ങ്ങനെയും പണമുണ്ടാക്കണമെന്നാഗ്രഹിക്കുന്ന തൊമ്മി, എംകോമിന് പഠിക്കുന്ന ബാലു, സിനിമാ മോഹവുമായി നടക്കുന്ന മമ്മു ഇവരുടെ കഥയാണ് 'തൊബാമ' എന്ന ചിത്രം പറയുന്നത്. നവാഗതനായ മുഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന ചിത്രം സംവിധായകന്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രനാണ് നിര്‍മിച്ചിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ 'പ്രേമ'ത്തിലെ പ്രധാന കഥാപാത്രങ്ങളായ ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ യഥാക്രമം തൊമ്മിയും ബാലുവും മമ്മുവുമായെത്തുന്നത്. 

കഥാപാത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല കഥാപരിസരവും മുഹ്‌സിന്‍ പ്രേമത്തില്‍ നിന്ന് കടംകൊണ്ടിട്ടുണ്ട്. പ്രേമം പോലെതന്നെ ആലുവയിലും പരിസരപ്രദേശങ്ങളും പശ്ചാത്തലമാക്കിയാണ് ചിത്രം കഥപറയുന്നത്. ചിത്രത്തിന്റെ റിയലിസ്റ്റിക് കഥാപരിചരണത്തിലും, മുഹ്‌സിന്‍ തന്റെ ചലച്ചിത്രഗുരുവെന്ന് വിശേഷിപ്പിക്കുന്ന അല്‍ഫോണ്‍സിന്റെ സ്വാധീനം കാണാം. എന്നാല്‍, സാമ്യതകള്‍ക്കപ്പുറം തന്റേതായൊരു വ്യക്തിത്വം സിനിമയ്ക്ക് നല്‍കാന്‍ ചിത്രത്തിന്റെ ശില്‍പികള്‍ക്കായി എന്നയിടത്താണ് തൊബാമ ശ്രദ്ധേയമാകുന്നത്.

പുതുമ അവകാശപ്പെടാനില്ലാത്തൊരു പ്രമേയം തന്നെയാണ് തൊബാമയുടേത്. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഏതാനും ചെറുപ്പക്കാര്‍ തേടുന്ന എളുപ്പവഴികളും അവര്‍ ചെന്നുചാടുന്ന കുരുക്കുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. 2006-07 കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അക്കാലത്തെ ഒട്ടേറെ സവിശേഷതകള്‍ ചിത്രത്തില്‍ സമര്‍ഥമായി ഇഴചേര്‍ത്തിട്ടുണ്ട്. നോക്കിയ ഫോണുകളും അക്കാലത്തെ ബൈക്കുകളും മണി ചെയിന്‍ ബിസിനസുമെല്ലാം ഉദാഹരണങ്ങളാണ്. ഇവ കൂടാതെ അന്നും ഇന്നും പ്രസക്തമായ ലോട്ടറി ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ സിദ്ധന്‍മാര്‍ തുടങ്ങിയ കാര്യങ്ങളും സിനിമയുടെ മുഖ്യ പ്രമേയവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ചിത്രത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതില്‍ അഭിനേതാക്കള്‍ വലിയ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. കൃഷ്ണ ശങ്കറിന്റെ മമ്മുവായുള്ള പ്രകടനം പ്രേക്ഷകരില്‍ ചിരിയും വേദനയുമുണര്‍ത്തും. അല്‍പസ്വല്‍പം കള്ളത്തരങ്ങളുള്ള തൊമ്മിയായി ഷറഫുദ്ദീനും മാന്യനായ സുഹൃത്തായി സിജു വില്‍സണും തങ്ങളുടെ ഭാഗം ഭംഗിയാക്കി. നായികയായ പുണ്യ എലിസബത്തിന് കാര്യമായൊന്നും ചെയ്യാനില്ല. ശബരീഷ്, രാജേഷ് ശര്‍മ, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തുടക്കം മുതല്‍ പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ ഒഴുക്ക്. പ്രേക്ഷകനെ മെല്ലെ ചിത്രത്തിലേക്കെത്തിച്ച് പ്രമേയവുമായി സമരസപ്പെടുത്താന്‍ സംവിധായകനാകുന്നുണ്ട്. ആദ്യപകുതിയില്‍ സ്വാഭാവികമായുണരുന്ന നര്‍മവും ചിത്രത്തിന് മേമ്പൊടിയായി. അല്‍പം കെട്ടുപിണഞ്ഞ കഥ അവതരിപ്പിക്കുന്നതില്‍ ആദ്യപകുതിയില്‍ കാണിച്ച കൈയടക്കം രണ്ടാംപകുതിയില്‍ പൂര്‍ണമായും നിലനിര്‍ത്താന്‍ സംവിധായകനായില്ല. തുടര്‍ച്ചയ്ക്കിടയിലും സൈഡ് ട്രാക്കുകള്‍ മുഖ്യകഥാതന്തുവില്‍ നിന്ന് പ്രേക്ഷകന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ അത്രയേറെ പ്രസക്തിയൊന്നുമില്ലാത്ത പ്രണയം രണ്ടാംപകുതിയെ ദീര്‍ഘിപ്പിക്കുന്നു. സിനിമാറ്റിക് എന്നതിനേക്കാള്‍ റിയലിസ്റ്റിക്കായ ക്ലൈമാക്‌സും ശരാശരി പ്രേക്ഷകര്‍ എത്തരത്തിലെടുക്കുമെന്ന കാര്യത്തിലും സംശയമുണ്ട്.

സ്വാഭാവികമായ ദൃശ്യങ്ങളൊരുക്കുന്നതില്‍ ഛായാഗ്രഹകന്‍ സുനോജ് വേലായുധന്‍ കാണിച്ച സാമര്‍ഥ്യം ശ്രദ്ധേയമാണ്. ചിത്രത്തിന്റെ കളര്‍ ടോണ്‍ തുടക്കത്തില്‍ അല്‍പം അലോസരം സൃഷ്ടിച്ചേക്കാമെങ്കിലും കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്ന അണിയറക്കാരുടെ ലക്ഷ്യം അത് സാക്ഷാത്കരിക്കുന്നുണ്ട്. കലാ സംവിധാനവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സംഗീതം ശരാശരിയിലൊതുങ്ങി.

Content Highlights: Thobama Movie Review Movie Rating New Malayalam Movie AlponsePuthran Muhsin Kasim