പൊട്ടിച്ചിരികള്‍കൊണ്ട് തിയേറ്ററില്‍ ഭൂകമ്പം തീര്‍ത്ത സംവിധായകന്‍ ഷാഫി ഇത്തവണ പ്രേക്ഷകപ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ഷാഫിയുടെ മുന്‍ചിത്രങ്ങളായ കല്യാണരാമന്‍, മായാവി, പുലിവാല്‍ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്  തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട നര്‍മത്തിന്റെ കരുത്ത് ഷെര്‍ലക്കിന് കൂട്ടില്ലാതെപോയി. 

കഥക്കൊപ്പംവന്ന സംഭവങ്ങളെല്ലാം പ്രേക്ഷകനു നല്‍കുന്നതത്രയും നെഗറ്റീവ് കാഴ്ചകളാണ്. കാഴ്ചക്കാരനില്‍ ചിരിയുണ്ടാക്കാനായി തുന്നിച്ചേര്‍ത്ത അധ്യാപകന്റെ അവിഹിതബന്ധവും വീട്ടിനകത്തുംപുറത്തുമായുള്ള ഭാര്യ-ഭര്‍തൃ കലാപവും ന്യായീകരിക്കപ്പെടുന്ന മദ്യപാനവും മോഷണവുമെല്ലാം ഒരു ശരാശരി മലയാളിആസ്വാദകന് നെറ്റിചുളിച്ചുകൊണ്ടുമാത്രമെ ഉള്‍ക്കൊള്ളാനാകൂ.

ബിജുമേനോന്‍ എന്ന നായകന്റെ വണ്‍മാന്‍ഷോയാണ് ഷെര്‍ലക് ടോംസ്.എന്നാല്‍, താരത്തിന്റെ സ്വീകാര്യതയും നടന്‍ എന്നനിലയിലുള്ള പ്രകടനവും പൂര്‍ണ്ണമായ തലത്തില്‍ പ്രയോജനപ്പെടുത്താന്‍ സിനിമക്കായിട്ടില്ല. വെള്ളിമൂങ്ങയിലേതുപോലെ രസച്ചരടുപൊട്ടാതെ പ്രേക്ഷകനെ ഒപ്പംകൂട്ടാന്‍  ഇത്തവണ ബിജുവിന് കഴിയുന്നില്ല.

ഷെര്‍ലക്ക് കഥകളുടെ ആരാധകനായ തോമസിന്റെ കുട്ടിക്കാലത്തുനിന്നാണ് ചിത്രം ആരംഭിക്കുന്നത്. കോപ്പിയടിച്ചു സ്‌കൂളില്‍നിന്ന് പുറത്താകുന്ന വിദ്യാര്‍ഥി പിന്നീട് ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.

എന്‍ഫോഴ്‌സ്‌മെന്റിലേക്ക് ഡെപ്യൂട്ടേഷനില്‍ വരുന്ന നായകന്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളും അയാളുടെ ജോലിക്കും അഭിമാനത്തിനും ഭീഷണിഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ കാതല്‍. 

വഴക്കാളിയായ വീട്ടമ്മയായി ശ്രിന്ദ ചിത്രത്തില്‍ നിറഞ്ഞുനിന്നു. എഴുതിവച്ചത് ഭംഗിയായി അവര്‍ അവതരിപ്പിച്ചെങ്കിലും കഥാപാത്രത്തിന്റെ ചെയ്തികള്‍ ഇത്രത്തോളം എന്തിനായിരുന്നുവെന്ന സംശയവും, ഇതൊരല്‍പ്പം ഓവറാണല്ലോ എന്ന ചോദ്യവും പ്രേക്ഷനൊപ്പം അവസാനംവരെ  നില്‍ക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലെത്തിയ മിയാ ജോര്‍ജ്ജിന് കഥയില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ തുടങ്ങി കഥയില്‍ ചിരിനിറയ്ക്കാനായി താരങ്ങള്‍ ഏറെയുണ്ടെങ്കിലും പൊട്ടിച്ചിരി നല്‍കുന്ന, മനസ്സില്‍ സൂക്ഷിക്കാവുന്ന ഹാസ്യരംഗങ്ങളൊന്നുംതന്നെ ചിത്രത്തിലില്ല.ഹരീഷിന്റെ ചുരുക്കം ചില നമ്പറുകള്‍ മാത്രമാണ് തിയേറ്ററില്‍ ഇളക്കമുണ്ടാക്കുന്നത്.ആളെചിരിപ്പിക്കുന്ന എന്ന ഉദ്ദേശത്തോടെ റാഫിയും കലാഭവന്‍ ഷാജോണും നടത്തുന്ന പ്രകടനങ്ങള്‍ പലതും നിരാശാജനകമാണ്. കഥയുടെ വിശ്വാസ്യത ചോദ്യംചെയ്യാന്‍ മുതിരുന്ന പ്രേക്ഷകര്‍ക്കും, റിയലിസ്റ്റിക്ക് സിനിമകളെ സ്‌നേഹിച്ചുതുടങ്ങിയവര്‍ക്കും ഷെര്‍ലക്കില്‍ കുറ്റങ്ങളേറെ കണ്ടെത്താനുണ്ട്. 

ക്ലൈമാക്‌സില്‍ വ്യത്യസ്തമായൊരു ട്വിസ്റ്റ് കൊണ്ടുവരാനാണ് സംവിധായകന്‍ ശ്രമിച്ചത്. കോമഡി ട്രാക്കില്‍നിന്ന് മാറി  ചിത്രം അവിടെയൊരു ത്രില്ലര്‍ പരിവേഷം സ്വയം അണിയുന്നുണ്ട്. സിനിമയില്‍ തമാശരംഗങ്ങള്‍ കുറഞ്ഞുപോയി എന്ന് സ്വയം തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല എഡിറ്റ് ചെയ്‌തൊഴിവാക്കിയ ഹാസ്യരംഗങ്ങള്‍ സിനിമകഴിഞ്ഞ ശേഷം സ്‌ക്രീനില്‍ തെളിയുന്നു. ഷാഫിയും സച്ചിയും നജിംകോയയും ചേര്‍ന്നാണ്  തിരക്കഥ എഴുതിയിരിക്കുന്നത്. ബിജിബാലിന്റെ സംഗീതത്തില്‍ പുറത്തുവന്ന രണ്ടുപാട്ടുകളും കാഴ്ച്ചകളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ഗ്ലോബല്‍ യുണേറ്റഡ് മീഡിയക്കുവേണ്ടി പ്രേം മേനോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.