മാര്‍വല്‍ സ്റ്റുഡിയോസിന്റെ തോര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് 'തോര്‍: റാഗ്‌നറോക്' (Thor: Ragnarok). പരമ്പരയിലെ മുന്‍ ചിത്രങ്ങളായ തോര്‍ (2011), തോര്‍: ദ ഡാര്‍ക്ക് വേള്‍ഡ് (2013) എന്നിവയേക്കാള്‍ ബഹുദൂരം മുന്നിലാണ് റാഗ്‌നറോക്കിന്റെ സ്ഥാനം. ദ ഡാര്‍ക്ക് വേള്‍ഡിന് ശേഷം മാര്‍വലിന്റെ ഇടപെടലുകളില്‍ അതൃപ്തി രേഖപ്പെടുത്തി പിന്മാറിയ സംവിധായകന്‍ അലന്‍ ടെയ്‌ലറിന് പകരമെത്തിയ തയ്ക വൈറ്റിറ്റി തോറിനെ പുതിയൊരു ഉയരത്തില്‍ എത്തിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

ഏറെക്കാലമായി തടവിലായിരുന്ന ശേഷം രക്ഷപ്പെട്ട മരണദേവതയും സഹോദരിയുമായ ഹെലയില്‍ (കേറ്റ് ബ്ലാഞ്ചറ്റ്) നിന്നും തന്റെ രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് തോര്‍ (ക്രിസ് ഹെംസ്വര്‍ത്ത്). എന്നാല്‍, ഹെലയെ തടയാനുള്ള ശ്രമത്തിനിടെ തോര്‍ സകാര്‍ എന്ന ഗ്രഹത്തില്‍ ഗ്രാന്‍ഡ്മാസ്റ്ററുടെ (ജെഫ് ഗോള്‍ഡ്ബ്ലൂം) തടവിലാകുന്നു. പോരാളികള്‍ തമ്മില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ്മാസ്റ്ററുടെ സകാറില്‍ തന്റെ സുഹൃത്തായ ഹള്‍ക്കിനെയാണ് (മാര്‍ക്ക് റഫലോ) തോറിന് നേരിടേണ്ടിവരുന്നത്. തോറിന്റെ സഹോദരന്‍ ലോക്കിയും (ടോം ഹിഡില്‍സ്റ്റണ്‍) ഗ്രാന്‍ഡ്മാസ്റ്ററുടെ അതിഥിയായി ഇവിടെയുണ്ട്. സകാറില്‍ നിന്ന് രക്ഷപ്പെട്ട് തോറിന് തന്റെ രാജ്യമായ അസ്ഗാര്‍ഡിനെ ഹെലയില്‍ നിന്നും അസ്ഗാര്‍ഡിനെ നശിപ്പിക്കുമെന്ന് മുമ്പേ പ്രവചിക്കപ്പെട്ട റാഗ്‌നറോക്കില്‍ നിന്നും രക്ഷിക്കാനാകുമോ എന്നാണ് തോര്‍ പരമ്പരയിലെ മൂന്നാം ചിത്രം അന്വേഷിക്കുന്നത്.

കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനമാണ് ചിത്രത്തെ സമ്പന്നമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. തോര്‍ ആയി ഹെംസ്വര്‍ത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ലോക്കിയായി? ഹിഡില്‍ട്ടണും മോശമാക്കിയില്ല. മാര്‍ക്ക് റുഫാലോയുടെ ഹള്‍ക്ക്, ബ്രൂസ് ബാനര്‍ എന്നീ ദ്വന്ദ കഥാപാത്രങ്ങളുമായുള്ള തോറിന്റെ കോമ്പിനേഷന്‍ രംഗങ്ങള്‍ രസകരമാണ്. തോര്‍ പരമ്പരയിലേക്ക് ആദ്യമായെത്തിയ കേറ്റ് ബ്ലാഞ്ചറ്റിന്റെ ഹെലയെന്ന വില്ലന്‍ കഥാപാത്രവും ടെസ്സ തോംസന്റെ വാല്‍കൈറിയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നത് ഈ രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.

thor

ത്രസിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും അവയോട് ഏച്ചുകെട്ടില്ലാതെ കോര്‍ത്തിണക്കിയ നര്‍മവും കൊണ്ട് വൈറ്റിറ്റി എന്ന സംവിധായകന്‍ ഇവയ്‌ക്കെല്ലാം മുകളില്‍ നില്‍ക്കുന്നു. ബന്ധനസ്ഥനായ നിലയില്‍ സര്‍തര്‍ എന്ന ഭീകരനുമായുള്ള തോറിന്റെ സംഭാഷണം അവതരിപ്പിക്കുന്ന ആദ്യ രംഗം മുതല്‍ അവസാനം വരെ നര്‍മത്തിന്റെ മേമ്പൊടി ചിത്രത്തില്‍ നിലനിര്‍ത്താന്‍ വൈറ്റിറ്റിയ്ക്കായി. എന്നാല്‍, ചില നര്‍മ രംഗങ്ങള്‍ സന്ദര്‍ഭത്തോട് യോജിച്ചു നില്‍ക്കുമ്പോഴും ആവര്‍ത്തിച്ചു പഴകിയതല്ലേ എന്ന തോന്നലും ഉണ്ടാക്കുന്നു. 

ഒരിടത്ത് തങ്ങാതെ ചടുലമായാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇഅവയ്ക്കിടയില്‍ മുങ്ങിപ്പോകാതെ കാര്യകാരണങ്ങളുള്ള ഒരു കഥയും 130 മിനിറ്റുകൊണ്ട് അവതരിപ്പിക്കാന്‍ സംവിധാകനായി. സാങ്കേതികതയുടെ കാര്യത്തില്‍ ചിത്രം എല്ലാ മേഖലയിലും മികവു പുലര്‍ത്തുന്നുണ്ട്. വ്യത്യസ്തത പുലര്‍ത്തുന്ന ആക്ഷന്‍ രംഗങ്ങള്‍ 3ഡി കാഴ്ചയില്‍ പുതിയൊരു അനുഭവമേകും. സംഗീതം ശരാശരിയിലൊതുങ്ങി.

Content Highlights: Thor: Ragnarok, Movie Review, Taika Waititi, Hollywood, Chris Hemsworth, Thor Review, Hulk, Mathrubhumi, Mathrubhumi Movies