കുങ് ഫു പലതരമുണ്ട്. അതിലൊന്നാണ് വിങ് ചുന്‍ ക്വാന്‍. കുങ് ഫുവില്‍ ഏറ്റവും ശക്തവും നേരിട്ടുള്ളതുമായ ശൈലി എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്. 1700 കളുടെ തുടക്കത്തില്‍ ഷാവൊലിന്‍ ക്ഷേത്രത്തില്‍ ഉദ്ഭവിച്ച ഈ ആയോധന കലാരൂപത്തെ ജനപ്രിയമാക്കിയത് ബ്രൂസ് ലീയുടെ ഗുരു കൂടിയായ ഇപ് മാനാണ്. ലാളിത്യമാണ് വിങ് ചുന്‍ ക്വാന്റെ ഏറ്റവും വലിയ പ്രത്യേകത. ആയോധനകലയിലെ ആ ലാളിത്യത്തെ മുന്‍നിര്‍ത്തിയാണ് എബ്രിഡ് ഷൈന്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ കുങ് ഫു മാസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു പ്രതികാരകഥയാണ് കുങ് ഫു മാസ്റ്റര്‍. പക്ഷേ അതിനപ്പുറം മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഇതുവരെ കണ്ടുപരിചയമില്ലാത്ത ഫിസ്റ്റ് ഫൈറ്റ് എന്ന ഭാവമാണ് കുങ് ഫു മാസ്റ്ററിന്. ആയോധനകലയില്‍ പ്രാവീണ്യമുള്ളവര്‍ അംഗങ്ങളായുള്ള ക്വട്ടേഷന്‍ ഗ്യാങ്ങിനേയും അവരുടെ ക്രൂരതയ്ക്ക് ഇരയാവുന്ന കുടുംബത്തേയും ചുറ്റിപ്പറ്റിയാണ് 'കുങ് ഫു മാസ്റ്ററി'ന്റെ സഞ്ചാരം. ഡെഹ്‌റാഡൂണിലേയും മസൂറിയിലേയും കാഴ്ചകളും കുടുംബബന്ധങ്ങളുടെ തീവ്രതയുമായി മുന്നോട്ടുപോകുന്ന ചിത്രം ആദ്യ പകുതി തീരുന്നതിന് മുന്നേ തന്നെ വരാനിരിക്കുന്നത് ചോരക്കളിയാണെന്ന സൂചന നല്‍കുന്നുണ്ട്. 

വിങ് ചുന്‍ ക്വാന്‍ മാസ്റ്ററായ റിഷിയായെത്തിയ ജിജി സ്‌കറിയയും ഋതുവായെത്തിയ നീത പിള്ളയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വില്ലന്‍ വേഷത്തിലെത്തിയ സനൂപിന്റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. സൈക്കോ എന്ന് തോന്നിക്കുന്ന തരത്തിലുള്ള വേഷത്തില്‍ ഭയപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ലൂയിസ് ആന്റണി എന്ന കഥാപാത്രത്തിനാവുന്നുണ്ട്. സൂരജ് എസ് കുറുപ്പുമുണ്ട് താരനിരയില്‍. നീത പിള്ളയും സൂരജും ഒഴിച്ചുള്ള മറ്റുതാരങ്ങളെല്ലാം പുതുമുഖങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. 

ശ്വാസം പിടിച്ചിരുത്തുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ സംഘട്ടനരംഗങ്ങളാണ് സിനിമയുടെ നട്ടെല്ല്. ഇത്തരത്തിലുള്ള സംഘട്ടനരംഗങ്ങള്‍ സമീപകാലത്തൊന്നും മലയാളസിനിമയില്‍ വന്നിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും. മൂന്ന് പ്രധാനതാരങ്ങളും ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ മെയ്‌വഴക്കം തന്നെയാണ് പ്രകടിപ്പിച്ചത്. തണുത്തുറഞ്ഞ മഞ്ഞില്‍, ഹൈ ആള്‍റ്റിറ്റിയൂഡില്‍ ഇതുപോലുള്ള സംഘട്ടനരംഗങ്ങളൊരുക്കിയ സംവിധായകന്‍ എബ്രിഡ് ഷൈനിനും സംഘത്തിനും നിറഞ്ഞ കയ്യടി തന്നെ നല്‍കണം. 

മഞ്ഞുമൂടിയ ഹിമാലയത്തിന്റെ കാഴ്ചകള്‍ പൂര്‍ണതയില്‍ എത്തിക്കാനും ഓരോ ഫ്രെയിമിനും പരുക്കന്‍ ഭാവം നല്‍കാനും ഛായാഗ്രാഹകന്‍ അര്‍ജുന്‍ രവിക്കായിട്ടുണ്ട്. ഇഷാന്‍ ഛബ്ര ഒരുക്കിയ ഗാനങ്ങളേക്കാള്‍ ഒരുപടി മുകളില്‍ നിന്നത് പശ്ചാത്തലസംഗീതമായിരുന്നു. 1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം... വ്യത്യസ്തമായ ഈ മൂന്ന് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനില്‍ നിന്നും മറ്റൊരു വ്യത്യസ്തമായ ചിത്രം. അതാണ് ദ കുങ് ഫു മാസ്റ്റര്‍.

Content Highlights: The Kung Fu Master Review, Abrid Shine, Malayalam Fist Fight Movie, Neeta Pillai