഡി ഓഫീസർ എന്ന് മാറ്റുമെന്ന ഡയലോ​ഗിന് അല്പം പഞ്ച് കുറഞ്ഞോ എന്ന് സംശയം.

വില്ലന്മാരുടെ വലയിൽപ്പെടുന്ന ജ്യേഷ്ഠനും സ്വത്തിനായി അടിയുണ്ടാക്കുന്ന സഹോദരങ്ങളും ഭർത്താവിന്റെ വീട്ടിൽ സഹോദരിക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളുമെല്ലാം നായകന്റെ ഹീറോയിസം ഉയർത്തിക്കാട്ടുന്നതിൽ അത്ര ഏറ്റോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഐശ്വര്യ രാജേഷ് അവതരിപ്പിച്ച ചന്ദ്രമ്മ എന്ന കഥാപാത്രത്തിന് ഭർത്താവിന്റെ വീട്ടിൽ ഏൽക്കേണ്ടിവരുന്ന മർദനരം​ഗങ്ങൾ കണ്ണീർ സീരിയൽ രം​ഗങ്ങളെ ഓർമിപ്പിച്ചു.  ജ​ഗദീഷ് വയലിൽ ഇറങ്ങി ഹീറോയിസം കാണിക്കുന്ന രം​ഗത്തിന് പശ്ചാത്തലമായി വന്ന 'നീട്ടി നീട്ടി സുക്കാ' എന്ന തമൻ ഈണം പകർന്ന ​ഗാനം അവസരത്തിന് ചേർന്നതായിരുന്നു. ഇതേ സം​ഗീത സംവിധായകൻ ചെയ്ത 'അല വൈകുണ്ഠപുരം ലോയിലെ സിത്തറാല സീരപ്പടു' എന്ന ​ഗാനമാവാം ശിവ നിർവാണയേയും സ്വീധീനിച്ചിട്ടുണ്ടാവുക. കാരണം നാടൻപാട്ട് പ്ലസ് ആക്ഷൻ എന്നത് കൊള്ളാവുന്ന ഫോർമുലയാണെന്ന് സംവിധായകൻ മനസിലാക്കിയിരിക്കണം.

തമിഴിൽ അടുത്തിടെ ഇറങ്ങിയ നമ്മ വീട്ട് പിള്ളൈ, കടൈക്കുട്ടി സിങ്കം എന്നീ സിനിമകളുടെ ഒരു ചുവ ടക്ക് ജ​ഗദീഷിലും കാണാം. നാനിയുടെ കഴിഞ്ഞചിത്രമായ വിയും ഓ.ടി.ടി റിലീസ് തന്നെയായിരുന്നു. റിലീസ് സമയത്ത് സമ്മിശ്ര പ്രതികരണമാണ് വിയ്ക്കും ലഭിച്ചത്. ടക്ക് ജ​ഗദീഷിന്റെ സ്ഥിതിയും അങ്ങനെ തന്നെ. എന്തായാലും അടുത്തിടെ നാനിക്ക് പിഴച്ച ഒരു കഥാപാത്രമായിരുന്നു ടക്ക് ജ​ഗദീഷെന്ന് സംശയലേശമെന്യേ പറയാം.