ത്രയോ വട്ടം കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത കഥകള്‍. പേരുകള്‍ മാറ്റി, പശ്ചാത്തലം മാറ്റി വീണ്ടും വീണ്ടും പുതിയ കഥകളായി കാത് കവരുന്ന വിദ്യയ്ക്ക് പേര് മുത്തശ്ശിക്കഥ. (നാഴികയ്ക്ക് നാല്‍പത് വട്ടം കള്ളം പറയാന്‍ ഫിറംഗി കൂട്ടുപിടിക്കുന്നതും സ്വന്തം മുത്തശ്ശിയെയാണ്) രാജ്യം നഷ്ടപ്പെട്ട കിരീടാവകാശിയും അവനെ/ അവളെ സംരക്ഷിക്കുന്ന, രാജ്യത്തിന്റെ വീണ്ടെടുപ്പിന് സഹായിക്കുന്ന വിശ്വസ്തനായ ധീരനായ രാജഭക്തനുമൊക്കെ എത്രയോ കഥകളിലൂടെ മുന്നില്‍ വന്ന് നിന്നിട്ടുണ്ട്. ചന്ദ്രഗുപ്തന് ചാണക്യനെന്ന പോലെ പിന്നില്‍ നിന്ന് പടനയിക്കാന്‍ ഒരാള്‍. ചിലപ്പോള്‍ ആ സ്ഥാനത്ത് ഒരു വീരയോദ്ധാവാകാം, ചിലപ്പോള്‍ ഒരു രാജകുമാരന്‍ തന്നെ. പറഞ്ഞു പഴകിയ അത്തരമൊരു കഥയാണ് വിജയ് കൃഷ്ണ ആചാര്യ രചനയും സംവിധാനവും നിര്‍വഹിച്ച തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ പറയുന്നത്. 

സംശയലേശമന്യേ ഈ പഴയ വീഞ്ഞിന് വീര്യം നല്‍കുന്നത് ഫിറംഗിയാണ്. മനുഷ്യന്റെ മുഖവും മൃഗത്തിന്റെ ഹൃദയവുമുള്ള ഫിറംഗി. ആമിര്‍ ഖാന്റെ ഫിറംഗിയെ കാണാന്‍, അമിതാഭ് ബച്ചന്റെ പോരാട്ടവീര്യം കണ്ടു കൈയടിക്കാന്‍, രണ്ടു സൂപ്പര്‍ താരങ്ങള്‍ തിരശ്ശീലയില്‍ ഒരേ ഫ്രെയിം പങ്കിടുന്നത് കാണാന്‍ മാത്രം തഗ്സ് ഓഫ് ഹിന്ദൊസ്ഥാന് മുന്നിലിരിക്കാം. അല്ലാത്തപക്ഷം പ്രതീക്ഷകളെ തകിടം മറിക്കും ഈ കൊള്ളക്കാര്‍. പൂര്‍ണമായും ഒരു കമേഴ്സ്യല്‍ ഫാന്റസി-അഡ്വഞ്ചര്‍ ഫ്ളിക്ക് ആണ് തഗ്സ്. ചരിത്രപരമായ സാധുതയോ കഥാപാത്രങ്ങളുടെ വിശ്വാസ്യതയോ ഒന്നും പരിഗണിക്കാതെ ആസ്വദിക്കാന്‍ പറ്റുന്ന ഒരു എന്റര്‍ടെയ്നര്‍. ആമിര്‍ അവതരിപ്പിക്കുന്ന ഫിറംഗി മല്ലയിലെ ആ 'ജോണി ഡെപ്പ്' ട്വിസ്റ്റു വരെ ആ രീതിയില്‍ സാധൂകരിക്കാം. പൈറേറ്റ്സ് ഓഫ് ദ കരീബിയനിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഫിറംഗി.  പ്രവചനാത്മകത രസം മുറിച്ചു കളയുമ്പോഴും കണ്ടിരിക്കാന്‍ കഴിയുന്നത് ഫിറംഗിയുടെ കഥാപാത്രഭംഗി കൊണ്ടാണ്. ഒപ്പം അമിതാഭ് ബച്ചനും. പ്രായത്തെ വെല്ലുന്ന ശൗര്യമുണ്ട് ബച്ചന്റെ ഖുദാബക്ഷ് അഥവാ ആസാദിന്. അവിസ്മരണീയമായതൊന്നും നല്‍കുന്നില്ലെങ്കിലും ബച്ചന്റെ കൈയില്‍ അത് ഭദ്രമായിരുന്നു താനും. എന്നിട്ടും കഥാപാത്രങ്ങളുടെ പ്രൗഢി കാക്കുന്നില്ല സിനിമ.

തഗ്സ് ഓഫ് ഹിന്ദൊസ്ഥാനില്‍ അസഹനീയമാകുന്നത് ഗാനങ്ങളാണ്. അജയ്- അതുല്‍ ഒരുക്കിയ ഗാനങ്ങള്‍ കഥയോടും പശ്ചാത്തലത്തോടും ചേരാനാകാതെ താളം പിഴയ്ക്കുന്നു. കത്രീന കെയ്ഫിന്റെ സുരയ്യയ്ക്ക് ശരീരഭംഗിയുടെ ആകര്‍ഷണമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ല. ചെയ്യാനുമില്ല. നഗരത്തിലെ സുപ്രസിദ്ധയായ നര്‍ത്തകിയുടെ അരക്കെട്ടില്‍ നിന്നും ക്യാമറ മാറുമ്പോള്‍ ആ കഥാപാത്രത്തിന് കൂടുതലായെന്തെങ്കിലും ചെയ്യാനുണ്ടാകുമെന്ന് പ്രതീക്ഷിക്കും. അരുത്. അസ്ഥാനത്താണ്. സുരയ്യ സുന്ദരിയായ ഒരു പാവ മാത്രമാണ്. 

കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് തഗ്സ്. മികച്ച താരനിര, മനോഹരമായ പശ്ചാത്തലങ്ങള്‍, ആഡംബരപൂര്‍ണമാണ് ഓരോ രംഗവും. ഇതിനിടയില്‍ ഇല്ലാതെ പോയത് മികച്ച, പണിക്കുറ്റം തീര്‍ന്ന ഒരു തിരക്കഥയാണ്.  ഇടയ്ക്കൊക്കെ ഗംഭീരമാകും എന്നു പ്രതീക്ഷ തന്ന് ആ ഇരിപ്പിടത്തില്‍ നിന്ന് തള്ളിത്താഴെയിട്ടു കളയും തിരക്കഥ. സ്വന്തം കുടുംബം കണ്‍മുന്നില്‍ കൊല ചെയ്യപ്പെട്ട് വെള്ളക്കാരന്റെ തോക്കിന്‍മുനയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷ നേടുന്ന രാജകുമാരി സഫീറയായാണ് ദംഗലിലൂടെ ശ്രദ്ധ നേടിയ ഫാത്തിമ സന ഷെയ്ഖ് എത്തുന്നത്. രാജ്യഭ്രഷ്ടയാക്കപ്പെട്ട കിരീടാവകാശി. വീരത്വം കൊണ്ട് അതിശയിപ്പിക്കുന്നെങ്കിലും മനസ്സുതൊടുന്നില്ല സഫീറ. പാത്രസൃഷ്ടിയുടെ ഭംഗിയും സൂക്ഷ്മതയും ആഴവും, തോക്കിന്റെയും പീരങ്കിയും ഗര്‍ജ്ജനങ്ങള്‍ക്കും വാളിന്റെ സീല്‍ക്കാരത്തിനും യോദ്ധാക്കളുടെ ആക്രോശങ്ങള്‍ക്കുമിടയില്‍ മുങ്ങിപ്പോകുന്നു. സോ കോള്‍ഡ് ആമിര്‍ ഖാന്‍ ഇഫക്ട് പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവരെ നിരാശപ്പെടുത്തും ഈ ചിത്രം. കാരണം ആമിര്‍ എന്നാല്‍ കഥാപാത്രം മാത്രമല്ല, പ്രേക്ഷകര്‍ക്ക് അയാള്‍ ഒരു സിനിമ തന്നെയാണല്ലോ?   

Content Highlights: Thugs of hindostan movie review Vijay Krishna Acharya aamir khan katrina kaif amitabh bachchan Fatima Sana Shaikh