ക്ലാസും ക്ലാസിക്കും അണുകിട തെറ്റാതെ കൃത്യമായ അളവില്‍ അലിയിച്ചുചേര്‍ത്ത കലാസൃഷ്ടി. അതാണ് പാ രഞ്ജിത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ. ഓരോ കഥാപാത്രങ്ങളുടേയും ആഴവും അതുള്‍ക്കൊണ്ടുകൊണ്ട് അഭിനയിച്ച താരങ്ങളും സാര്‍പ്പട്ട പരമ്പരൈയെ മനോഹരമായ ദൃശ്യാനുഭവമാക്കുന്നു.

പതിവുചിത്രങ്ങളില്‍നിന്നു ചുവടൊന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട് പാ രഞ്ജിത്. ബോക്‌സിങ്ങിന്റെ വീറും വാശിയും രണ്ട് പരമ്പരകള്‍ തമ്മിലുള്ള പകയുമെല്ലാം രാഷ്ട്രീയത്തിനൊപ്പം ചിത്രത്തിന്റെ ഭാഗമാകുന്നു. സാര്‍പ്പട്ട, ഇടിയപ്പ എന്നീ രണ്ട് പരമ്പരകള്‍ തമ്മിലുള്ള പകയാണ് ഒറ്റനോട്ടത്തില്‍ പ്രമേയമെങ്കിലും ജാതി രാഷ്ട്രീയവും അടിയന്തരാവസ്ഥയും അതിനോടുള്ള തമിഴ് ജനതയുടെ പ്രതികരണവും സ്റ്റാലിന്റേയും കരുണാനിധിയുടേയും അറസ്റ്റും കഥയ്ക്ക് അനുബന്ധമായി കടന്നുവരുന്നുണ്ട്.

അടിസ്ഥാനപരമായ കപിലന്റെ കഥയാണ് സാര്‍പ്പട്ട പരമ്പരൈ. ഫാക്ടറിയിലെ ജോലിക്കാരനില്‍നിന്നു രംഗന്‍ വാത്തിയാരുടെ അരുമ ശിഷ്യനിലേക്കുള്ള കപിലന്റെ വളര്‍ച്ചയും തളര്‍ച്ചയും തിരിച്ചുവരവുമാണ് കഥാതന്തു. സ്‌പോര്‍ട്‌സ് ചിത്രമെന്ന് കേട്ടാല്‍ ക്ലൈമാക്‌സ് എന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ആ പ്രവചനാത്മകത പോലും സംവിധാനമികവിലൂടെ പാ രഞ്ജിത് മറികടക്കുന്നുണ്ട്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തെ താളം നഷ്ടപ്പെടാതെ ആസ്വാദ്യകരമാക്കി എന്നത് സംവിധായകന്റെ വിജയം തന്നെയാണ്.

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാല്‍ കപിലനായെത്തിയ ആര്യയില്‍നിന്ന് തുടങ്ങാം. ആര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ വേഷം എന്നുതന്നെ പറയാം. ശാരീരികമായി നന്നായി അധ്വാനിച്ചിട്ടുണ്ട് ആര്യയെന്ന് നിസ്സംശയം പറയാം. മഗാമുനിക്ക് ശേഷം ആര്യയ്ക്ക് ലഭിച്ച, അതിനേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കുന്ന കഥാപാത്രമാണ് കപിലന്‍. കര്‍ക്കശക്കാരനായ രംഗന്‍ എന്ന കോച്ചായി പശുപതി നിറഞ്ഞുനില്‍ക്കുന്നുണ്ട്.

സ്വന്തം പരമ്പരയുടെ അന്തസ് ഒരു കാരണവശാലും കളഞ്ഞുകുളിക്കാന്‍ തയ്യാറല്ലാത്ത, തോറ്റാല്‍ പരമ്പര പിന്നീടൊരിക്കലും ബോക്‌സിങ് റിങ് കാണില്ലെന്ന് പറയാന്‍ ധൈര്യമുള്ള രംഗന്‍ വാത്തി മനസില്‍നിന്ന് മായില്ല. ശിഷ്യനെ അമിതമായി പ്രോത്സാഹിപ്പിച്ച് വിജയം നേടുന്ന ടിപ്പിക്കല്‍ ഗുരുവല്ല രംഗന്‍ വാത്തിയാര്‍. പലപ്പോഴും ഇവരെ രണ്ടുപേരെയും ഒതുക്കി നിര്‍ത്തി കത്തിക്കയറുന്ന മറ്റൊരു കഥാപാത്രമുണ്ട് ചിത്രത്തില്‍. ജോണ്‍ വിജയ് അവതരിപ്പിച്ച കെവിന്‍ എന്ന ഡാഡി.

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി ഭിത്തിയോടുചേര്‍ത്ത് ചവിട്ടിത്തേച്ച മയില്‍വാഹനത്തില്‍നിന്നു ഡാഡിയായുള്ള താരത്തിന്റെ പരിണാമം അദ്ഭുതകരമായിരുന്നു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍നിന്ന് കപിലനോടേറ്റ തോല്‍വിയില്‍ നിരാശ കൊള്ളുന്ന ഷബീറിന്റെ ഡാന്‍സിങ് റോസിനേയും ജോണ്‍ കൊക്കന്റെ വേമ്പുലിയേയും കലൈ അരസന്റെ സ്വന്തം പിതാവിനാല്‍ അവഗണിക്കപ്പെട്ട വെട്രിയേയും അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറക്കാനാവില്ല.

പാ രഞ്ജിത്തിന്റെ മുന്‍ചിത്രങ്ങളിലുള്ളതുപോലെ തന്നെ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ തന്നെയാണ് സാര്‍പ്പട്ട പരമ്പരൈയിലേതും. വിവാഹം കഴിഞ്ഞ ശേഷം തന്നെ അവഗണിച്ച് ബോക്‌സിങ് പരിശീലനത്തിനായി പോകുന്ന കപിലനേക്കൊണ്ട് ഭക്ഷണം വാരിത്തരാന്‍ വാശിപിടിക്കുകയും അതില്‍ വിജയം നേടുന്നുമുണ്ട് ദുഷാര വിജയന്‍ അവതരിപ്പിച്ച മാരിയമ്മ. മാരിയമ്മ വന്നാല്‍ നിന്നെ നേരെയാക്കും എന്നാണ് അമ്മയായെത്തിയ അനുപമ കുമാറിന്റെ പാക്യം പറയുന്നത്. ആദ്യമായി ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ച് അമ്മയുടെ അടുത്തേക്കാണ് കപിലന്‍ ഓടിയെത്തി കാലില്‍ വീഴുന്നത്. ഭര്‍ത്താവിനേറ്റ അവഗണനയില്‍ അമര്‍ഷമുള്ള ലക്ഷ്മിയായി സഞ്ജന നടരാജനും ശക്തമായ സ്ത്രീ കഥാപാത്രമായി നിലകൊള്ളുന്നു.

ബോക്‌സിങ് രംഗങ്ങളടക്കം വിരലില്‍ എണ്ണാവുന്നതിലേറെ സംഘട്ടനരംഗങ്ങളുണ്ട് ചിത്രത്തില്‍. കപിലനും ഡാന്‍സിങ് റോസുമായുള്ള സംഘട്ടനരംഗം എടുത്തുപറയേണ്ടിയിരിക്കുന്നു. ഗാനങ്ങള്‍ സന്ദര്‍ഭാനുസരണം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. കാണുന്നത് ചെറിയ സ്‌ക്രീനിലാണെങ്കിലും വലിയ ഒരു ആള്‍ക്കൂട്ടത്തെ, അവരുടെ മനസിനെ ബോക്‌സിങ് മത്സരം നടക്കുന്ന റിങ്ങിന് ചുറ്റുമായി കേന്ദ്രീകരിക്കാന്‍ സാധിക്കുന്നുന്നു എന്നുള്ളിടത്താണ് സാര്‍പ്പട്ട പരമ്പരൈയുടെ വിജയവും.

Content Highlights: Sarpatta Parambarai Aarya Pa Ranjith movie Review