ന്ദമായൊഴുകുന്ന ക്യാമറയില്‍ സ്വാഭാവികമായി ഇതള്‍വിരിയുന്ന കവിത. 'റോമ' എന്ന ചിത്രം കണ്ടപ്പോള്‍ ആദ്യം തോന്നിയത് ഇങ്ങനെയാണ്. അല്‍ഫോണ്‍സോ ക്യുറോണ്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ സ്വന്തം ബാല്യകാലത്തിലേക്ക് ക്യാമറ തിരിയ്ക്കുമ്പോള്‍ ഇതിലേറെയൊന്നും പ്രതീക്ഷിക്കാനില്ല. ആത്മകഥാപരമായ ചിത്രത്തില്‍ ഓരോ ചെറുകാര്യത്തിനും അദ്ദേഹം നല്‍കിയിരിക്കുന്ന ശ്രദ്ധയും ആഖ്യാനത്തിലെ സൂക്ഷ്മതയും ചിത്രത്തെ ആസ്വദിച്ചു മതിവരാത്ത ഒരു ക്ലാസിക് ആക്കിമാറ്റുന്നു.

2013ല്‍ മികച്ച ചിത്രത്തിനും സംവിധായകനും ഉള്‍പ്പെടെ ഏഴ് ഓസ്‌ക്കർ പുരസ്‌കാരങ്ങള്‍ നേടിയ ഗ്രാവിറ്റിയ്ക്ക് ശേഷം അല്‍ഫോണ്‍സോ ക്യുറോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അടിമുടി അദ്ദേഹത്തിന്റെ കരസ്പര്‍മുണ്ട്. ചിത്രത്തിന്റെ തിരക്കഥയ്ക്ക് പുറമേ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ആഡം ഗഫിനൊപ്പം എഡിറ്റിങിലും പങ്കാളിയാണെന്നത് കൂടാതെ സഹനിര്‍മാതാവായും ക്യുറോണ്‍ റോമയ്ക്കൊപ്പമുണ്ട്.

ക്ലിയോ എന്ന ആയയെ കേന്ദ്രമാക്കി എഴുപതുകളിലെ ഒരു മെക്സിക്കന്‍ മധ്യവര്‍ഗ കുടുംബത്തിന്റെ കഥയാണ് റോമ പറയുന്നത്. തന്റെ ബാല്യത്തിന്റെ കഥ പറയുമ്പോള്‍ താന്‍ വളര്‍ന്ന മെക്സിക്കോയിലെ റോമയെന്ന ചെറുനഗരത്തിന്റെ പേരു തന്നെയാണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്നതും.

തറയോടുകള്‍ പാകിയ ഒരു മുറ്റത്തിന്റെ നീണ്ടുനില്‍ക്കുന്ന ഒരു ക്ലോസപ്പ് ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. തറ കഴുകുന്നതിന്റെ ശബ്ദം പിന്നണിയില്‍ കേള്‍ക്കാം. ടൈറ്റിലുകള്‍ തെളിയുമ്പോഴേക്കും തറ കഴുകുന്ന വെള്ളം സ്‌ക്രീനിലേക്ക് ഒഴുകിയെത്തുന്നു. അതിന്റെ പ്രതിഫലനത്തില്‍ ഒരു  വിമാനം പറന്നുപോകുന്നതും ഇടയ്ക്ക് കാണാം. തറയില്‍ നിന്ന് മെല്ലെ മുകളിലേക്ക് സഞ്ചരിക്കുന്ന ക്യാമറ ക്ലിയോ എന്ന വീട്ടുജോലിക്കാരിയുടെ/ആയയുടെ ജീവിതത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

കഥാപാത്രത്തെ കൃത്യമായി പിന്തുടരാതെ വീടിനകത്തും പുറത്തും സ്വതന്ത്രമായി ഒഴുകുന്ന ക്യാമറയില്‍ കഥാപാത്രങ്ങളുടെ ജീവിതം സ്വാഭാവികമായി സ്‌ക്രീനിലെത്തിക്കുകയാണ് സംവിധായകന്‍. തന്റെ ഭൂതകാല സ്മൃതികളെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം നോക്കിക്കാണുന്ന ഒരാളായി സംവിധായകന്‍ സ്വയം അവരോധിച്ചിരിക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തിരിക്കുന്ന ചിത്രം പ്രേക്ഷകനെയും സംവിധാകന്റെ ഓര്‍മകളിലേക്ക് ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

ആരംഭദൃശ്യങ്ങളില്‍ വീടിനകത്തുകൂടി പാന്‍ ചെയ്യുന്ന ക്യാമറിയുടെ ഫ്രെയിമിലേയ്ക്ക് ഇടയ്ക്ക് വന്നും പോയും ഓടിനടന്ന് ജോലി ചെയ്യുന്ന ക്ലിയോയുടെ ദൃശ്യങ്ങള്‍ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തും. ഇത്തരത്തില്‍ ദീര്‍ഘവും ഉജ്ജ്വലവുമായ ദൃശ്യങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. ക്ലിയോയെ പ്രസവത്തിന്റെ രംഗങ്ങളും കടലില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്ന രംഗങ്ങളും 1971ല്‍ 120 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട കോര്‍പ്പസ് ക്രിസ്റ്റി കൂട്ടക്കൊലയുടെയുമെല്ലാം പ്രേക്ഷകനെ അമ്പരപ്പിക്കുക തന്നെ ചെയ്യും. വിദൂരദൃശ്യങ്ങളുടെയും സമീപദൃശ്യങ്ങളുടെയും ഉജ്ജ്വലമായ സമന്വയവും ചിത്രത്തില്‍ കാണാം.

കഥ പറയാന്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികയ്ക്കപ്പുറം ആസ്വാദകനെ പിടിച്ചിരുത്തുന്ന കഥാഗതി തന്നെയാണ് റോമയുടെ കാതല്‍. ക്ലിയോയുടെയും വീട്ടുമടസ്ഥ സോഫിയയുടെയും ജീവിതത്തിലൂടെ സ്ത്രീകള്‍ എക്കാലത്തും അനുഭവിക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയെയും സംവിധായകന്‍ വരച്ചിടുന്നു. കുട്ടികളുമായുള്ള ക്ലിയോയുടെ വൈകാരിക ബന്ധത്തിനും ചിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്.

മാരിറ്റ്സ അപാരിസിയോയുടെ ക്ലിയോ അഭിനയത്തിലെ മിതത്വം കൊണ്ടും ശരീരഭാഷയിലെ ചടുലത കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ഒരു വീട്ടുജോലിക്കാരിയായിമാറി. മറീന ദെ ടവീരയുടെ സോഫിയയും കുട്ടികളായെത്തിയവരും എന്തിന് വീട്ടിലെ വളര്‍ത്തുനായ വരെ ചിത്രത്തില്‍ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. കാണാതെപോയാല്‍ നഷ്ടമെന്ന് ഉറപ്പിച്ചുപറയാവുന്ന ഒരു ക്ലാസിക് തന്നെയാണ് റോമ.

Content Highlights: Roma Film Review IFFK 2018