മഹേഷിന്റെ പ്രതികാരം എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷപ്രീതി പിടിച്ചുപറ്റിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം വരുന്നു എന്ന് കേട്ടാല്‍ പ്രതീക്ഷകളും ഉയരും. ആ പ്രതീക്ഷകളെയെല്ലാം കാത്തുസൂക്ഷിക്കുന്നതാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന് നിസംശയം പറയാം.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു തൊണ്ടിമുതലിനേയും ദൃക്‌സാക്ഷിയേയും ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ചെറിയ ഒരു ത്രെഡ് എങ്ങനെ മനോഹരവും പരിപൂര്‍ണതയുള്ളതും പിഴവുകളില്ലാതെയും ചിത്രീകരിക്കാം എന്ന് കാട്ടിത്തരുന്നുണ്ട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഒരു പോലീസ് സ്‌റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. ചിത്രത്തിന്റെ റിയലിസ്റ്റിക് സ്വഭാവം ഇവിടെ നിന്നുമാണ് തുടങ്ങുന്നത്. വളച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളാണ് ചിത്രത്തിലുടനീളം. രാജീവ് രവിയുടെ ഫ്രെയിമുകള്‍ സിനിമയുടെ റിയലിസ്റ്റിക് സ്വഭാവത്തിന് മാറ്റുകൂട്ടുന്നുണ്ട്. കണ്ണിലെ പൊയ്കയിലെ എന്ന ഗാനം തന്നെ അതിനുദാഹരണം.
നമ്മുടെ നാട്ടിലെ പോലീസ് വ്യവസ്ഥിതിക്ക് നേരെ പിടിച്ച ഒരു കണ്ണാടിയെന്നൊക്കെ ചിത്രത്തിനെ വിശേഷിപ്പിക്കാം. ഒരു കേസ് തെളിയിക്കാന്‍ പോലീസ് ഏതറ്റം വരെ പോകും എന്ന് പല ചിത്രങ്ങളിലും കണ്ടിട്ടുണ്ട്. പക്ഷേ ആ സാഹചര്യം ഈ കൊച്ചു ചിത്രത്തിലേക്കെത്തിയപ്പോള്‍ അതിന് പോലീസുകാരുടെ നിസ്സഹായതയുടെ ഒരാവരണം കൂടിയുണ്ടായിരുന്നു എന്നത് ശ്രദ്ധിക്കണം. ഏത് വിധേനയും കേസ് തെളിയിക്കണം എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിചാരിക്കുന്നതിന് പിന്നില്‍ അവരുടെ നിസഹായതയും ഉണ്ടെന്ന് പറയാന്‍ ചിത്രം ശ്രമിക്കുന്നുണ്ട്.
താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാല്‍ നായകന്മാരായ സുരാജ്, ഫഹദ് ഫാസില്‍ എന്നിവരുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. പേരറിയാത്തവരിലും ആക്ഷന്‍ ഹീറോ ബിജുവിലും കണ്ട സുരാജിനെയല്ല ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാനാവുക. സുരാജ് എന്ന നടനെ നായകനായി ഒരു വാണിജ്യ സിനിമയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് സംവിധായകന്‍ കാട്ടിത്തരുന്നു. റോള്‍ മോഡല്‍സിലെ മെട്രോ ബോയ് ഇമേജില്‍ നിന്നും പേരില്ലാത്ത നായകനായുള്ള ഫഹദിന്റെ പരിണാമം അമ്പരപ്പിക്കുന്നതാണ്. മഹേഷ് ഭാവനയുടെ നേരിയ ഛവി പോലുമില്ലായിരുന്നു ഈ പേരില്ലാ കഥാപാത്രത്തിന്. അലന്‍സിയര്‍, പുതുമുഖതാരം നിമിഷ, വെട്ടുകിളി പ്രകാശ് എന്നിവരും കയ്യടി അര്‍ഹിക്കുന്നു. പോലീസുകാരുടെ വേഷങ്ങളിലെത്തിയ ഒറിജിനല്‍ പോലീസുകാരുടെ, കാക്കിക്കുള്ളിലെ ആ കലാഹൃദയങ്ങള്‍ക്കുമിരിക്കട്ടെ മനസുനിറഞ്ഞൊരു സല്യൂട്ട്.
തങ്ങള്‍ക്ക് മുന്നില്‍ വരുന്ന കേസുകള്‍ ഏത് രീതിയില്‍ തിരിക്കണമെന്നും അതിലൂടെ സ്വയം എങ്ങനെ തടി രക്ഷപ്പെടുത്താമെന്നും ചിന്തിക്കുന്ന പോലീസുകാരെ ചിത്രം കണക്കറ്റ് കളിയാക്കുന്നുണ്ട്. അത്തരം ചെയ്തികള്‍ക്ക് ഇരകളാക്കപ്പെടുന്നവര്‍ പലപ്പോഴും സാധാരണക്കാരായിരിക്കും എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സത്യസന്ധമായ ഒരു ചിത്രം. അതാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.