സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ബിജു മേനോന്‍-സംവൃത സുനില്‍ താരജോഡികളെ ഒന്നിപ്പിച്ച് ജി.പ്രജിത് ഒരുക്കിയ ഒരു കൊച്ചു കുടുംബചിത്രം. 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.. മലയാളികളുടെ പ്രിയങ്കരിയായ നായിക സംവൃത സുനില്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കെട്ടിടം പണിക്കാരനായ സുനില്‍ എന്ന സുനിയുടെയും അവന്റെ ഭാര്യ ഗീതയുടെയും മകളുടെയും സുനിയുടെ കൂട്ടുകാരുടെയും ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ഇതിന് പുറമേ ആ നാട്ടിലെ തമ്മില്‍ തല്ലുന്ന രണ്ട് മുന്നണികളും ഹൈവേ ജെസി എന്നറിയപ്പെടുന്ന ഒരു സ്ത്രീയും നാട്ടുകാരും കഥാഗതിയെ നിയന്ത്രിക്കുന്നവരാണ്.
പ്രണയ വിവാഹമായിരുന്നു സുനിയുടെയും ഗീതയുടെയും. അത്യാവശ്യം നല്ല ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന ഗീത എല്ലാം ഉപേക്ഷിച്ചു സുനിയുടെ കൂടെ ഇറങ്ങി വന്നതാണ്. പട്ടിണിയും പരിവട്ടവുമുണ്ടെങ്കിലും ഗീതയെ അലട്ടുന്നത് ഇതൊന്നുമല്ല, സുനിയുടെ അമിതമായ മദ്യപാനശീലമാണ്. എങ്ങനെയെങ്കിലും കുറച്ചു പൈസ സമ്പാദിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്ന സുനിയുടെയും കൂട്ടരുടെയും മുന്നിലേക്ക് ഒരു അപകടത്തിന്റെ രൂപത്തില്‍ ഒരു 'കോള്' വന്നു ചേരുകയാണ്. ഇവിടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നത്.
എന്നാല്‍ ഈ 'കോളി'ന് മീതെ ഒരു കൊലപാതകക്കേസ് ഇവരുടെ തലയിലാവുന്നതിന്റെ ഉദ്വേഗത്തോടെയാണ് രണ്ടാം പകുതിയുടെ ആരംഭം. മനസ്സറിയാത്ത കുറ്റത്തിന് ഇവര്‍ പോലീസ് പിടിയിലാവുമ്പോഴാണ് ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രാധാന്യം പ്രേക്ഷകര്‍ ചിന്തിക്കുന്നത്..'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന്..
സുനി എന്ന മദ്യപാനിയായ, കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന കെട്ടിടം പണിക്കാരന്റെ വേഷം ബിജു മേനോന്‍ ഏറെ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചത്. ഗീതയായുള്ള സംവൃതയുടെ തിരിച്ചുവരവിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അലന്‍സിയര്‍, ഭഗത് മാനുവല്‍, സുധി കോപ്പ, വെട്ടുക്കിളി പ്രകാശ്, സൈജു കുറുപ്പ്, സുധീഷ്, ശ്രുതി ജയന്‍ എന്നിവരും മികച്ചു നിന്നു.
മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി നിരവധി മലയാള ചിത്രങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും നര്‍മവും ഉദ്വേഗവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കഥാവതരണമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന കൊച്ചു കുടുംബ ചിത്രത്തിന്റെ ഹൈലൈറ്റ്.
Content Highlights : Sathyam Paranja Viswasikkuvo Movie Review Biju Menon Samvritha Sunil G Prajith