പ്രായമോ പണമോ അല്ല പ്രതിഭയും പിന്തുണയുമാണ് മികച്ച കലാസൃഷ്ടികള്‍ക്ക് നിദാനമാകുന്നതെന്ന് തെളിയിക്കുന്ന ചിത്രമാണ് 'സുല്ല്'. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സിന്റെ ബാനറില്‍ വെറും 30 ലക്ഷം രൂപയ്ക്ക് വിജയ് ബാബു നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ഭരദ്വാജാണ്.
സുഘടിതമായ തിരക്കഥയും മികവുറ്റ അവതരണവും കൊണ്ട് ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണ് രണ്ടു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള 'സുല്ല്'.
ഒളിച്ചു കളിക്കുന്നതിനിടെ അലമാരയ്ക്കകത്ത് പെട്ടുപോകുന്ന ജിത്തു എന്ന കുട്ടിയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. കേവലം ഉദ്വേഗത്തിനപ്പുറം അലമാരയ്ക്കകത്ത് ജിത്തുവും പുറത്ത് അവനെ അന്വേഷിക്കുന്ന അച്ഛനും അമ്മയും ബന്ധുക്കളും ചെന്നെത്തുന്ന തിരിച്ചറിവുകളിലേക്ക് കൂടിയാണ് ചിത്രം പ്രേക്ഷകനെ കൊണ്ടുപോകുന്നത്.
മാസ്റ്റര്‍ വാസുദേവിന്റെ ജിത്തുവായുള്ള പ്രകടനം മാസ്മരികമെന്നേ വിശേഷിപ്പിക്കാനാവൂ. അലമാരയില്‍ അകപ്പെടുന്ന ബാലന്റെ രക്ഷാശ്രമങ്ങളും വിഭ്രാന്തിയും ഹതാശയും പ്രതീക്ഷയുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ വാസുദേവിനായി. മറ്റു ബാലതാരങ്ങളും പ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റ് അനുമോളും വിജയ് ബാബുവും തങ്ങളുടെ ഭാഗം ഭംഗിയാക്കി.
മലയാളത്തിന് അത്ര പരിചിതമല്ലാത്ത പ്രമേയം അവതരിപ്പിച്ച് വിജയിച്ച വിഷ്ണു ഭരദ്വാജ് എന്ന പുതുമുഖ സംവിധായകന് നല്കുന്ന പ്രതീക്ഷകള്‍ വലുതാണ്. കുറഞ്ഞ സമയം കൊണ്ടുതന്നെ തന്റെയുള്ളിലെ കഥ പ്രേക്ഷകനിലെത്തിക്കാന്‍ വിഷ്ണുവിലെ രചയിതാവിനും സംവിധായകനുമായി. ഇത്തരമൊരു പരീക്ഷണ ചിത്രമെടുക്കാന്‍ തയാറായ വിജയ് ബാബുവും കയ്യടി അര്‍ഹിക്കുന്നു.
'സുല്ലി'ലെ പുതുമുഖങ്ങളായ സാങ്കേതിക പ്രവര്‍ത്തകരും മികച്ചു നില്ക്കുന്നു. ചിത്രത്തെ ബ്രാക്കറ്റ് ചെയ്യുന്ന തുടക്കത്തിലെയും ക്ലൈമാക്സിലെയും നീളന്‍ ഷോട്ടുകള്‍ മാത്രം മതി ഛായാഗ്രാഹകന്‍ സ്റ്റിജിന്‍ സ്റ്റാര്വ്യൂവിന്റെ പ്രതിഭ തിരിച്ചറിയാന്‍. അലമാരയ്കകത്തെ അവ്യക്ത ദൃശ്യങ്ങള്‍ വരെ അതിന്റെ തീവ്രതയില്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ ചിത്രസംയോജകന്‍ സ്റ്റീഫന്‍ മാത്യുവിന്റെ പാടവം നിര്‍ണായകമായി. പശ്ചാത്തല സംഗീതം നിര്‍വഹിച്ച രാഹുല്‍ സുബ്രഹ്മണ്യന്, സൗണ്ട് ഡിസൈനര്‍മാരായ ഷൈജു എം., അരുണ്‍.പി.എ. എന്നിവരാണ് പരാമര്‍ശമര്‍ഹിക്കുന്ന മറ്റുള്ളവര്‍.
Content Highlights : Sullu Movie Review directed by Vishnu Bharadwaj