സിനിമയില്‍ ചാന്‍സ് ചോദിച്ച് അലയുന്ന യുവാക്കളുടെ കഥ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. കേട്ടിട്ടുമുണ്ട്. അത്തരമൊരു കഥ തിരശ്ശീലയില്‍ വരച്ച് വയ്ക്കുകയാണ് ഹണി ബീ 2.5.

ഹണി ബീ 2 വിന്റെ ലൊക്കേഷനില്‍ തന്നെയാണ് ഈ സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. എന്നു മാത്രമല്ല, ഹണി ബീ ടുവിലെ അഭിനേതാക്കളും ഈ സിനിമയില്‍ ഉടനീളം എത്തുന്നുണ്ട്.

ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചിട്ടും ഭാഗ്യത്തിന്റെയും അന്തവിശ്വാസത്തിന്റെയും പേരില്‍ വിഷ്ണുവിന്റെ കൈവെള്ളയില്‍ നിന്ന് തട്ടിപ്പോവുകയാണ്. വിഷ്ണു, ഹണി ബീ 2.5 ലെ നായകന്‍. തനി നാട്ടുംപുറത്തുകാരന്‍ ചെക്കന്‍. വിഷ്ണു ഒരു സിനിമാ നടന്‍ ആയി കാണാന്‍ ആഗ്രഹിക്കുന്ന കൂട്ടുകാരും അമ്മയും പെങ്ങളുമാണ് അവന്റെ ബലം. വാ തുറന്നാല്‍ നീ നന്നാവില്ലെടാ എന്നു പറയുന്ന, ഭിത്തിയില്‍ പടമായി തൂങ്ങാറായ ആകെയുള്ള അപ്പൂപ്പനാണ് ശകുനം മുടക്കി.

പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് വിഷ്ണു. എന്നാല്‍ ശകുനംമുടക്കികളായി ചിലര്‍ സംവിധായകന്റെ അടുത്തെത്തുന്നതോടെ ആഗ്രഹങ്ങള്‍ മാറി മറിയുന്നു. പെട്ടെന്നൊരു വിഷമം ഉണ്ടാകുന്നുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെ ഹണി ബീ 2 വിന്റെ ലൊക്കേഷനില്‍ വിഷ്ണു എത്തിപ്പെടുന്നു.

അതില്‍ അവസരങ്ങാളൊന്നുമില്ലെന്ന് മനസ്സിലാക്കുന്ന അവന് വീട്ടിലേക്കുള്ള ട്രെയിനിനായി റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് ബോധോദയം ഉണ്ടാകുന്നത്. അത് വളരെ രസകരമായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രായത്തിനു മുന്നില്‍ തോറ്റു കൊടുക്കാതെ രണ്ടാം സെമസ്റ്റര്‍ എക്‌സാമിനു പഠിക്കുന്ന ഒരു മധ്യവയസ്‌കനെ കാണാം. അദ്ദേഹം വിഷ്ണുവിനോട് പറയുന്ന ഒരു ഡയലോഗുണ്ട് ജയിക്കും വരെ പരിശ്രമിക്കണമെന്ന്. അത് നമ്മളോടാണ് പറയുന്നത്. ലക്ഷ്യത്തിലെത്തിച്ചേരാതെ ആഗ്രഹങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്നവരോട്.

ചിത്രത്തിന്റെ ആദ്യ പകുതി കാഴ്ചക്കാരനെ ബോറടിപ്പിക്കും. എങ്കിലും ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു മുന്‍പരിചയവുമില്ലാത്ത ഒരു വ്യക്തി ഒപ്പിക്കുന്ന എല്ലാ ഗുലുമാലുകളും സംവിധായകന്‍ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ വിഷ്ണുവിന് ഒരു പെണ്‍കൊച്ചിനോട് അടങ്ങാത്ത പ്രണയം. ഭാവനയുടെ ടച്ച് അപ്പ് ഗേളായ കണ്‍മണിയാണ് കക്ഷി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ധൈര്യം പ്രണയത്തിനാണെന്ന് കണ്‍മണി പറയുക മാത്രമല്ല, പ്രതിസന്ധികളെ യഥാസമയം തരണം ചെയ്യുകയും ചെയ്യുന്നുണ്ട്. കണ്‍മണി വിഷ്ണുവിന്റെ മറ്റൊരു ബലവും ബലഹീനതയുമാണ്.

ഇടവേള കഴിഞ്ഞാല്‍ സിനിമയിലേക്കെത്തി. ഹണി ബീ ടുവിന്റെ ലൊക്കേഷനിലെ നിത്യ സാന്നിധ്യമായ വിഷ്ണുവിന് സംവിധായകരായ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് ഒരു വേഷം നല്‍കുന്നു. എന്നാല്‍ മേക്കപ്പൊക്കെയിട്ട് അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് അതും അവന്റെ കയ്യില്‍ നിന്ന് വഴുതിപ്പോകുന്നത്. അവിടെ ആശ്വസിപ്പിക്കാന്‍ അവന്റെ അമ്മയും സഹോദരിയും പ്രിയ കൂട്ടുകാരും ഒപ്പമുണ്ട്. അവരെക്കാളുപരി കണ്‍മണിയുടെ സാന്നിധ്യം അവനെ പ്രതിസന്ധിയില്‍ തളരാതെ നിര്‍ത്തുന്നു. അവന് അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും അവന്റെ മുത്തച്ഛന് ഒരു വേഷം കിട്ടുന്നുണ്ട്. നിന്റെ മുത്തച്ഛന്‍ ഒരു ഒന്നൊന്നര മുതലാണെന്ന് അവിടെയും അദ്ദേഹം റെഡിക്ക് പറയിപ്പിച്ചിട്ടുണ്ട്.

പിന്നെ വിഷ്ണുവിന് അവന്‍ ആഗ്രഹിച്ചതു പോലെ ഒരു വേഷം ആടിത്തീര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കിലും അതും വെള്ളിത്തിരയില്‍ വെളിച്ചം കാണാതെ പോകുന്നു. അതിനുള്ള കാരണക്കാരനില്‍ എത്തിച്ചേരുന്നതാണ് കഥയിലെ ട്വിസ്റ്റ്. അവനില്‍ നിന്ന് മറ്റൊരു ക്ലൈമാക്‌സിലേക്കാണ് ആസ്വാദകര്‍ എത്തിച്ചേരുന്നത്. ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കാണേണ്ട ക്ലൈമാക്‌സൊന്നുമല്ലെങ്കിലും കഥയില്‍ ചോദ്യമില്ല.

ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷൈജു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലാലാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് വിഷ്ണുവായി വേഷമിടുന്നത്. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിജോമോളാണ് വിഷ്ണുവിന്റെ കണ്‍മണി. ആസിഫ് അലി, ഭാവന, ലാല്‍, ജീന്‍ പോള്‍ ലാല്‍, ബാബു രാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ശ്രീനിവാസന്‍, ജോയ്മാത്യൂ തുടങ്ങി ഹണി ബീ ടുവിലെ മുഴുവന്‍ താരങ്ങളും ടെക്‌നീഷ്യന്‍മാരും ഹണി ബീ 2.5 ല്‍ അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകനെ ചിത്രത്തില്‍ ആദരിക്കുന്നുണ്ട്. അതിഥി വേഷത്തില്‍ ജയസൂര്യയും ചിത്രത്തിലെത്തുന്നുണ്ട്.