ന്മയിൽ നിന്നുള്ള അപചയമോ, തിന്മയിൽ നിന്നുള്ള മോചനമോ ഏതാണ് തന്റേതായ ജീവിതം എന്നറിയാതെ മലയാളി യുവത്വത്തിനോട്, ''നോക്കൂ, നിങ്ങളിത്ര കണ്ട് അധഃപതിക്കാമോ? എന്ന് ചോദിക്കാതെ ചോദിക്കുകയാണ് 'എസ്.ദുർഗ' എന്ന ചിത്രത്തിലൂടെ സംവിധായകൻ സനൽകുമാർ ശശിധരൻ.

സിനിമയുടെ പേരിലും ഉള്ളടക്കത്തിലും വിവാദങ്ങൾക്കിട നല്കിയും ഒപ്പം അന്തർദേശീയ ചലച്ചിത്രമേളകളിൽപ്പോലും ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയും വേറിട്ട പ്രതീക്ഷകൾക്ക് വഴിമരുന്നിട്ടുകൊണ്ടാണ് ഈ ചിത്രം ഇപ്പോൾ പ്രദർശനത്തിനെത്തിയത്.

സ്വർഗീയമായ ഭക്തി പ്രഹർഷത്തിനും മൃഗീയമായ ഹർഷോന്മാദങ്ങൾക്കും ഇടയ്ക്ക് പെട്ടുപോകുന്ന പ്രണയാതുരമായ രണ്ടുപേർക്ക് നേരിടേണ്ടിവന്നേക്കാവുന്ന മാനസിക സംഘർഷങ്ങളുടെ മൂർധന്യാവസ്ഥയുണ്ട്. ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടിനപ്പുറം അതിനെ ദേശീയതയുമായും ചില ഘട്ടങ്ങളിൽ അന്തർദ്ദേശീയ മാനമുള്ള വിഷയങ്ങളുമായും സംഘടിതമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് പറയുകയാണ് സംവിധായകൻ.
ഏതു കാലത്തും ഏതു ദേശത്തും സംഭവിക്കാവുന്ന തികച്ചും സാധാരണമായ പ്രമേയത്തിലൂടെ സഞ്ചരിച്ചുകൊണ്ട് അസാധാരണമായ ഒരനുഭവ തീവ്രതയിലേക്ക് പ്രേക്ഷകരെ നയിക്കാനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.
പാതിരാവോടടുക്കുന്ന സമയത്ത് ദുർഗ എന്നു പേരുള്ള ഒരുത്തരേന്ത്യൻ യുവതി കബീർ എന്ന യുവാവിനൊപ്പം വീട് വിട്ട് റെയിൽവെസ്റ്റേഷനിലെത്തി ഒരു മഹാനഗരത്തിലേക്ക് ദീർഘദൂരയാത്രയ്ക്ക് ശ്രമിക്കിന്നിടത്താണ് ചിത്രത്തിലെ കഥാപരമായ അംശങ്ങൾക്ക് തുടക്കമാവുന്നത്.

ഇരുൾ, വിജനമായ നഗരാന്തരീക്ഷം, പ്രതികരണക്ഷമതയില്ലാത്ത ജനത, മദ്യവും ലൈംഗിക ചോദനകളും ഉള്ളിൽ നിറച്ച് സഹായിച്ചുകൊണ്ട് മോഹിക്കാനെത്തുന്ന യുവത്വം എന്നിങ്ങനെ സർവകാലികവും സാർവ്വജനീനവുമായ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ കഥ കൊണ്ടുപോകുന്നത്. പക്ഷേ, അതിനിടെ സംവിധായകന്റെ കലയാണ് സിനിമ എന്ന സൃഷ്ടി എന്നടയാളപ്പെടുത്തിക്കൊണ്ട് പൂർവ്വാപര ബന്ധമുള്ള ഒരു തുടക്കവും, പ്രേക്ഷകർക്ക് തീരുമാനിക്കാവുന്ന ഒരു ഒടുക്കവും നൽകിയാണ് സനൽ തന്റെ ചിത്രം അവതരിപ്പിക്കുന്നത്. അതിനു ഭക്തിയുടെ വകഭേദങ്ങളെ കുറ്റപ്പെടുത്തലിന്റെ സ്വരം കേൾപ്പിക്കാതെ തന്നെ വിദഗ്ധമായി പൊളിച്ചു കാട്ടുന്നുണ്ട്.  അതിലൊരു ദുരുദ്ദേശ്യം ആരോപിക്കപ്പെടാവുന്നതാണ്. എങ്കിലും പ്രമേയപരമായ പിരിമുറുക്കത്തിന്, തന്റെ ചിത്രത്തിന്റെ സംഘർഷപരമായ മൗലികതയ്ക്ക് അതനിവാര്യമാണ് എന്ന് സമന്വയബുദ്ധിയോടെ കൂട്ടിയോജിപ്പിക്കാൻ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
 
ദുർഗ്ഗയായി എത്തിയ രാജശ്രീ ദേശ്പാണ്ഡെ, കബീറിന്റെ വേഷം അവതരിപ്പിച്ച കണ്ണൻ നായർ എന്നിവരും മറ്റു താരങ്ങളും തങ്ങളുടെ വേഷം ഭംഗിയാക്കി. റോബിൻ ജോസഫിന്റെ സംഗീതവും പ്രതാപ് ജോസഫിന്റെ ഛായാഗ്രഹണവും ഏറ്റവും മികച്ച രീതിയിൽതന്നെ ചിത്രത്തിന് മാറ്റു കൂട്ടുന്നു. അരുണ മാത്യുവും ഷാജി മാത്യുവുമാണ് ചിത്രം നിർമ്മിച്ചത്. 

Content Highlights: SDurgaMovie SanalKumaSasidharan SDurgaReview SDurgaRating Malayalam Movie