ലാലയ ജീവിതം ഒരു വികാരമാണ് മലയാളികൾക്ക്. അതുകൊണ്ട് കാമ്പസ് ആസ്പദമാക്കിവരുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുമുണ്ട്. ഭാഷാവ്യത്യാസമില്ലാതെ കാമ്പസ് ചിത്രങ്ങളെ നെഞ്ചോട് ചേർത്തിട്ടുണ്ട് മലയാളികൾ. അക്കൂട്ടത്തിലേക്കെത്തിയിരിക്കുന്ന പുതിയ അതിഥിയാണ് ഡി.ഗിരീഷ് രചനയും സംവിധാനവും നിർവഹിച്ച സൂപ്പർ ശരണ്യ.

പൂർണമായും ഒരു കാമ്പസ് ചിത്രമാണോ സൂപ്പർ ശരണ്യ എന്ന് ചോദിച്ചാൽ അല്ല. ശരണ്യ എന്ന നായികാകഥാപാത്രത്തിന്റെ ഹോസ്റ്റൽ ജീവിതമാണ് സിനിമയ്ക്ക് ജീവനേകുന്നത്. ഹോസ്റ്റലിലെ കൂട്ടുകാർക്കൊപ്പമുള്ള ശരണ്യയുടെ ജീവിതവും അവർക്കിടയിലേക്ക് അപ്രതീക്ഷിതമായും ഇടിച്ചുകയറിയും വരുന്ന കഥാപാത്രങ്ങളുമാണ് സൂപ്പർ ശരണ്യയെ മുന്നോട്ടുനയിക്കുന്നത്. തൊട്ടാവാടി എന്നൊക്കെ പറയാവുന്ന ശരണ്യയുടെ ജീവിതത്തിൽ കലാലയവും ഹോസ്റ്റൽ ജീവിതവും എന്തൊക്കെ മാറ്റംവരുത്തി എന്നതാണ് ചിത്രത്തിന്റെ ആകെത്തുക.

തന്റെ ആദ്യചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലെന്നപോലെ കോമഡി ട്രാക്കിലൂടെ തന്നെയാണ് ​ഗിരീഷ് സൂപ്പർ ശരണ്യയേയും കൊണ്ടുപോവുന്നത്. തുടക്കം മുതൽ അവസാനംവരെ കൃത്യമായി ചിരിപ്പിക്കാൻ ​ഗിരീഷിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. ​​ഗാനരം​ഗങ്ങളിലോ അല്ലെങ്കിൽ തമാശരം​ഗങ്ങൾ സൃഷ്ടിക്കാനോ മാത്രമായി ഉപയോ​ഗിച്ചിരുന്ന ​ഗേൾസ് ഹോസ്റ്റലിന്റെ അകത്തളങ്ങളെ നർമത്തിന്റെ അകമ്പടിയോടെ കാണിക്കുന്നതിൽ സൂപ്പർ ശരണ്യ വിജയിച്ചിട്ടുണ്ട്. സിനിമയിൽ ഏറ്റവും കൂടുതൽ ചിരിയുണ്ടാവുന്നതും ഹോസ്റ്റൽ രം​ഗങ്ങളിലാണ്. 

കഥാപാത്ര രൂപീകരണത്തിലും രസകരമായ സന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിലും തികഞ്ഞ അച്ചടക്കവും സൂക്ഷ്മതയും പുലർത്തിയിരിക്കുന്നതായി കാണാം. ഉദാഹരണത്തിന് കഥാപരിസരം ​ഗേൾസ് ഹോസ്റ്റലാണ്. സ്വാഭാവികമായും ചെത്തുപയ്യന്മാരുടെ കറങ്ങിത്തിരിയലും ഉണ്ടാവും. പരമ്പരാ​ഗതമായി അനുവർത്തിച്ചുവരുന്ന ഈ രീതി സംവിധായകൻ ​ഗിരീഷ് പൊളിച്ചെഴുതിയിട്ടുണ്ട്. ശരണ്യയുടേയും കൂട്ടുകാരുടേയും ഹോസ്റ്റൽ പരിസരത്ത് ഒരു പൂവാലനെപ്പോലും കാണാനാവില്ല. അശ്ലീലമോ ദ്വയാർത്ഥ പ്രയോ​ഗമോ കളിയാക്കലുകളോ നിറഞ്ഞ തമാശരം​ഗങ്ങൾ ഇല്ല എന്നതും ആശ്വാസമാണ്. ദീപുവും ശരണ്യയും തമ്മിലുള്ള പ്രണയത്തിന്റെ വഴികളിൽ വേണമെങ്കിൽ ഒരു പ്രണയ​ഗാനം ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ആ ക്ലീഷേയും സംവിധായകൻ വിട്ടുപിടിച്ചിട്ടുണ്ട്.

പെരുമാറ്റം കൊണ്ട് നമ്മുടെ പരിചയത്തിലുള്ളവർ എന്ന് തോന്നിക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിൽ. അർജുൻ അശോകന്റെ ദീപു നമ്മുടെ തൊട്ടടുത്ത വീട്ടിലെ ഒരാളായിത്തോന്നും. മമിതയുടെ സോനയെപ്പോലൊരു ഒരു സുഹൃത്ത് മിക്കവാറും പെൺകുട്ടികൾക്കുണ്ടാവും. നസ്ലിന്റെ സം​ഗീതും വിനീത് വിശ്വത്തിന്റെ അധ്യാപകനും സജിൻ ചെറുകയിലിന്റെ അളിയനും അഭിലാഷ് മേനോനുമെല്ലാം നമുക്കറിയാവുന്നവർ തന്നെ.

നമുക്കറിയാവുന്ന, നമുക്ക് ഏതെങ്കിലുമൊക്കെ രീതിയിൽ അടുപ്പിക്കാവുന്ന കഥാപരിസരത്ത് നിന്നുകൊണ്ട് ലളിതമായ ഒരു വിഷയം അവതരിപ്പിക്കുന്നതിൽ ഡി .ഗിരീഷ് വിജയിച്ചിട്ടുണ്ട്. കാമ്പസും പ്രണയവും ഏച്ചുകെട്ടലുകളില്ലാത്ത തമാശകളുമൊക്കെയായി കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മുഖത്ത് ചെറുപുഞ്ചിരിയുണ്ടാക്കുന്നുണ്ട് ശരണ്യയും കൂട്ടുകാരും.

Content Highlights : Super Sharanya movie review, Arjun Ashokan, Anaswara Rajan