ണ്ട് പേജിലെഴുതേണ്ട ചെറുകഥ 500 പേജുള്ള നോവലാക്കി എഴുതിയാലോ? കുറേ പേജുകള്‍ നഷ്ടപ്പെടുമെന്നല്ലാതെ മറ്റെന്താണ് അതുകൊണ്ടുള്ള നേട്ടം! എഴുത്തുകാരന് താനൊരു നോവലെഴുതിയെന്ന് അഭിമാനിക്കാം. അതുപോലെയാണ് 'സവാരി' എന്ന സിനിമയും. 15 മിനിറ്റുള്ള ഹ്രസ്വചിത്രമായി അവതരിപ്പിക്കേണ്ട കഥയെ ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫീച്ചര്‍സിനിമയായി അവതരിപ്പിച്ചാല്‍ സംവിധായകനൊരു സിനിമയെടുത്തെന്ന പേര് കിട്ടും. ഇത് കാണാന്‍ ഇത്രയും സമയവും പണവും ചെലവാക്കുന്ന പ്രേക്ഷകരുടെ കാര്യമാണ് കഷ്ടം. തൃശ്ശൂര്‍പൂരവും പൂരക്കാഴ്ചകളുമാണ് ഒരുമണിക്കൂറോളം സമയം അപഹരിക്കുന്നത്.

അശോക് നായര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് സവാരി. സുരാജ് വെഞ്ഞാറമൂടാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃശ്ശൂര്‍ നഗരത്തെയും പൂരത്തെയും പശ്ചാത്തലമാക്കിയാണ് കഥ. രാവിലെ മൂന്ന് മുതല്‍ ജോലിക്കായിറങ്ങുന്ന കഥാപാത്രമാണ് സവാരി. ശരിയായ പേരെന്താണെന്നുപോലും കൃത്യമായി ആര്‍ക്കുമറിയില്ല. 

സൈക്കിളില്‍ രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ ചെറിയ ചെറിയ നൂറുപണികളാണ് അയാള്‍ക്കുള്ളത്. ചായക്കടയിലെ സഹായിയായി നില്‍ക്കാനും പോലീസുകാരുടെ വീട്ടിലേക്കുള്ള സാധനങ്ങളെത്തിക്കാനും പലര്‍ക്കും ഭക്ഷണം കൊണ്ടുപോയി കൊടുക്കാനുമൊക്കെ സവാരി വേണം. ഇതിനൊക്കെ പത്തോ ഇരുപതോ രൂപ കിട്ടിയാലായി. എന്നാലും ഒരു പരാതിയും പരിഭവവുമില്ലാതെ സവാരി എല്ലാം ചെയ്തുകൊള്ളും. 

സൈക്കിളാണ് സവാരിയുടെ വാഹനം. തൃശ്ശൂര്‍ റൗണ്ട് പോലെ അയാളുടെ ജീവിതം അങ്ങനെ കറങ്ങിനടക്കുന്നു. എല്ലായിടത്തും അയാളെ കാണാം. എന്നാല്‍ അയാള്‍ എവിടുത്തെയും ആളല്ലെന്ന് മാത്രം. മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഒന്നുമില്ലാത്ത ഒരു ദരിദ്രനാരായണന്‍. ഒരു കഥാപാത്രം പറയുന്നതുപോലെ ജനസംഖ്യാകണക്കെടുപ്പില്‍ പെടാത്ത ഒരാള്‍. സ്വന്തമെന്ന് പറയാനുള്ളത് ഒരു സൈക്കിള്‍ മാത്രം. ഭക്ഷണം പലയിടത്തുനിന്നുമായി കഴിക്കുന്ന അയാള്‍ കിട്ടുന്ന കാശൊക്കെ എന്തുചെയ്യുന്നുവെന്നാണ് എല്ലാവര്‍ക്കും ആശ്ചര്യം. അതെന്തു ചെയ്യുന്നുവെന്നറിയുന്നിടത്ത് സിനിമയും അവസാനിക്കുന്നു. 

സവാരിയുടെ ദിനചര്യ മനോഹരമായി എടുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയെന്നാല്‍ ഈസോപ്പ് കഥയാണെന്ന് സംവിധായകന്‍ ധരിച്ചുവശായിട്ടുണ്ടെന്ന് തോന്നുന്നു. കഥയുടെ അവസാനം ഗുണപാഠം നിര്‍ബന്ധം. അത് സിനിമയിലൂടെ കണ്ടുമനസ്സിലാക്കിയാല്‍ പോരാ, സോദ്ദേശ്യപ്രഭാഷണംതന്നെ വേണം. അത് പറയാന്‍ അവതരിപ്പിച്ച താരത്തെ കണ്ട് സിനിമയ്ക്കുള്ളിലും സിനിമയോ എന്ന് അദ്ഭുതപ്പെട്ടുപോയി. 

സിനിമയില്‍ എടുത്തുപറയേണ്ടത് ഇതിലെ അഭിനേതാക്കളുടെ പ്രകടനമാണ്. സവാരിയായി അഭിനയിച്ച സുരാജ് വെഞ്ഞാറമൂട് തന്റെ മികവെന്തെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. തൃശ്ശൂര്‍ ഭാഷ അമിതമായി ഉപയോഗിക്കാതെതന്നെ വടക്കുംനാഥന്റെ സ്വന്തക്കാരനാണെന്ന് തെളിയിക്കുന്ന കഥാപാത്രമായി മാറാന്‍ സുരാജിന് കഴിഞ്ഞു.  

Content Highlights: savari malayalam movie review suraj venjaramoodu