ഴിഞ്ഞ വര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലേതുപോലെ കേരളം സാക്ഷിയായ സംഭവങ്ങളിലൊന്നായിരുന്നു നിലമ്പൂരിലടക്കം സംഭവിച്ച നക്‌സല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍. സായുധധാരികളായ നക്‌സലൈറ്റുകള്‍ ആക്രമണത്തിനായി വന്നപ്പോഴുള്ള ഏറ്റുമുട്ടലില്‍ ഇവരെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ഔദ്യോഗികമായി പോലീസ് പറഞ്ഞുവെങ്കിലും ഈക്കാര്യം വിശ്വസനീയമായി പൊതുസമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നുള്ളത് പിന്നീട് കേരള സമൂഹത്തില്‍ ഇതുസംബന്ധമായി ഉയര്‍ന്നുവരുന്ന ചര്‍ച്ചകളിലെല്ലാം നിരന്തരം ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണ്. സംഭവസ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമടങ്ങിയ സംഘം ഇതിനെ തുടര്‍ന്ന് ഉയര്‍ത്തിയ പല സംശയങ്ങള്‍ക്കും വസ്തുതാപരമായ മറുപടി ലഭിക്കാതെപോകുകയായിരുന്നു. അങ്ങനെയാണ് അന്ന് ഭരണത്തിലുണ്ടായിരുന്ന ഇടതുമുന്നണി ഘടകകക്ഷിയായ സി പി ഐപോലും പരസ്യമായി ഇതിനെതിരെ രംഗത്തുവന്നത്.

കേരളത്തില്‍ വളര്‍ന്നുവരുന്ന നക്‌സലിസവുമായി ആഭ്യന്തരസംവിധാനങ്ങള്‍ ഏറ്റവുമാദ്യം ബന്ധപ്പെടുത്തി സംസാരിക്കാറുള്ളത് ആദിവാസികളെയും അവരുടെ ഊരുകളുമായിട്ടാണ്. ജാര്‍ഘണ്ഡ്, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ മുന്‍നിറുത്തിക്കൊണ്ടുകൂടിയായിരിക്കാം. എന്നാല്‍ കേരളത്തിലുണ്ടായ നക്‌സല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സാഹിത്യ,കലാ ലോകത്തുണ്ടാക്കിയ അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങാതെ നില്ക്കുന്നുണ്ട്. പിന്നീട് വന്ന വിവിധ കലാമാധ്യമങ്ങളില്‍ പലതിലും പലപ്പോഴായി ഇത്തരമൊരു കാര്യം ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതുതന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.  നക്‌സല്‍ ഏറ്റുമുട്ടലുകളോടുള്ള കലാലോകത്തിന്റെ ഇത്തരമൊരു പ്രതികരണത്തിന്റെ തുടര്‍ച്ചയായി വിലയിരുത്തുവാന്‍ സാധിക്കുന്ന ചലച്ചിത്രങ്ങളിലൊന്നാണ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കാനത്തൂരിന്റെ സ്റ്റേഷന്‍ ഫൈവ്.

ജോലിയിലെ അശ്രദ്ധയുടെ ഭാഗമായി കിട്ടുന്ന ഒരു പണിഷ്‌മെന്റിന്റെ ഭാഗമായി ഹൈറേഞ്ചിലെ ഒരു ഡിസ്‌പെന്‍സറിയിലേക്ക് സ്ഥലമാറ്റം കിട്ടുന്ന ഡോ. കാര്‍ത്തികിന്റെ സഞ്ചാരങ്ങളാണ് സിനിമയുടെ ആകെ കഥ. അവിടെയെത്തി ആദ്യദിവസം തന്നെ മദ്യലഹരിയില്‍ ഡ്രൈവിംഗിനിടെ ഒരാളെ ഇടിച്ചുവീഴ്ത്തി കൊല്ലുന്ന കാര്‍ത്തികിനെ സംബന്ധിച്ചിടത്തോളം ഇതിന് പ്രായശ്ചിത്തമായി കിലോമീറ്ററുകളോളം നടന്ന് യാത്ര ചെയ്താല്‍ മാത്രം എത്താവുന്ന ഒരു ആദിവാസി ഊരില്‍ ആഴ്ചയില്‍ ഒരു ദിവസം സേവനം ചെയ്യുവാന്‍ നിര്‍ബന്ധിതനാകുകയാണ്. എന്നാല്‍ അവിടെ നിഷ്‌കാമമായി പ്രവര്‍ത്തിക്കുന്ന പത്മ എന്ന ടീച്ചറെ കാണുന്നതോടുകൂടി തന്റെ സേവനം ഏറ്റവുംകൂടുതല്‍ ആവശ്യമുള്ള ഒരിടമായി ഇവിടത്തെ കാണുകയാണ്. എന്നാല്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ അന്ന് യാദൃച്ഛികാ പോളിങ് മെഷീന്‍ കാണാതാകുന്നതോടെ വിഷയങ്ങളെല്ലാം മാറുകയാണ്. പിന്നീട് കടന്നുവരുന്ന പോലീസും നക്‌സലിസവുമെല്ലാമാണ് സ്റ്റേഷന്‍ ഫൈവ് എന്ന സിനിമയുടെ യാഥാര്‍ഥ പ്രമേയം.  

ആര്‍ക്കും എന്തിനുമുപയോഗിക്കാവുന്ന വെറുമൊരു ഉപകരണം മാത്രമായി നമ്മുടെ നാട്ടിലെ ആദിവാസികളെ കണക്കാക്കുന്നവരുണ്ട്. ഈ യാഥാര്‍ഥ്യത്തെയും നക്‌സല്‍ വേട്ടയുടെ പേരില്‍ ഇന്ത്യയിലങ്ങോളമിങ്ങോളം ഈ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം പലപ്പോഴും നമ്മുടെ സിനിമകള്‍ക്ക് വിഷയമായി മാറിയിട്ടുണ്ട്.  ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മൗത്ത് പീസാകാതായെയുള്ള ഇത്തരം നല്ല ദൃശ്യവിരുന്നുകളായിരുന്നു ന്യൂട്ടന്‍മുതല്‍ മലയാളത്തില്‍ ഇറങ്ങിയ ഉണ്ട വരെയുള്ള സിനിമകള്‍. രണ്ടാം പകുതി കഴിഞ്ഞ് സിനിമ അവസാന ക്ലൈമാക്‌സിലേക്ക് പോകുമ്പോള്‍ സ്റ്റേഷന്‍ 5 നമ്മെ ഇത്തരമൊരു അന്തരീക്ഷത്തെ ഓര്‍മപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുള്ളതാണ് രണ്ടു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന ഈ ചലച്ചിത്രം പ്രേക്ഷകനു നല്കുന്ന ഏറ്റവും വേറിട്ട കാര്യങ്ങളിലൊന്ന്.
 
ആദിവാസികളെ വോട്ട് ചെയ്യിപ്പിക്കുവാന്‍ തെരഞ്ഞെടുപ്പ് സമയത്ത് അധികാരികള്‍ നടത്തുന്ന കഷ്ടപ്പാടുകള്‍, ഒരു കാലത്ത് നമ്മുടെ പത്രങ്ങളിലെ ക്ലീഷേയായ സ്ഥിരം വാര്‍ത്തകളായിരുന്നുവല്ലോ. എന്നാല്‍ പ്രത്യക്ഷത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവനെപ്പോലും ജനാധിപത്യത്തിന്റെ ഭാഗമായി മാറ്റുവാനുള്ള ആത്മാര്‍ഥതക്കപ്പുറം പൊള്ളയായ കാട്ടിക്കൂട്ടലാണതെന്നതാണ് ന്യൂട്ടനും ഉണ്ടയുമൊക്കെ പ്രേക്ഷകനോട് സംവദിച്ചതെങ്കില്‍ ചേവമ്പായി എന്ന ആദിവാസി ഊരുകൂടി നിലനില്ക്കുന്ന വാര്‍ഡിലെ മെമ്പറായ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിലൂടെ ഈ സിനിമയും നല്കുവാന്‍ ഉദ്ദേശിക്കുന്നതതു തന്നെയാണ്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ ദേശത്തിലെ ആദിമനിവാസികളോട് ഭരണകൂടവും ഭരണംകൈയ്യാളുന്ന നഗരസംസ്‌കാരത്തിന്റെ വക്താക്കളായ പരിഷ്‌കാര സമൂഹവും എന്താണ് ചെയ്യുന്നതെന്ന വിചിന്തനമുണ്ടാക്കുവാനുള്ള അത്തരമൊരു പരിശ്രമമമാണ് സ്റ്റേഷന്‍ 5 എന്നത് നിസ്സംശയം പറയാവുന്നതാണ്.

റിച്ച്‌നെസ്സുള്ള ഫ്രെയിമുകളിലൂടെ പ്രേക്ഷകന്റെ ശ്രദ്ധയെ സ്‌ക്രീനില്‍ തന്നെ പിടിച്ചുനിര്‍ത്തുവാനുള്ള ക്യാമറമാന്റെ ശ്രമങ്ങള്‍ സിനിമക്ക് നല്ല മുതല്‍ക്കൂട്ടായി മാറുന്നുണ്ട്. അതുപോലെ പ്രശാന്ത് കാനത്തൂരിന്റെ സംഗീതവും ഏറെ നല്ല അനുഭവമാണ് ശ്രോതാവിന് നല്കുന്നത്. ചിത്ര പാടിയ റഫീഖ് അഹമ്മദിന്റെ അതിരുകള്‍ മതിലുകള്‍ വരഞ്ഞിടും കനിവുകള്‍ എന്ന ഗാനം വരുംകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന പാട്ടുകളിലൊന്നായി എണ്ണപ്പെടും. വിനോദ് കോവൂരിന്റെ നഞ്ചമ്മയുടെയും ടങ്ക് ടക്കാ ടങ്ക് ടക്കയും ആലാപനത്തിലെ വ്യത്യസ്തകൊണ്ട് വേറിട്ടതായി മാറിയേക്കും. നമ്മുടെ ജനാധിപത്യം ലോകത്ത് സമാനതകളില്ലാത്തതാണ് നാം ഏറെ കെട്ടിഘോഷിക്കുമ്പോഴും വര്‍ത്തമാനകാലത്ത് ഇതിന്റെ അവസ്ഥ എവിടെയെത്തിയെന്നതിനെ വേറിട്ട രീതിയില്‍ കാണുവാനുള്ള ഒരു ശ്രമമാണ് സ്റ്റേഷന്‍ 5 എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

Content Highlights: Station 5 movie Review, Prasanth Kanathur Movie, Indrans, Prayan, Priyamvada Malayalam Movie