മികച്ച കഥ പറച്ചില്‍ രീതി, ജീവിക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍. മഹേഷ് നാരായണന്റെ കന്നി സംവിധാന സംരംഭത്തെ ഏറ്റവും ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രം എന്ന പതിവ് പല്ലവിക്ക് എത്രയോ അപ്പുറം നില്‍ക്കുന്നതാണ് ടേക്ക് ഓഫ് എന്ന മലയാള ചിത്രം. ഇതില്‍ മലയാള ചിത്രം എന്ന് വായിക്കുമ്പോള്‍ അല്‍പ്പം ഊന്നലോടെയും അഭിമാനത്തോടെയും വേണം വായിക്കാന്‍. കാരണം ഇത്തരത്തിലൊന്ന് മലയാളത്തില്‍ ആദ്യമായിട്ടാണ്.

2014-ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിയ 19 നഴ്‌സുമാരെ നാട്ടിലെത്തുക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. നഴ്‌സുമാരെ ദൈവത്തിന്റെ മാലാഖമാരെന്നാണ് വിളിക്കുന്നതെങ്കിലും മാലാഖമാരുടെ വീട്ടിലെ സ്ഥിതി ആരും അന്വേഷിക്കാറില്ല എന്ന് ചിത്രത്തില്‍ പറയുന്നുണ്ട്. സംഭാഷണത്തിന്റെ രൂപത്തിലാണെങ്കിലും ഈയൊരു വിശേഷം ചിത്രത്തില്‍ കാണാം. അത് പ്രേക്ഷകരിലേക്ക് വിജയകരമായി എത്തിക്കാന്‍ മഹേഷ് നാരായണനും തിരക്കഥാകൃത്ത് പി.വി.ഷാജികുമാറിനും സാധിച്ചിട്ടുണ്ട്. കഥാപാത്രങ്ങളല്ല, മറിച്ച് അവര്‍ നമ്മുടെ ആരൊക്കെയോ ആണ് എന്ന് തോന്നിക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ഐഎസ് ഭീകരരുടെ പ്രവര്‍ത്തനങ്ങളാല്‍ കലാപ കലുഷിതമായ മൊസൂളും മലയാളി നഴ്‌സുമാരുടെയും അവരുടെ കുടുംബങ്ങളുടേയും ആശങ്കയും ചിത്രം ചര്‍ച്ച ചെയ്യുന്നു. ഐഎസിലേക്കാകര്‍ഷിക്കപ്പെടുന്ന മലയാളികളെക്കുറിച്ചും ടേക്ക് ഓഫ് പറഞ്ഞുവെക്കുന്നുണ്ട്. ഭീകരരുടെ പിടിയിലായ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും അന്നത്തെ കേരളസര്‍ക്കാരും നടത്തിയ ശ്രമങ്ങള്‍ എത്രമാത്രമാണെന്ന് ചിത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്.  

ചിത്രത്തിലെ താരങ്ങള്‍ക്ക് നല്ല കയ്യടി തന്നെയാണ് നല്‍കേണ്ടത്. സമീരയായി പാര്‍വതി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. കാഞ്ചനമാലയില്‍ നിന്ന് ടെസ്സയിലേക്കും അവിടെ നിന്ന് സമീരയിലേക്കുമുള്ള പാര്‍വതിയുടെ പരകായപ്രവേശം അതിഗംഭീരമാണ്. ഇന്ത്യന്‍ അംബാസിഡറായി ഫഹദ് ഫാസിലും മെയില്‍ നഴ്‌സായി കുഞ്ചാക്കോ ബോബനും ആസിഫ് അലിയും മികച്ച പ്രകടനം കാഴ്ചവച്ചു. മൊസൂളിലെ ഭീകരമായ അന്തരീക്ഷത്തിന് പിന്തുണയേകുന്നതായിരുന്നു പശ്ചാത്തലസംഗീതം. 

2014-ല്‍ ഇറാഖിലുണ്ടായിരുന്ന നഴ്‌സുമാര്‍ അനുഭവിച്ച ദുരിതം എത്രമാത്രമാണെന്ന് പ്രേക്ഷകരിലേക്കെത്തിക്കാന്‍ ടേക്ക് ഓഫിന് സാധിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രം എയര്‍ലിഫ്റ്റും സമാനമായ വിഷയമാണ് കൈകാര്യം ചെയ്തതിനാല്‍ രണ്ട് ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ എയര്‍ലിഫ്റ്റിനെ അനുകരിക്കാതെ അതേ മികവോടെ ചിത്രീകരിക്കാന്‍ സാധിച്ചു എന്നുള്ളിടത്താണ് ടേക്ക് ഓഫിന്റേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും വിജയം എന്നുപറയുന്നത്.

മലയാളികള്‍ക്ക് ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ അഭിമാനത്തോടെ വെയ്ക്കാവുന്ന ചിത്രമായിരിക്കും ടേക്ക് ഓഫ്. ഒരര്‍ത്ഥത്തില്‍ മലയാള സിനിമയുടെ ചരിത്രത്താളുകളിലേക്കുള്ള ടേക്ക് ഓഫ് തന്നെയാണ് ഈ ചിത്രം. ഒരു കാര്യം ഉറപ്പിച്ച് പറയാം. ഇത്തരമൊരു ദൃശ്യാനുഭവം മലയാളത്തില്‍ ആദ്യം.

ടേക്ക് ഓഫിന്റെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബനും പാര്‍വതിയും