1983-ന് ശേഷം ക്രിക്കറ്റ് പശ്ചാത്തലമായി ഒരുങ്ങിയ ചിത്രമാണ് എസ്.എല്‍.പുരം ജയസൂര്യ കഥ, തിരക്കഥ, സംഭാഷണം എഴുതി സന്തോഷ് രാജന്‍ സംവിധാനം ചെയ്തിരിക്കുന്ന സച്ചിന്‍ എന്ന  ചിത്രം. 'ഇത് ക്രിക്കറ്റിനെ കുറിച്ചുള്ളൊരു കഥയോ ക്രിക്കറ്റ് കളിക്കാരന്റെ കഥയോ അല്ല. മറിച്ച്, ഒരു വ്യക്തിയുടെ ജീവിതത്തില്‍ ക്രിക്കറ്റിന് എന്തുമാത്രം സ്വാധീനം ചെലുത്താനാകും എന്നു പറയുന്ന കഥയാണ്' എന്നാണ് സിനിമയെക്കുറിച്ച് തുടക്കത്തിലേ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

സച്ചിന്‍ എന്ന യുവാവിന്റെയും അവന്റെ കൂട്ടുകാരുടെയും അവന്റെ പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇതുകൂടാതെ നാട്ടിന്‍പുറത്തെ പരസ്പരം മത്സരിക്കുന്ന ക്രിക്കറ്റ് ക്ലബുകളും കഥയ്ക്ക് പശ്ചാത്തലമൊരുക്കുന്നു. 

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ കരിയറിലെ മികച്ച ഒരു സെഞ്ചുറി നേടിയ ദിവസം ജനിച്ച മകന് ക്രിക്കറ്റ് പ്രേമിയായ അച്ഛന്‍ വിശ്വനാഥന്‍ നല്‍കിയ പേരും സച്ചിന്‍ എന്ന് തന്നെയാണ്. ജെറീസ് ഇലവന്‍ എന്ന ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളാണ് സച്ചിനും കൂട്ടുകാരും. മറ്റു ടീമുകളോട് ഏറ്റുമുട്ടി സ്ഥിരം തോല്‍വികള്‍ ഏറ്റുവാങ്ങുന്നവര്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതത്തില്‍ സംഭവിച്ചതുപോലെ കഥയിലെ സച്ചിന്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള അഞ്ജലി എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന  സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ജെറീസ് ഇലവന്റെ ബദ്ധശത്രുക്കളായ ബ്രദേഴ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ ഷൈനിന്റെ പെങ്ങളാണ് അഞ്ജലി എന്നതാണ് മറ്റൊരു വസ്തുത. 

ധ്യാന്‍ ശ്രീനിവാസനാണ് സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. അലസനും ഉത്തരവാദിത്തബോധമില്ലാത്തവനുമായ നായക കഥാപാത്രത്തെ ധ്യാന്‍ ഇതിനു മുന്‍പും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും സച്ചിനെ കയ്യടക്കത്തോടെ തന്നെ അവതരിപ്പിക്കാന്‍ ധ്യാനിനായി. അന്ന രേഷ്മ രാജനാണ് അഞ്ജലിയായി എത്തുന്നത്. സച്ചിന്റെ കൂട്ടുകാരായി വേഷമിടുന്ന അജു വര്‍ഗീസും ഹരീഷ് കണാരനുമാണ്  തിയേറ്ററില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങള്‍. കുറിക്കുന്ന കൊള്ളുന്ന കൗണ്ടറുകളുമായെത്തി ഇരുവരും കയ്യടി വാങ്ങുന്നു. അഞ്ജലിയുടെ സഹോദരനായി എത്തിയ രമേഷ് പിഷാരടിയുടെ പ്രകടനവും എടുത്ത് പറയേണ്ടത് തന്നെ. 

രഞ്ജി പണിക്കര്‍, മാല പര്‍വതി, മണിയന്‍ പിള്ള രാജു, രശ്മി ബോബന്‍, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . 

Content Highlights : Sachin Malayalam Movie review Starring Dhyan Sreenivasan Anna Rajan Aju Vargheese Hareesh Kanaran