ഛായാഗ്രഹകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ ഷാംദത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് മമ്മൂട്ടി നിര്‍മിച്ച് അദ്ദേഹംതന്നെ നായകനായഭിനയിച്ച സ്ട്രീറ്റ് ലൈറ്റ്‌സ്. ആക്ഷന്‍-ത്രില്ലര്‍-കോമഡി വിഭാഗത്തില്‍പ്പെടുന്ന, മമ്മൂട്ടി എന്ന നടന്റെ താരപ്രഭാവം ഉപയോഗപ്പെടുത്തുന്ന ഒരു മാസ്സ് സിനിമയായാണ് സംവിധായകന്‍ ചിത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതൊന്നുമല്ല തിരശ്ശീലയില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതെന്നതാണ് സത്യം.

പ്രേക്ഷകരുടെ ആസ്വാദന ക്ഷമതയും ക്ഷമാശീലവും പരീക്ഷിക്കുന്നതിനായി മലയാള സിനിമയില്‍ നടന്നുവരുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. പ്രമേയത്തിലോ അവതരണത്തിലോ കഥാസന്ദര്‍ഭങ്ങളിലോ പുതുമയ്ക്കുവേണ്ടിയുള്ള ഒരു തരത്തിലുമുള്ള ശ്രമവുമില്ലെന്നു മാത്രമല്ല, ആവര്‍ത്തന വിരസമായ രംഗങ്ങളാല്‍ സമ്പന്നവുമാണ് ചിത്രം. 

ഒരു ദിവസം പുലര്‍ച്ചെ തുടങ്ങി, അടുത്ത ദിവസം രാത്രിയില്‍ അവസാനിക്കുന്ന സംഭവ പരമ്പരകളാണ് ചിത്രത്തിലുള്ളത്. യൂണിഫോമിടാത്ത പോലീസ് ഓഫീസറായി മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രം നടത്തുന്ന കുറ്റാന്വേഷണമാണ് സംഭവം. സ്വാഭാവികമായും ചടുലമായ സംഭവഗതികള്‍ക്കൊണ്ട് സംഘര്‍ഷഭരിതമാവേണ്ട ഒരു പ്ലോട്ട്. എന്നാല്‍ ചെറുകിട തമാശകളും കഥാപാത്രപരിചയവുമായി മുന്നേറുന്ന ആദ്യ പകുതിയ്ക്കു ശേഷം അതിദയനീയവും ആവര്‍ത്തന വിരസവുമായ ദുരന്തത്തിലേയ്ക്കു പതിക്കുകയാണ് ചിത്രം.

അതീവ പ്രാധാന്യമുള്ള ഒരു വസ്തുവിനായി ഒരാളോ ഏതാനും പേര്‍ ചേര്‍ന്നോ നടത്തുന്ന തിരക്കിട്ട അന്വേഷണങ്ങള്‍.. നിരവധി പേരിലൂടെ കൈമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ വസ്തുവിനു പിന്നാലെ നീങ്ങുന്ന കഥാപാത്രങ്ങള്‍.. വസ്തു കണ്ടെടുക്കുന്നതിനായി അവര്‍ നടത്തുന്ന ശ്രമങ്ങള്‍- സമീപകാലത്തുതന്നെ മലയാള സിനിമയില്‍ പല ചിത്രങ്ങളും കൈകാര്യം ചെയ്ത ഒരു പ്രമേയമാണിത്. ഫഹദ് നായകനായ മണിരത്‌നം, ജയസൂര്യ പ്രധാകഥാപാത്രത്തെ അവതരിപ്പിച്ച ലാല്‍ബഹദൂര്‍ ശാസ്ത്രി, മമ്മൂട്ടിതന്നെ നായകനായി രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍ പണം തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം പ്രമേയം ഏറെക്കുറെ ഇതുതന്നെയായിരുന്നു. സ്ട്രീറ്റ് ലൈറ്റ്‌സും അതേ വീഞ്ഞു നിറച്ച മറ്റൊരു കുപ്പിയാണ്.

അതിസമ്പന്നനായ വ്യവസായിയുടെ വീട്ടില്‍ നടക്കുന്ന കവര്‍ച്ചയോടെയാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ അമ്മാവന്റെ വീട്ടില്‍ നിന്ന് അഞ്ചു കോടിയോളം വിലവരുന്ന ഡയമണ്ട് നെക്ലേസ് മോഷ്ടിച്ചവരെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് ഓഫീസറായ ജയിംസ് എത്തുകയാണ്. കള്ളപ്പണംകൊണ്ട് വാങ്ങിയ ആഭരണമായതിനാല്‍ തന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അനൗദ്യോഗിക അന്വേഷണമാണ് ജയിംസ് നടത്തുന്നത്. മോഷ്ടിക്കപ്പെട്ട നെക്ലേസിന്റെ പല കൈകളിലൂടെയുള്ള യാത്രകള്‍, ഇതു തേടിയുള്ള കള്ളന്‍മാരുടെയും പോലീസിന്റെയും സഞ്ചാരം, സൗബിന്റെയും ലിജോമോളുടെയും കഥാപാത്രങ്ങളുടെ പ്രണയം എന്നിങ്ങനെ മൂന്നോ നാലോ വഴികളിലൂടെയാണ് സിനിമ മുന്നേറുന്നത്. ഈ വഴികള്‍ ഒടുവില്‍ കൂടിച്ചേരുകയും കൂടിക്കുഴയുകയും അതില്‍പ്പെട്ട് പ്രേക്ഷകന്‍ വലയുകയും ചെയ്യുന്നിടത്താണ് ചിത്രത്തിന്റെ അനിവാര്യ ദുരന്തം പൂര്‍ണമാകുന്നത്.

ദുര്‍ബലമായ തിരക്കഥയും ദയനീയമായ ദൃശ്യപരിചരണവുമാണ് സ്ട്രീറ്റ് ലൈറ്റിന്റെ ഏറ്റവും വലിയ പോരായ്മ. ഇത്തരമൊരു ചിത്രത്തിന് അനിവാര്യമായ ചടുലതയോ ആകാംഷയുണര്‍ത്തുന്ന സഞ്ചാരഗതിയോ തിരക്കഥയിലില്ല. പലപ്പോഴും, വഴികാട്ടാന്‍ ഒരു സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം പോലുമില്ലാതെ ഗതിയറിയാത്ത കഥാപാത്രങ്ങള്‍ പല വഴിക്കു സഞ്ചരിക്കുകയാണ്. ആരാധകരുടെ പോലും ക്ഷമയെ പരീക്ഷിക്കുന്നതാണ് ചിത്രത്തിന്റെ അവസാന ഭാഗത്തോടടുത്ത പല രംഗങ്ങളും. ഹരീഷ് കണാരന്‍, ധര്‍മജന്‍ എന്നിവരുടെ ഹാസ്യ രംഗങ്ങള്‍ മിക്കവാറും കോമഡി സ്റ്റാര്‍സ് നിലവാരത്തിലുള്ളതാണ്. സൗബിന്‍ ഷാഹിറും ലിജോമോളും ചേര്‍ന്നുവരുന്ന രംങ്ങളാണ് പ്രേക്ഷകര്‍ക്ക് ഇടയ്‌ക്കെങ്കിലും ആശ്വാസമേകുന്നത്. 

മമ്മൂട്ടി എന്ന താരത്തിന്റെ മാസ്സ് അപ്പിയറന്‍സ് അരക്കിട്ടുറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചിത്രത്തില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. പോലീസ് ജീപ്പില്‍ കയറിയാല്‍ സ്ലോമോഷനിലല്ലാതെ പുറത്തിറങ്ങില്ല എന്ന നിര്‍ബന്ധത്തിനും സ്ട്രീറ്റ് ലൈറ്റില്‍ മാറ്റമൊന്നുമില്ല. പുതുമ തീരെയില്ല എന്നു പറയാനാകില്ല. ആദ്യപകുതിയില്‍ മമ്മൂട്ടി വെക്കുന്ന ആകാശ നീല നിറമുള്ള കൂളിംഗ്ലാസും മഞ്ഞ ഷര്‍ട്ടും സമീപകാല മലയാള സിനിമയിലെ വലിയൊരു വ്യത്യസ്തത തന്നെയാണ്. മാത്രമല്ല, അടിച്ചു പറത്തുന്ന ഗുണ്ടകളുടെ എണ്ണത്തിലും അവര്‍ പറക്കുന്ന ഉയരത്തിലും നിയന്ത്രണം കൊണ്ടുവരാനും സംവിധായകന്‍ സാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

താരഭാരങ്ങളില്ലാതെ സിനിമയുടെ സ്വാഭാവികതകളിലേയ്ക്ക് വാണിജ്യസിനിമകള്‍ പോലും വഴിമാറി സഞ്ചരിച്ചുതുടങ്ങിയിട്ടുണ്ട്. പ്രമേയത്തിലും പരിചരണ രീതികളിലും പുതിയ വഴികളിലൂടെ ധീരമായി സഞ്ചരിക്കുന്ന അത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് പറഞ്ഞു പഴകിയ പ്രമേയം ആവര്‍ത്തിച്ചുകൊണ്ട്, താരപ്രഭാവത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തെയും മലയാളിയുടെ മാറുന്ന ഭാവുകത്വത്തെയും നോക്കി കൊഞ്ഞനംകുത്തുന്നത്.

സ്ട്രീറ്റ് ലൈറ്റിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഫവാസ് മുഹമ്മദ് ആണ്. സാദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ അദ്ദേഹം അത് നിര്‍വ്വഹിക്കുന്നുമുണ്ട്. ആദര്‍ശ് ബ്രഹാമിന്റെ സംഗീതവും മനോജിന്റെ എഡിറ്റിംഗുമെല്ലാം സിനിമയുടെ പൊതു നിലവാരത്തോടു ചേര്‍ന്നു നില്‍ക്കുന്നു എന്നേ പറയാനാവൂ. 

Content Highlights: Street Lights Movie, mammootty, new malayalam movie, Director Shamdat, Thriller, Street Light