'കറുത്ത് കരിക്കട്ട പോലിരിക്കുന്നു', 'ആനയെ പോലെ ഉരുണ്ടു വരുന്നുണ്ട്', 'തല കാണാന്‍ വെള്ളിക്കിണ്ണം പോലുണ്ടല്ലോ.'.തമാശയെന്ന പേരില്‍ മറ്റുള്ളവര്‍ക്ക് നേരെ നമ്മള്‍ ചൊരിയുന്ന ഇത്തരം കളിയാക്കലുകല്‍ ബോഡി ഷെയ്മിങ് എന്ന ക്രൂരതയാണെന്ന് എത്ര പേര്‍ അറിയുന്നുണ്ട്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ അത് കേള്‍ക്കുന്ന വ്യക്തിക്ക് ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം എത്ര പേര്‍ മനസ്സിലാക്കുന്നുണ്ട്. ഒരു വ്യക്തിയെ തകര്‍ത്തു കളയാന്‍ തക്ക ശക്തിയുള്ള വില്ലനാണ് ബോഡി ഷെയ്മിങ്ങെന്നും തമാശ എന്ന പേരില്‍ അത് പ്രയോഗിക്കുന്നവരെ അവ തമാശയല്ലെന്നും ഓര്‍മപ്പെടുത്തുകയാണ് നവാഗതനായ അഷ്റഫ് ഹംസ ഒരുക്കിയിരിക്കുന്ന 'തമാശ' എന്ന ചിത്രം.  

നല്ലൊരു ജോലി ഉണ്ടായിട്ട് പോലും മുപ്പത് വയസായിട്ടും കഷണ്ടിയായതിന്റെ പേരില്‍ വിവാഹം നടക്കാത്ത, തന്റെ രൂപത്തില്‍ അപകര്‍ഷതാബോധം കൊണ്ട് നടക്കുന്ന ശ്രീനിവാസന്‍ എന്ന കോളേജ് അധ്യാപകനും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് സ്ത്രീകളുമാണ് 'തമാശ'യിലെ കേന്ദ്ര കഥാപാത്രങ്ങള്‍.  ഈ ഒരു രൂപം കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ താനൊരു കോമാളിയായി മാറുന്നുവെന്ന ചിന്തയും പെണ്ണ് കാണുന്ന പെണ്‍കുട്ടികള്‍ എല്ലാവരും തന്നെ കാണുമ്പോള്‍ മുഖം ചുളിക്കുന്നതും ശ്രീനിവാസനെ അസ്വസ്ഥനാക്കുന്നു.

തന്റെ കഷണ്ടി ഒരു പോരായ്മയല്ല എന്ന് പല തവണ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട് ശ്രീനിവാസൻ. സഹപ്രവര്‍ത്തകയോട് തോന്നുന്ന പ്രണയം മുളയിലേ തന്നെ വേരോടെ അറുത്തുമാറ്റപ്പെടുന്നതും ഇതേ അപകര്‍ഷതാബോധം കൊണ്ട് തന്നെ.

ഇത്രയേറെ കളിയാക്കലുകള്‍ നേരിട്ടിട്ടും ഒടുക്കം കാണാന്‍ ചെന്ന പെണ്‍കുട്ടിക്ക് തടി കൂടിയത് ശ്രീനിവാസനെ ചെറുതായി അലട്ടുന്നത് ആദ്യം മുതല്‍ക്കേ മലയാളികള്‍ പിന്തുര്‍ന്നു വരുന്ന സൗന്ദര്യ സങ്കല്പങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍ ശ്രീനിവാസനേക്കാള്‍ ബോള്‍ഡാണ് അയാള്‍ പെണ്ണ് കാണാന്‍ ചെന്ന ചിന്നു എന്ന കഥാപാത്രം.

തടി കൂടുതലായതിന്റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുമ്പോഴും തടി കുറയ്ക്കാന്‍ തന്നെ ഉപദേശിക്കുന്നവരോട് തനിക്ക് വെള്ളരി നീരല്ല ഫലൂദയാണ് ഇഷ്ടമെന്ന് പറയാന്‍ ചിന്നുവിന് കഴിയുന്നുണ്ട്. എങ്കില്‍ പോലും അവൾ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, ഒരുവന്റെ പോരായ്മകളെ പരിഹാസങ്ങളിലൂടെ ഓര്‍മപ്പെടുത്തുന്ന സമൂഹത്തിന് ഒരു തിരിച്ചറിവാണ്. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും തുടരുന്ന ഇത്തരത്തിലുള്ള വിനോദങ്ങള്‍ എത്രമാത്രം ക്രൂരമാണെന്ന് ചിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു.

പൊന്നാനിക്കാരനായ കോളേജ് അധ്യാപകന്‍ ശ്രീനിവാസനായി വിനയ് ഫോര്‍ട്ട് അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. ശ്രീനിവാസന്റെ സഹപ്രവര്‍ത്തക ബബിത ടീച്ചറായി ദിവ്യ പ്രഭയും സഫിയ എന്ന കഥാപാത്രമായി ഗ്രേസ് ആന്റണിയും മികച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും പ്രേക്ഷകരുടെ മനസും കയ്യടിയും നേടിയത് ചിത്രത്തിലെ ചിന്നുവായെത്തിയ ചിന്നു ചാന്ദിനി നായരാണ്. അതുപോലെ എടുത്തു പറയേണ്ട പ്രകടനമാണ്  ശ്രീനിവാസന്റെ സുഹൃത്ത് റഹീമായി എത്തിയ നവാസ് വള്ളിക്കുന്നിന്റെ പ്രകടനം.

ഭാരതപ്പുഴയുടെയും പൊന്നാനിയുടെയും മുഴുവന്‍ സൗന്ദര്യവും സമീര്‍ താഹിറിന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ഷഹബാസ് അമനും റെക്‌സ് വിജയനും നല്‍കിയിരിക്കുന്ന സംഗീതം അതിന്  മാറ്റേകുന്നു. ഇന്നത്തെ മലയാള സിനിമയ്ക്ക് മുതല്‍കൂട്ടായ നാലു പേരുകാരാണ് സിനിമയുടെ അമരത്ത്. ഹാപ്പി അവേഴ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ലിജോ ജോസ് പല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ്, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റ നിര്‍മാണം .

രൂപത്തിന്റെ പേരിലോ നിറത്തിന്റെ പേരിലോ ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കിൽ  അവിടെയാണ് 'തമാശ' നിങ്ങൾ ഓരോരുത്തരുടെയും കഥയായി മാറുന്നത്. 

Content Highlights : Thamaasha Malayalam Movie Review Vinay Forrt Divyaprabha Grace Antony Sameer Tahir