ന്നിലധികം വ്യത്യസ്ത കഥകള്‍ കോര്‍ത്തിണക്കിയ 'ആന്തോളജി' സിനിമകള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.  രഞ്ജിത്തിന്റെ കേരള കഫേ, അമല്‍ നീരദ് നിര്‍മിച്ച അഞ്ചു സുന്ദരികള്‍, അടൂരിന്റെ നാലു പെണ്ണുങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം സിനിമകളായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'സോളോ'യും ഈ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്.

ബോളിവുഡില്‍ സെയ്ത്താന്‍, ഡേവിഡ്, വാസിര്‍ എന്നീ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ മലയാളത്തിലെ ആദ്യത്തെ ഫീച്ചര്‍ ചിത്രമാണ് സോളോ. നാലു സിനിമകളാണ് സോളോയിലുള്ളത്. ഒരേസമയം പഞ്ചഭൂത സങ്കല്‍പത്തെയും ശിവസങ്കല്‍പത്തെയും ഉപജീവിച്ചാണ് ചിത്രത്തിലെ നാല് കഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ശിവന്റെ അപരനാമങ്ങളാണ് നാല് കഥകളിലെയും ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ളത്. ശേഖര്‍, ത്രിലോക്, രുദ്രന്‍, ശിവന്‍ എന്നിവയാണവ. 

പ്രണയവും പ്രണയനഷ്ടവും പ്രമേയമായി വരുന്നവയാണ് രണ്ട് ചിത്രങ്ങള്‍. മറ്റു രണ്ടെണ്ണം പ്രതികാരത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങളാണ്. നാലു വര്‍ഷങ്ങള്‍ മുന്നിലേയ്‌ക്കോ പിന്നിലേയ്‌ക്കോ പോയി ആഖ്യാനം നിര്‍വഹിക്കപ്പെടുന്ന വിധത്തിലാണ് നാലു ചിത്രങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. പുരുഷന്റെ വ്യത്യസ്ത സ്വത്വങ്ങള്‍/അവസ്ഥകള്‍ ആണ് ശിവന്‍ എന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളുമായി കൂട്ടിയിണക്കി സംവിധായകന്‍ പറയാന്‍ ശ്രമിച്ചതെന്ന് പറയാം. സ്ത്രീ-പുരുഷ ബന്ധങ്ങളിലേയ്ക്കുകൂടി സഞ്ചരിച്ച് അര്‍ദ്ധനാരീശ്വര സങ്കല്‍പത്തോടു ചേര്‍ത്തുവെച്ച് വ്യാഖ്യാനിക്കാവുന്ന വിധത്തിലാണ് നാലു ചിത്രങ്ങളുടെയും പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.

solo

പ്രണയം പ്രമേയമാകുന്ന ആദ്യ ചിത്രത്തില്‍ അന്ധയായ നായികയും വിക്കുള്ള നായകനും തമ്മിലുള്ള പ്രണയമാണ് പ്രമേയവത്കരിക്കുന്നത്. പങ്കാളിക്കുവേണ്ടി പ്രണയത്തിന്റെ, ത്യാഗത്തിന്റെ ഏതറ്റംവരെയും പോകുന്നവരാണ് ഇതര ചിത്രത്തിലെ നായികാ നായകന്‍മാര്‍. സ്ത്രീ പങ്കാളിക്കുവേണ്ടി പ്രതികാരത്തിന്റെ തീക്ഷ്ണസഞ്ചാരങ്ങള്‍ നടത്തുന്നവരാണ് പ്രതികാരം പ്രമേയമാകുന്ന രണ്ടു ചിത്രങ്ങളിലെയും നായകന്‍മാര്‍. പ്രണയം, പ്രതികാരം, നശീകരണം, ത്യാഗം എന്നിങ്ങനെ ശിവസങ്കല്‍പത്തെ മുന്‍നിര്‍ത്തിയുള്ള വ്യത്യസ്ത വ്യാഖ്യാന സാധ്യതകളും ചിത്രം മുന്നോട്ടുവയ്ക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, വ്യത്യസ്ത സ്വഭാവസവിശേഷതകളും ഗെറ്റപ്പുകളുമുള്ള നാലു കഥാപാത്രങ്ങളായി ദുല്‍ഖര്‍ സല്‍മാന്‍ കടന്നുവരുന്നു എന്നതാണ് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സോളോയിലെ നാലു കഥകളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഏക ഘടകം. നാലു ചെറിയ ചിത്രങ്ങള്‍ എന്ന നിലയില്‍ സമീപിച്ചാലും ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്തതയോ ആസ്വാദനതലത്തില്‍ പുതിയ അനുഭവമോ സമ്മാനിക്കാന്‍ സംവിധായകന് സാധിക്കുന്നില്ല. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും പരിചിതമായ ആഖ്യാനവഴികള്‍ത്തന്നെയാണ് സിനിമയ്ക്കുള്ളത്.

വൈകല്യങ്ങളുള്ള നായികാനായകന്മാരുടെ പ്രണയം ചിത്രീകരിക്കുന്ന ആദ്യ ചിത്രം മാത്രമാണ് അല്‍പമെങ്കിലും പ്രേക്ഷകനെ സ്പര്‍ശിക്കുന്നത്. നാലാമത്തെ ചിത്രമാകട്ടെ ദുര്‍ബലമായ പ്രമേയത്തിന്റെ അശക്തമായ ആഖ്യാനം കൊണ്ട് പ്രേക്ഷകനെ മുഷിപ്പിക്കും. ചടുലമായ പരിചരണരീതിയാണ് സംവിധായകന്‍ കൈക്കൊള്ളുന്നതെങ്കിലും നാലു കഥകളുടെ മുറിയുന്ന ആഖ്യാനങ്ങള്‍ക്കിടയില്‍ ആസ്വാദനത്തിന്റെ നൈരന്തര്യം കാത്തുസൂക്ഷിക്കാന്‍തക്ക കെട്ടുറപ്പ് തിരക്കഥയ്ക്കില്ലാതെപോയി. അതുകൊണ്ടുതന്നെ മികച്ച ഒരു കാഴ്ചാനുഭവമായി മനസ്സില്‍ വേരുപിടിക്കാതെ അവസാനിക്കുകയാണ് ചിത്രങ്ങളെല്ലാം. 

solo

പല ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന നാലു വ്യത്യസ്ത കഥാപാത്രങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാന് അനായാസം കഴിയുന്നുണ്ട്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയപാടവം മാറ്റുരയ്ക്കാന്‍തക്ക വൈവിധ്യമോ ആഴമോ പല കഥാപാത്രങ്ങള്‍ക്കുമില്ല എന്നത് മറ്റൊരുകാര്യം. തീര്‍ച്ചയായും ദുല്‍ഖറിന്റെ കരിയറില്‍ പരീക്ഷണാത്മകമായ ചുവടുവയ്പുകള്‍ക്ക് സോളോ ധൈര്യംപകരും.

എന്തായാലും, നിറഞ്ഞുനില്‍ക്കുന്ന ദുല്‍ഖര്‍ എന്ന നടന്റെ പ്രഭാവം തന്നെയാണ് സിനിമയിലേയ്ക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം. ആര്‍തി വെങ്കിടേഷ്, സായി ധന്‍സിക, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍. അഭിനേതാക്കള്‍ എന്ന നിലയില്‍ എടുത്തുപറയാനുള്ള പ്രകടനങ്ങളൊന്നും ഇവരില്‍നിന്നുണ്ടാവുന്നില്ല. ഇവരെ കൂടാതെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ നിന്നുള്ള അമ്പതിലധികം മറ്റു താരങ്ങളും നാലു ചിത്രങ്ങളിലായുണ്ട്. ഗീരീഷ് ഗംഗാധരന്‍, മധു നീലകണ്ഠന്‍, സേജാല്‍ ഷാ എന്നിവരുടെ ഛായാഗ്രണവും ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനവും ചിത്രത്തെ മികച്ച കാഴ്ചാനുഭവമാക്കുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സിനിമ എന്ന മാധ്യമത്തിന്റെ വ്യത്യസ്ത സാധ്യതകള്‍ പരീക്ഷിക്കുന്ന ഒരു സംവിധായകന്റെ ശ്രമം ചിത്രത്തിനു പിന്നിലുണ്ടന്ന് നിസ്സംശയം പറയാം. അത്തരം സിനിമകള്‍ക്ക് മലയാളത്തില്‍ അനുകൂല സാഹചര്യമാണുള്ളതെന്നത് സോളോയ്ക്ക് പ്രോത്സാഹനമാവേണ്ടതാണ്. സിനിമയിലെ പരീക്ഷണങ്ങളോടും വ്യത്യസ്തമായ ചുവടുവയ്പുകളോടും സഹഭാവം പുലര്‍ത്തുന്ന പ്രേക്ഷകര്‍ക്ക് പരീക്ഷിക്കാവുന്ന ചിത്രമാണ് സോളോ.