ബോളിവുഡ് സൂപ്പര്‍താരങ്ങളില്‍ സിനിമ തെരഞ്ഞെടുക്കുന്നതില്‍ ആമിര്‍ ഖാനോളം സൂക്ഷ്മത മറ്റാര്‍ക്കുമില്ല. ആദ്യരംഗം മുതല്‍ നായകനിലൂന്നി താരകേന്ദ്രീകൃതമായി നീങ്ങുന്ന നൂറാവര്‍ത്തി കഥകളോട് ആമിറിന്
മമതയില്ല. സ്വീകരിക്കുന്ന റോളുകളിലും, ചെയ്യുന്ന ചിത്രങ്ങളുടെ ശൈലിയിലുമെല്ലാം ബോളിവുഡ് പതിവുകളില്‍ നിന്ന് നീങ്ങിനടക്കുന്നയാളുമാണ് ആമിര്‍. ദീപാവലി റിലീസുകളില്‍ ബോളിവുഡിലെ പ്രധാന ചിത്രങ്ങളിലൊന്നായി സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ മാറിയത് ആമിറിന്റെ സാന്നിധ്യത്താലാണ്. ആമിര്‍ ഖാന്റെ മുന്‍ മാനേജറും സത്യമേവ ജയതേയില്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത അദ്വൈത് ചന്ദനാണ് രചനയും സംവിധാനവും. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിറും കിരണ്‍ റാവുവുമാണ് നിര്‍മ്മാണം. സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ആമിര്‍ മിന്നിമറയുന്ന അതിഥിയല്ല, കഥാഗതിയില്‍ നിര്‍ണായകമാകുന്ന അല്‍പ്പം ദൈര്‍ഘ്യമേറിയ അതിഥി കഥാപാത്രമാണ്. ദംഗലില്‍ ആമിറിന്റെ മകളായി അഭിനയിച്ച് കയ്യടി നേടിയ സൈറാ വാസിം ആണ് ടൈറ്റില്‍ റോളില്‍.
പ്രവചനാത്മക കഥാഘടനയും, പലകുറി കണ്ട രംഗങ്ങളുടെ ആവര്‍ത്തനവും, സിനിമാറ്റിക് ട്വിസ്റ്റും ടേണുകളും നിലനില്‍ക്കേ തന്നെ ഉള്ളുതൊടുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാകുന്നുണ്ട് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. കുടുംബത്തില്‍ നിന്നും, യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നുമുള്ള വിലക്കുകളെ മറികടന്ന് ഒരു പെണ്‍കുട്ടി തന്റെ സ്വപ്നത്തിലേക്ക് കുതിക്കുന്നതാണ് പ്രമേയം. സിനിമാറ്റിക് അതിശയോക്തികളുടെ അഴിമുഖത്താണെങ്കിലും രസം പിടിപ്പിക്കുന്നതാണ് കഥ പറച്ചില്‍. ദംഗലിന് പിന്നാലെ സീക്രട്ട് സൂപ്പര്‍സ്റ്റാറും സ്ത്രീശാക്തീകരണത്തില്‍ ഊന്നിയാണ് കഥ പറയുന്നത്. ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനറില്‍ ഒതുക്കവും മുറുക്കവുമുള്ള രൂപത്തിലുമാണ് സിനിമയുടെ ഘടന.
തീവണ്ടിയില്‍ ഒരു വിനോദയാത്രയുടെ മടക്കത്തിലാണ് 15കാരിയായ ഇന്‍സിയ/ഇന്‍സുവിനെ (സൈറാ വാസിം) സിനിമ പരിചയപ്പെടുത്തുന്നത്. പാട്ടാണ് അവളുടെ ലോകം. ഒരു നാള്‍ ലോകം അറിയുന്ന ഗായികയാവണമെന്നാണ് ഇന്‍സുവിന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്കുള്ള പാത ദുര്‍ഘടമായിരുന്നുവെന്ന് അടുത്ത രംഗങ്ങളിലേക്ക് കടക്കുമ്പോള്‍ മനസിലാകും. അവളെ സ്വീകരിക്കാനായി സ്റ്റേഷനിലെത്തിയ അമ്മ നജ്മയുടെ കണ്ണട മറയ്ക്കുന്നത് കാലങ്ങളായി സഹിക്കേണ്ടി വന്ന ഗാര്‍ഹിക പീഢനത്തിന്റെ പാടുകളിലൊന്നിനെയാണ്. ഉമ്മയും അനിയന്‍ ഗുഡ്ഡുവും മുത്തശിയുമാണ് അബ്ബ തീര്‍ത്ത അതിരുകളില്‍ കഴിയുന്നത്. യാഥാസ്ഥിതികനായ അച്ഛന്റെ അസാന്നിധ്യമാണ് അവരുടെ ആഹ്ലാദവേള.
മത യാഥാസ്ഥിതികത്വത്തെയും, അത്ര തന്നെ ഇന്ത്യന്‍ കുടുംബങ്ങളിലെ ആണധികാരത്തെയും പ്രതിനിധീകരിക്കുന്നയാളാണ് ഇന്‍സിയയുടെ അച്ഛന്‍. മകനെ പുത്തനുടുപ്പിട്ട്് കുടുംബങ്ങളിലെ ആഘോഷത്തിനും സിനിമാ തിയറ്ററുകളിലേക്കും കൂടെക്കൂട്ടുമ്പോള്‍ മകള്‍ക്ക് ഉടനൊരു വിവാഹം നടത്തേണ്ടതിന്റെ ആകുലത മാത്രമാണ് അയാളിലുള്ളത്. ഇന്‍സിയയുടെയും നജ്മമയുടെയും സ്വത്വത്തിനും, ലോകത്തിനും മീതെ മതവും ആണധികാരവും നല്‍കിയ മേല്‍ക്കോയ്മ സ്ഥാപിക്കാനാണ് ഓരോ വേളയിലും അബ്ബ ശ്രമിക്കുന്നത്. അതിനാല്‍ ചാനല്‍ റിയാലിറ്റി ഷോകളിലൂടെ വലിയ പാട്ടുകാരിയാകാനുള്ള ആഗ്രഹം വീടിനകത്ത് അവസാനിക്കുമെന്ന് അവര്‍ക്കറിയാം. സ്വപ്നങ്ങളും സ്വാതന്ത്ര്യവും മകള്‍ക്കും നഷ്ടമാകരുതെന്ന നിര്‍ബന്ധത്തില്‍ പരിമിതിക്കകത്ത് പലതും ചെയ്യുന്നുമുണ്ട് അമ്മ നജ്മ. അവള്‍ക്ക് സമ്മാനിക്കുന്ന ഗിറ്റാറും ലാപ് ടോപ്പും ആ നിര്‍ബന്ധങ്ങളിലാണ്. ആ പ്രോത്സാഹനത്തിനൊപ്പമാണ് സ്വപ്നങ്ങളിലേക്കുള്ള ഇന്‍സുവിന്റെ യാത്ര.
തുടക്കം മുതല്‍ ശക്തികുമാര്‍ എന്ന ആമിറിന്റെ കഥാപാത്രത്തെ 'ന്യൂജനറേഷന്‍ റീമിക്സ്' സംഗീത സംവിധായകനായി ഇന്‍സുവിന്റെ ടിവി കാഴ്ചകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. രണ്ടാം പകുതിയിലേക്കെത്തുമ്പോഴാണ് ശക്തികുമാര്‍ കഥാവഴിയില്‍ ശക്തിപ്പെടുന്നത്. താരേ സമീന്‍പറിലും ദംഗലിലും ആമിര്‍ കഥാപാത്രം ക്രമാനുഗതമായി നായകനായി മാറുന്നതായിരുന്നു. കഥ പറച്ചില്‍ നിര്‍ണായക വേളയിലെത്തുമ്പോള്‍ ആമിറിന്റെ കഥാപാത്രത്തിലേക്ക് സിനിമ മുഴുവനായി ശ്രദ്ധ കേന്ദ്രീകരിക്കും. അതുവരെയുള്ള നരേറ്റീവിനെ സ്വഭാവികതയോടെ നിലനിര്‍ത്തിയ കഥാപാത്രങ്ങളില്‍ നിന്ന് സിനിമ ആമിര്‍ 'ഹൈജാക്ക്' ചെയ്യും.
ആദ്യ സംവിധാനത്തില്‍ പിഴവുകളുണ്ടെങ്കിലും പിടിച്ചിരുത്തുന്നതില്‍ അദ്വൈത് ചന്ദന്‍ വിജയിച്ചു. കൂട്ടുകാരെല്ലാം കൂട്ടിലടച്ച കടുവയ്ക്ക് ചുറ്റും ആരവമുണ്ടാക്കുമ്പോള്‍ മാറി നില്‍ക്കുന്ന ഇന്‍സിയയിലൂടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെ ആലങ്കാരികമായി അവതരിപ്പിക്കാന്‍ ശ്രമിച്ചതൊക്കെ അധികമാനമുണ്ടാക്കാനുള്ള ഗിമ്മിക്കായി മാറുന്നുണ്ട്. ചിന്തന്‍ പരേഖ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുള്ള കൗമാര പ്രണയം ട്രാക്കും സുഖകരമായിരുന്നില്ല.
ഇന്‍സിയും നജ്മയും തമ്മിലുള്ള അമ്മ-മകള്‍ ബന്ധത്തിന്റെ ആഴവും വൈകാരിക തീവ്രതയും ഭാവോജ്വലമാക്കിയിട്ടുണ്ട് സൈറാ വാസിമും മെഹര്‍ വിജും. ഇന്‍സി-നജ്മ, ഇന്‍സി-നജ്മ-ഗുഡ്ഡു എന്നിവരുള്‍പ്പെടുന്ന രംഗങ്ങളെ സൂക്ഷ്മതലങ്ങളില്‍ കൈകാര്യം ചെയ്തിടത്തുമാണ് സിനിമയുടെ വിജയം. സൈറാ വാസിം തന്നെയാണ് പ്രകടനത്തിലും ഈ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍. സമഗ്രതയില്‍ ഹൃദ്യമാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍.