ഒറ്റപ്പെടലിന്റെ തിരുത്തിൽ നിന്ന് നഷ്ടപ്പെട്ട സന്തോഷങ്ങളെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന തോമസ് എന്ന യുവാവിന്റെ കഥയാണ് തിരികെ പറയുന്നത്. മലയാള സിനിമ ചരിത്രത്തിലാദ്യമായി ഡൗൺസിൻഡ്രം ബാധിച്ച ഒരു നടൻ കേന്ദ്രകഥാപാത്രമാകുന്നു എന്ന പ്രത്യേകതകൂടി തിരികെയ്ക്കുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോർജ് കോരയും സാം സേവ്യറും ചേർന്ന് സംവിധാനം ചെയ്ത തിരികെ സഹോദരങ്ങളായ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്.

ഇതിൽ അനിയൻ കഥാപാത്രമായ തോമ എന്ന തോമസായി ജോർജെത്തുമ്പോൾ ചേട്ടൻ കഥാപാത്രമായ സെബു എന്ന ഇസ്മുവിനെ അവതരിപ്പിച്ചിരിക്കുന്നത് ഡൗൺസിൻഡ്രം ബാധിതനായ ഗോപികൃഷ്ണനാണ്. അനാഥമാരാക്കപ്പെടുന്ന ഇരുവരുടെയും ബാല്യത്തിൽ നിന്നാണ് തിരികെ പ്രേക്ഷകന്റെ മനസ്സിലേക്ക് പിച്ചവച്ചുതുടങ്ങുന്നത്. ആദ്യ സീനുകളിൽ തന്നെ സഹോദരബന്ധത്തിന്റെ ആഴം പ്രേക്ഷകനിലേക്ക് പകരാൻ സംവിധായകർക്ക് കഴിയുന്നു. അനാഥ മന്ദിരത്തിൽ നിന്ന് സെബുവിനെ മുസ്ലീം ദമ്പതികൾ ദത്തെടുക്കുന്നിടത്താണ് കഥ പുതുവഴിയിലേക്ക് കാലെടുത്തുവെക്കുന്നത്. സെബു പോയതോടെ ഒറ്റയാൾ തുരുത്തിലാകുന്ന തോമ ബാല്യത്തിന്റെ നനുത്ത ഓർമകളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതായി നമുക്ക് കാണാം.

ഗോപീകൃഷ്ണന്റെ അസാധ്യമായ പ്രകടനം തന്നെയാണ് തിരികെയുടെ നട്ടെല്ല്. പുതുമുഖ നടന്റെ പതർച്ച ഒരുസീനിൽപ്പോലും പ്രകടമാക്കാതെ ഗോപീകൃഷ്ണൻ കഥാപാത്രത്തെ കൈപ്പിടിയിലാക്കുന്നു. ഇരുവരുടെയും ബാല്യത്തിൽ തുടങ്ങുന്ന കഥ അതിവേഗം യൗവ്വനത്തിലേക്ക് ഗിയർ മാറ്റുന്നു. കുട്ടിക്കാലത്തെ ഓർമകളിലൂടെ തന്റെ സഹോദരനെ വീണ്ടും തന്നിലേക്ക് അടുപ്പിക്കാൻ തോമ പ്ലാൻ ചെയ്യുന്ന ഒരു യാത്രയും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

സാധാരണ ഭിന്നശേഷി കഥാപാത്രങ്ങൾ കടന്നുവരുന്ന സിനിമകൾ പറയുന്ന കഥയിൽ നിന്നും തീർത്തും വ്യത്യസ്തമായ വഴിയിലേക്ക് സിനിമയെ പറിച്ചുനടാൻ ടീമിനായി. അപ്പോഴും ഡൗൺസിൻഡ്രം ബാധിതരുടെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും പരിചരണരീതിയുമെല്ലാം കൃത്യമായി ഇടങ്ങളിൽ പറയാനും തിരികെ ശ്രമിക്കുന്നുണ്ട്. ഇസ്മുവായി സന്തോഷവും പ്രണയവും കോമഡിയും സെന്റിമെൻസുമെല്ലാം അനായാസം ഗോപീകൃഷ്ണൻ അഭിനയിച്ചുഫലിപ്പിക്കുന്നുണ്ട്.

സാധാരണ ഇത്തരം കഥാപാത്രങ്ങളെ സിനിമയിലേക്ക് കൊണ്ടുവരുമ്പോൾ പ്രേക്ഷകനിൽ സഹതാപം നിറയ്ക്കാൻ അണിയറക്കാർ ശ്രമിക്കാറുണ്ട്. എന്നാൽ അത്തരം മുൻവിധികളില്ലാതെ ഇസ്മു എന്ന കഥാപാത്രമായി ഗോപീകൃഷ്ണന് അഭിനയം ആഘോഷമാക്കാനുള്ള അവസരം തിരികെയിൽ തുറന്നിടുന്നുണ്ട്. അത് പ്രേക്ഷകനിലുണ്ടാകുന്ന സന്തോഷവും ചെറുതല്ല. നിസ്സഹായനായ തോമയായ ജോർജ് കോരയും മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇസ്മുവിന്റെ ഉമ്മ കഥാപാത്രമായി ശാന്തികൃഷ്ണ, ഉപ്പയായ ഗോപൻ മങ്ങാട്ട്, അമ്മച്ചി കഥാപാത്രമായി സരസ്സ ബാലുശ്ശേരി എന്നിവരും നല്ല പ്രകടനങ്ങൾ കൊണ്ട് സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

പശ്ചാത്തലസംഗീതവും ഛായഗ്രഹണവും കളർടേണുമെല്ലാം തിരികെ ഒരു ഫീൽഗുഡ് അനുഭവമാക്കി മാറ്റുന്നതിൽ നിർണായകമാവുന്നു. അങ്കിത് മേനോന്റെ സംഗീതത്തിൽ പിറന്ന പാട്ടുകൾ കഥാവഴിയോട് ചേർന്നുനിൽക്കുന്നു. സിനിമ പൂർണമാകുമ്പോൾ നല്ല സിനിമയെ ഇഷ്ടപ്പെടുന്ന് ഓരോ പ്രേക്ഷകനും തീർച്ചയായും കാണേണ്ടതും പിന്തുണ അറിയിക്കേണ്ടതുമായി സിനിമയായി തിരികെ മാറുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമായ നീ സ്ട്രീമിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.

Content Highlights :Thirike Movie Review George Kora Gopikrishnan Down Syndrome