മിഴകം സമ്മാനിച്ച പൊങ്കൽ വെടിക്കെട്ടിൽ കേരളക്കരയും ആടി ഉലഞ്ഞു. നൃത്തം ചവിട്ടി താളവും മേളവുമായി എത്തിയ ആരാധകർ, ആദ്യ ഷോയ്ക്ക് മണിക്കൂറുകൾ മുൻപേ തെളിഞ്ഞ ഹൗസ് ഫുൾ ബോർഡുകൾ, നാളുകളായി മുടങ്ങി കിടന്ന ഉത്സവം കൊടിയേറിയ ആവേശത്തിലായിരുന്നു കേരളത്തിലെ തിയേറ്ററുകൾ.

കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന തിയേറ്ററുകളിൽ വീണ്ടും പ്രേക്ഷകർ ഇരമ്പിയാർക്കുന്ന കാഴ്ചയാണ് മാസ്റ്ററിന്റെ ആദ്യ ഷോ സമ്മാനിച്ചത്. കേരളത്തിൽ മാത്രം 438 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ വിജയ് ചിത്രം തിയേറ്ററുകൾക്ക് പുത്തൻ ഉണർവ് സമ്മാനിക്കാനുള്ള മസാലചേരുവകളെല്ലാം സമംചേർത്തുള്ളതാണ്. വിജയുടെയും വിജയ് സേതുപതിയുടെയും മാസും ലോകേഷ് കനഗരാജ് എന്ന സംവിധായകന്റെ ക്ലാസും സമാസമം ചേർന്ന അസ്സൽ പൊങ്കൽ വെടിക്കെട്ട്.

ആദ്യ പകുതിയിൽ മദ്യപാനിയായ പ്രൊഫസർ ജെഡിയായാണ് വിജയുടെ പകർന്നാട്ടം. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കഥ പുതിയൊരു താളത്തിലേക്ക് മാറുന്നു. ഭവാനി എന്ന വിജയ് സേതുപതിയുടെ വില്ലൻ കഥാപാത്രം പടം കണ്ടിറങ്ങുന്നവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നത് തന്നെ. അഭിനയം കൊണ്ട് ഭവാനിയെ സംവിധായകൻ വിചാരിച്ചതിനേക്കാൾ ഉയരത്തിലെത്തിക്കാൻ വിജയ് സേതുപതിക്ക് കഴിഞ്ഞിട്ടുണ്ട്.

മാളവികയും അർജുൻദാസുമെല്ലാം പ്രകടനത്തിലെ മികവുകൊണ്ട് തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. വാത്തി സോങ് തന്നെയാണ് തിയേറ്ററുകളിൽ ഓളം തീർക്കുന്ന മാസ്റ്ററിലെ ആകർഷക ഗാനം. പാട്ടുകളുടെ കൃത്യമായ പ്ലേസ്മെന്റ് ചിത്രത്തിന് പ്ലസ് പോയന്റാകുന്നുണ്ട്. ഫൈറ്റ് സീനുകളിൽ ലോകേഷ് കനകരാജ് സ്റ്റൈൽ പ്രേക്ഷകരുടെ പ്രതീക്ഷിച്ചതിനേക്കാൾ മുകളിൽ നിൽക്കുന്നുണ്ട്. വിജയുടെ സ്ക്രീൻ പ്രസൻസും മാനറിസങ്ങളും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

വിജയ് ഒരിക്കൽ കൂടി തന്റെ താരപഥത്തിന്റെ മാസ് അടിത്തറ സൗത്ത് ഇന്ത്യൻ ബോക്സോഫീസിന് കാണിച്ചുകൊടുക്കുമ്പോൾ അത് സിനിമ ലോകത്തിന് പുത്തനുണർവായി മാറുമെന്നുറപ്പിക്കാം. കൊവിഡ് പ്രതിസന്ധിയിൽ കുരുങ്ങികിടന്ന തിയേറ്ററുകൾക്ക് ജീവശ്വാസമായി മാസ്റ്റർ മാറുമെന്നാണ് ആദ്യ ഷോ കഴിയുമ്പോഴുള്ള പ്രതികരണങ്ങൾ അടിവരയിടുന്നത്.

കേരളത്തിൽ കോഴിക്കോട്ടെ പ്രധാന സെന്ററുകളിലുൾപ്പെടെ ചിലയിടങ്ങളിൽ പ്രൊജക്ടററിന്റെ പണിമുടക്കിയത് ആരാധകരെ ചൊടിപ്പിച്ചു. പ്രദർശനം മുടങ്ങിപ്പോയതിൽ വൻപ്രതിഷേധമാണ് ഉയർന്നത്. മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാലുള്ള സാങ്കേതികതകരാറുകളാണ് പ്രദർശനം തടസപ്പെടാൻ ഇടയാക്കിയതെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കി.

Content highlights :tamil movie master review