ശയങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം വ്യക്തികള്‍ക്കും വലിയ പ്രസക്തിയുള്ള ഇടമാണ് തമിഴ്നാട് രാഷ്ട്രീയം. പെരിയാര്‍, കാമരാജ്, അണ്ണാ, കരുണാനിധി, ജയലളിത, സ്റ്റാലിന്‍ എന്നിങ്ങനെ ആ നിര നീളും. ഓരോരുത്തര്‍ക്കും പറയാനുള്ളത് വലിയ കഥ. ഇതില്‍ ഓരോരുത്തരുടേയും ജീവിതം ബിഗ്സ്‌ക്രീനിലേയ്ക്ക് വരച്ചിടുക എന്നത് ശ്രമകരം തന്നെ. തമിഴ്നാട്ടിലെ ജനങ്ങളുടെ വൈകാരിക പരിസരത്ത് കൂടി ജീവിക്കുന്ന ഈ മനുഷ്യരെ അവര്‍ എപ്പോഴും കൊണ്ടാടിക്കൊണ്ടേയിരിക്കുന്നു.

പക്ഷേ, മരണത്തിന് ശേഷം ആദ്യമായി ജയലളിതയെക്കുറിച്ച് ഒരു സിനിമ പുറത്തു വരുമ്പോള്‍ എവിടെയും ആ വൈകാരികത കാണാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത. റിലീസ് ദിനം റിപ്പോര്‍ട്ട് ചെയ്യാനായി ചെന്നൈയിലെ പ്രധാന തിയേറ്ററുകള്‍ക്ക് മുന്നിലെല്ലാം പോയീരുന്നു. ഒരിടത്തും ആഘോഷമോ ആഹ്ലാദമോ കണ്ടില്ല. പ്രധാന തിയേറ്ററുകളിലൊന്നായ രോഹിണിയില്‍ ആദ്യ ഷോയ്ക്ക് 20 പേരായിരുന്നു ഉള്ളത്. ഷോ കഴിഞ്ഞ് വന്നവര്‍ തരക്കേടില്ലാത്ത അഭിപ്രായം പറഞ്ഞു. അത് കഴിഞ്ഞ് വടപളനി കമല തിയേറ്ററിലെത്തി പടം കാണുമ്പോള്‍ തലൈവിയെ കാണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ എണ്ണത്തില്‍ വലിയ വര്‍ധനവൊന്നുമില്ല. 90 കോടി രൂപ ചിലവില്‍ ബഹുഭാഷാ ചിത്രമായി തിയേറ്ററുകള്‍ തൊട്ട 'തലൈവി'യെ ജയലളിതയെന്ന വൈകാരിക പരിസരത്ത് നിന്ന് മഹാ ഭൂരിപക്ഷവും സ്വീകരിച്ചില്ല എന്നു തന്നെ.

ഒറ്റവാക്കില്‍ 'അപൂര്‍ണം' എന്ന് വിശേഷിപ്പിക്കാം തലൈവിയെ. ജയലളിത സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം മുതല്‍ ആദ്യമായി മുഖ്യമന്ത്രിക്കസേരയില്‍ ഇരിയ്ക്കുന്നതുവരെയുള്ള കഥകളിലൂടെയുള്ള സഞ്ചാരമാണ് സിനിമ. മുഖ്യമന്ത്രിയായ ശേഷമാണല്ലൊ പല സിനിമകള്‍ക്കുള്ള കഥ കിടക്കുന്നത്. അവയിലൊക്കെയും മഹത്വവത്ക്കരിക്കപ്പെടാനുള്ളത് മാത്രമല്ല എന്നത് കൊണ്ടുകൂടിയാകും അവിടേയ്ക്ക് കഥ കടക്കാതിരുന്നത്.

ആദ്യ പകുതിയിലെ സ്റ്റാര്‍ തലൈവിയല്ല, ജനങ്ങള്‍ പുരട്ചി തലൈവര്‍ എന്ന് വിളിച്ചിരുന്ന എം.ജി.ആര്‍. ആണ്. അരവിന്ദ് സാമി അതി ഗംഭീരമായി എംജിആറായി അഭിനയിച്ചു. എം.ജി.ആറിന്റെ നിഴലില്‍ മാത്രമൊതുങ്ങി കങ്കണയുടെ തലൈവി. എം.ജി.ആറും ജയലളിതയും തമ്മിലുള്ള ബന്ധത്തോട് നീതി പുലര്‍ത്തും വിധം സിനിമയെ ഒരുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതിനും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. എം.ജി.ആറിന്റേയും ജയലളിതയുടേയും പാര്‍ട്ടിയായ അണ്ണാ ഡി.എം.കെ.യാണ് ആക്ഷേപം ഉന്നയിച്ചത്.

എം.ജി.ആര്‍. ഡി.എം.കെ. വിടുന്നതായി കാണിക്കുന്ന രംഗത്തില്‍ മന്ത്രിസ്ഥാനത്തിന് അദ്ദേഹം ആഗ്രഹിക്കുന്നതായി രേഖപ്പെടുത്തുന്നു. എന്നാല്‍ ഒരിക്കലും മന്ത്രിസ്ഥാന മോഹിയായിരുന്നില്ല എം.ജി.ആര്‍. എന്ന് മുന്‍മന്ത്രിയും അണ്ണാ ഡി.എം.കെ. ഉന്നതാധികാര സമിതി അംഗവുമായ ഡി.ജയകുമാര്‍ സിനിമകണ്ട് പുറത്തിറങ്ങിയ ഉടനെ പറഞ്ഞു. ജയലളിതയെ എം.ജി.ആര്‍. അവഗണിച്ചതായി ഒരിടത്ത് ചിത്രീകരിച്ചതും ഒഴിവാക്കേണ്ടതായിരുന്നു എന്ന് ജയകുമാര്‍ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യം അതല്ല എന്നാണ് ചൂണ്ടിക്കാട്ടല്‍. ഈ രണ്ട് രംഗങ്ങളും വെട്ടിമാറ്റൂ എന്ന് ജയകുമാര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു.

ജയലളിതയെ അടയാളപ്പെടുത്തുന്നതില്‍ കങ്കണയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയേണ്ടി വരും. തമിഴ്നാട്ടിലെ മഹാ ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ജനങ്ങളും തമിഴിനെ വലിയ തോതില്‍ സ്നേഹിച്ചും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചും ജീവിക്കുന്നവരാണ്. സിനിമയില്‍ നോക്കു, ജയലളിതയുടെ സംഭാഷണം പോലും ഏറിയ പങ്കും തമിഴിലായി ഫീല് ചെയ്യുന്നില്ല. കങ്കണ ഒരു മുഴു സീനില്‍ പോലും തമിഴ് പറയുന്നില്ല. ഹിന്ദിയിലോ മറ്റോ പറഞ്ഞതിന് ശേഷം ഡബ്ബ് ചെയ്തതായി ഫീല് ചെയ്യുന്നു. പൊതുവേ മറ്റ് ഭാഷകളില്‍ നിന്നുള്ള ആളുകള്‍ അഭിനയിക്കാനെത്തുമ്പോള്‍ അങ്ങനെയുമാണ് ചെയ്യാറ്. എന്നാല്‍ ഒരു ദ്രാവിഡ നേതാവിന്റെ ജീവിത കഥയാകുമ്പോള്‍ അക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തേണ്ടതായിരുന്നു. വലിയ കാര്യങ്ങളേക്കാള്‍, ചെറിയ കാര്യങ്ങള്‍ ചിലപ്പോള്‍ നമ്മെ സ്വാധീനിക്കും. ജീവിതത്തിലെ ഏറ്റവും മികച്ച റോള്‍ എന്ന കങ്കണയുടെ അവകാശവാദത്തെ വിമര്‍ശിക്കാനില്ല. പക്ഷേ, അത് അപൂര്‍ണമായി വിലയിരുത്തപ്പെടുന്നുവെന്ന് മാത്രം.

പുസ്‌കതങ്ങളോടും സാരികളോടും മറ്റ് ചില വിലപിടിപ്പുള്ള വസ്തുക്കളോടും വലിയ താല്‍പര്യം കാണിച്ച, വേനല്‍ക്കാലത്ത് കോടനാട്ടിലേക്ക് യാത്ര ചെയ്ത് ഭരണം അവിടെ നിന്ന് നടത്തിയ, വലിയ അഴിമതി ആരോപണങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ, കരുണാനിധിയുടെ ഭരണകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട, കരുണാനിധിയെ അര്‍ത്ഥരാത്രി വീട്ടില്‍ നിന്നിറക്കി അറസ്റ്റ് ചെയ്യിച്ച, കേന്ദ്ര ഭരണം ആര് നടത്തണം എന്ന് ദ്രാവിഡ നേതാക്കള്‍ നിശ്ചയിച്ച, വീണ്ടും വിജയിച്ച, വീണ്ടും തോറ്റ, ജയിലില്‍ കിടന്ന, ശശികലയെ പുറത്താക്കുകയും തിരിച്ചെടുക്കുകയും ചെയ്ത, ഒടുവില്‍ രണ്ട് തവണ തുടര്‍ച്ചയായി തമിഴകം പിടിച്ച, ''അന്ത മോദിയാ? ഇന്ത ലേഡിയാ?'' എന്ന് തമിഴരോട് ഉറക്കെച്ചോദിച്ച തലൈവിയെ നിങ്ങള്‍ക്ക് കങ്കണയുടെ തലൈവിയില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ സിനിമയില്‍ ഒന്നുമില്ല എന്നല്ല. ജയയും എംജിആറും തമ്മിലുള്ള ഊഷ്മള ബന്ധത്തേയും രാഷ്ട്രീയ നേതാവെന്ന നിലയില്‍ ജയയുടെ വളര്‍ച്ചയേയും കാണാം. കരുണാനിധിയിലെ നല്ല രാഷ്ട്രീയക്കാരനെ വരച്ചിടാന്‍ ശ്രമം നടക്കുന്നുണ്ട്. നാസറാണ് കരുണാനിധിയായി എത്തിയത്. ജയലളിതയുടെ ജീവിതത്തിന്റെ വലിയ ഭാഗമായ ശശികലയായി ഷംന കാസിം എത്തുന്നു. എന്നാല്‍ അവര്‍ക്ക് സിനിമയില്‍ ഏറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ജയലളിതയുടെ ജീവിതം ബാക്കി കിടക്കുന്നു, തലൈവിയ്ക്കുമപ്പുറം.

Content Highlights:  Thalaivi Movie Review, Kangana Ranaut, Aravind swamy, AL Vijay