വിഗ്രഹം മോഷ്ടിച്ചതിന് നാട്ടുകാര്‍ തല്ലിക്കൊന്ന കള്ളന്‍ പവിത്രന്‍ പരലോകത്ത് എത്തുമ്പോള്‍ ദൈവം കട്ടക്കലിപ്പിലായിരുന്നു. കള്ളനെ കണ്ട് കലിതുള്ളിയ ദൈവം പവിത്രന്റെ പിന്‍തലമുറയ്ക്ക് ഒരൊന്നാന്തരം ശാപമങ്ങ് വെച്ചുകാച്ചി. എന്നാല്‍, പിന്നീട് ദൈവത്തിന് പവിത്രന് കൊടുത്ത ശാപം കൂടിപ്പോയെന്ന വീണ്ടുവിചാരമുണ്ടായി. മാനസാന്തരപ്പെട്ട ദൈവത്തിന് പവിത്രനോട് ചെറുതല്ലാത്ത സോഫ്റ്റ് കോര്‍ണറുമായി.

ശാപമോക്ഷം കിട്ടാനുള്ള പവിത്രന്റെ വെറുപ്പിക്കലും കൂടിയായപ്പോള്‍ ദൈവം, പവിത്രന്റെ പിന്‍തലമുറ ഒരു തെറ്റു തിരുത്തിയാല്‍ ശാപമോക്ഷം നല്‍കാമെന്ന് ഉറപ്പുനല്‍കി. പിന്നീട് ചിത്രം നേരെ ഭൂമിയിലേക്ക് ലാന്‍ഡ് ചെയ്യുകയാണ്. പവിത്രന്റെ മൂന്നാംതലമുറയുടെ ഭൂമിയില്‍ നടക്കുന്ന കഥയാണ് 'തരംഗം' പറയുന്നത്.

ട്രാഫിക്ക് പോലീസുകാരായ പപ്പന്റെയും (ടോവിനോ തോമസ്) ജോയുടെയും (ബാലു വര്‍ഗീസ്) പപ്പന്റെ ഗേള്‍ഫ്രണ്ട് മാലുവിന്റെയും (ശാന്തി ബാലകൃഷ്ണന്‍) ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വിഗ്രഹമോഷ്ടാക്കളെ പിടികൂടുന്നതിനുള്ള അനൗദ്യോഗിക ഓപ്പറേഷനിടെ മേലുദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നതോടെ പപ്പനും ജോയിയും സസ്‌പെന്‍ഷനിലാകുന്നു.

ഇതോടെ ആക്‌സിഡന്റ് കേസില്‍ പെട്ട മകനെ കേസില്‍ നിന്ന് ഊരാമെന്ന് വാഗ്ദാനം നല്‍കി പപ്പന്‍ കൈക്കൂലിയായി വാങ്ങിയ അഞ്ചു ലക്ഷം രൂപ തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇട്ടിമാണി (അലന്‍സിയര്‍) എന്ന പണക്കാരന്‍ രംഗപ്രവേശം ചെയ്യുന്നു. പണം കണ്ടെത്താന്‍ പപ്പനും ജോയിയും നടത്തുന്ന ശ്രമങ്ങള്‍ ഇവരെ പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണ്. ഇതില്‍ മാലുവും ഭാഗമാകുന്നതോടെ ചിത്രം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങുന്നു.

കഥാപാത്രങ്ങളുടെ പ്രത്യേക സ്വഭാവ സവിശേഷതകള്‍ കൊണ്ടും അവരുടെ രസകരമായ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും കൊണ്ടും സമ്പന്നമാണ് തരംഗം. അതിസങ്കീര്‍ണതകള്‍ പ്രേക്ഷകരില്‍ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ കൊണ്ടും ചെറിയ സര്‍പ്രൈസുകള്‍ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ചിത്രത്തിനാകുന്നുണ്ട്. എന്നാല്‍, ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ വേഗം കുറഞ്ഞുപോകുന്നത് പോരായ്മയായി. അതുവരെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രേക്ഷകന്റെ പ്രതീക്ഷകളെ കവച്ചുവെയ്ക്കാന്‍ ചിത്രത്തിന്റെ അന്ത്യരംഗങ്ങള്‍ക്ക് സാധിക്കാതെ പോയി. ക്ലൈമാക്‌സില്‍ എത്തുന്ന കാമിയോ അപ്പിയറന്‍സും പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല.

പപ്പനായെത്തുന്ന ടോവിനോ നടനെന്ന നിലയില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ മുന്‍നിര യുവതാരങ്ങളിലേക്ക് ഒരാള്‍ കൂടിയാവും ടൊവിനോയെന്ന കാര്യത്തില്‍ സംശയമില്ല. ജോയിയായി ബാലു വര്‍ഗീസ് മികച്ചുനിന്നു. പുതുമുഖ നായിക ശാന്തി ബാലകൃഷ്ണനും മോശമായില്ല. എന്നാല്‍, എടുത്തുപറയേണ്ട പ്രകടനം നേഹ അയ്യരുടേതാണ്. പ്രധാന പ്രതിനായക കഥാപാത്രമായി നേഹ ചിത്രത്തില്‍ നിറഞ്ഞുനിന്നു. നിശബ്ദ സാന്നിധ്യമായ ജോയിയുടെ അപ്പാപ്പനും ശ്രദ്ധേയമായി. സൈജു കുറുപ്പ്, വിജയരാഘവന്‍, അലന്‍സിയര്‍, ഷമ്മി തിലകന്‍, ദിലീഷ് പോത്തന്‍, അച്യുതാനന്ദന്‍ തുടങ്ങിയവരും ചിത്രത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

തന്റെ മുന്‍തലമുറ സംവിധായകരാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ചിത്രത്തിലെ സാദൃശ്യങ്ങള്‍ യാദൃച്ഛികമല്ലെന്നുമുള്ള മുന്‍കൂര്‍ ജാമ്യത്തോടെയാണ് സംവിധായകന്‍ അരുണ്‍ ഡൊമിനിക് ചിത്രമാരംഭിക്കുന്നത്. അതുകൊണ്ടുതന്നെ, പ്രേക്ഷകരില്‍ മൊത്തം കണ്‍ഫ്യൂഷന്‍ നിറച്ച് ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന തരംഗത്തിന് ചില പ്രിയദര്‍ശന്‍ സിനിമകളോട് സാമ്യം തോന്നിയാല്‍ സംവിധായകനെയോ പ്രേക്ഷകരെയോ കുറ്റം പറയേണ്ടതില്ല. എന്നാല്‍, ആദ്യ സംരംഭത്തില്‍ തന്നെ തന്റേതായ മുദ്ര പതിപ്പിക്കാന്‍ അരുണിനായിട്ടുണ്ട്. 

മലയാള സിനിമയുടെ പതിവു രീതികളില്‍ നിന്ന് വഴിമാറി സഞ്ചരിക്കാന്‍ അരുണ്‍ കാണിച്ച ധൈര്യം അഭിനന്ദനീയമാണ്. പലദിശകളില്‍ നിന്നുമെത്തുന്ന സംഭവങ്ങള്‍ കൂട്ടിക്കെട്ടുന്ന സങ്കീര്‍ണമായ കഥ മികച്ച രീതിയില്‍ തിരശ്ശീലയില്‍ എത്തിക്കാന്‍ അരുണിന് സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അരുണിന്റെ സഹതിരക്കഥാകൃത്ത് അനില്‍ നാരായണനും പ്രശംസയര്‍ഹിക്കുന്നു. ഛായാഗ്രഹണം (ദീപക് ഡി. മേനോന്‍), എഡിറ്റിങ് (ശ്രീനാഥ് എസ്), മ്യൂസിക് (അശ്വിന്‍ രഞ്ജു) എന്നിവയും കഥപറച്ചിലില്‍ സംവിധായകന് തുണയായി.

വാല്‍ക്കഷ്ണം: പതിവുരീതികളില്‍ നിന്ന് അല്‍പം വ്യത്യസ്തമായ പരീക്ഷണത്തെ തുറന്ന മനസ്സോടെ കാണാന്‍ തയാറെങ്കില്‍ തിയേറ്ററില്‍ പോയി ആസ്വദിക്കാവുന്ന ചിത്രമാണ് തരംഗം. റേറ്റിങ്: 3.2/5.