പൊരിവെയിലത്ത് നിന്ന് കയറിവരുമ്പോള്‍ നല്ല മധുരമൂറുന്ന തണുത്ത തണ്ണിമത്തന്‍ ജ്യൂസ് കുടിച്ചാല്‍ കിട്ടുന്ന സുഖം. അതാണ് നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം സമ്മാനിക്കുന്നത്. മലയാള സിനിമയില്‍ ഈയടുത്തായി പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം വിഷയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും കാണാത്ത റിയലിസ്റ്റിക്ക് അവതരണമാണ് ഈ കൊച്ചു ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. വിനീത് ശ്രീനിവാസന്‍, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു, ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായി മാറിയ അനശ്വര എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി ആദ്യാവസാനം ചിത്രത്തിലുള്ളത്.
ജെയ്‌സണ്‍ എന്ന പ്ലസ് വണ്‍കാരൻ പയ്യന്റെ ജീവിത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളും അതിന്റെ പരിണാമവുമാണ് ചിത്രത്തിന്റെ കാതല്‍. സ്‌കൂളില്‍ പുതിയതായി പഠിപ്പിക്കാന്‍ വന്ന മലയാളം അധ്യാപകന്‍ രവി പദ്മനാഭനാണ് അവന്റെ ആദ്യത്തെ പ്രശ്‌നം. ക്ലാസില്‍ ഒപ്പം പഠിക്കുന്ന കീര്‍ത്തി എന്ന പെണ്‍കുട്ടിയോട് ജെയ്‌സണ് തോന്നുന്ന പ്രണയമാണ് രണ്ടാമത്തേത്. ജൂനിയര്‍ ക്ലാസിലെ പയ്യനുമായി നിലനില്‍ക്കുന്ന വൈര്യമാണ് മൂന്നാമത്തേത്... ജെയ്‌സന്റെ ഈ മൂന്ന് പ്രശ്‌നങ്ങള്‍ക്കും എങ്ങനെയാണ് പരിഹാരം ഉണ്ടാകുന്നതെന്ന് വളരെ മനോഹരമായി തന്നെ ചിത്രം പറഞ്ഞിരിക്കുന്നു.
കുമ്പളങ്ങിയിലെ ഫ്രാങ്കിയായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന മാത്യു ആണ് ചിത്രത്തില്‍ ജെയ്സനായെത്തുന്നത്. അനശ്വരയാണ് കീര്‍ത്തിയെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള കൗമാരപ്രണയം ഒട്ടും തന്നെ അസ്വാഭാവികതയോ മുഷിച്ചിലോ തോന്നാതെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസനാണ് രവി പദ്മനാഭനായെത്തുന്നത്. മുന്‍പ് എവിടെയും കണ്ടിട്ടില്ലാത്ത ഒരു അധ്യാപകന്റെ മാനറിസങ്ങളോടെ എത്തിയ രവിയെ ചിത്രത്തിലെ ട്രെയ്‌ലറും മറ്റുമെല്ലാം കണ്ട് 'സൈക്കോ' എന്നാണ് പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ രവി 'സൈക്കോ' ആണോ അതോ വേറെ വല്ലതും ആണോ എന്ന് ചിത്രം കണ്ടു തന്നെ അറിയണം. എന്തായാലും വിനീത് ശ്രീനിവാസന്റെ വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാകും രവി പദ്മനാഭന്‍.
ജെയ്‌സന്റെ സുഹൃത്തുക്കളായെത്തിയത് കുറേ പുതുമുഖങ്ങളാണ്. ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ ഓരോരുത്തരും ജെയ്‌സന്റെ അമ്മയും ചേട്ടനും എന്ന് തുടങ്ങി ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്.
ദൈന്യംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന സംഭാഷണങ്ങളും നര്‍മ്മങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ്-സുഹൈല്‍ കോയ ടീം ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ജോമോന്‍.ടി.ജോണ്‍, വിനോദ് ഇല്ലംപിള്ളി എന്നിവരുടെ ക്യാമറ ചിത്രത്തിലെ പ്രധാന ഘടകമാണ്. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights : Thanneer Mathan Dinangal Movie Review Starring Vineeth Sreenivasan Mathew Anaswara Rajan