സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുമെങ്കില്‍ അതിനെ ഉഗ്രന്‍ എന്ന് നിസംശയം വിശേഷിപ്പിക്കാം. അങ്ങനെ പറയാവുന്ന ഗണത്തില്‍ പെടുന്നതാണ്  തീയറ്ററില്‍ പൂര്‍ണമായും കാഴ്ചക്കാരനെ ത്രസിപ്പിക്കുന്ന രാക്ഷസന്‍ എന്ന പുതിയ ചിത്രം. സൈക്കോ ഹൊറര്‍ ത്രില്ലറായ രാക്ഷസന്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ തെക്കേ ഇന്ത്യന്‍ സിനിമാവ്യവസായത്തില്‍ വിജയചിത്രങ്ങളുടെ പട്ടികയില്‍ തമിഴ്‌സിനിമകളുടെ എണ്ണം കൂടുന്നു. 96 ന് പിന്നാലെ മറ്റൊരു വിജയചിത്രം കൂടി തമിഴില്‍ നിന്നെത്തി. 

ഒരിടത്തും കൈവിട്ടു പോകാതെ ഒതുക്കത്തോടെ ഒരു ഹൈപ്പര്‍ ത്രില്ലിങ് എക്‌സ്പീരിയന്‍സ് കാഴ്ചക്കാരന് നല്‍കാന്‍ രാക്ഷസനിലൂടെ സംവിധായകന്‍ രാംകുമാറിനു കഴിഞ്ഞു. സംവിധായകന്റെ കഴിവിന് ലഭിക്കുന്ന  അംഗീകാരമാണ്‌ ഓര്‍ക്കാപ്പുറത്ത് തീയറ്ററില്‍ ഉയരുന്ന കൈയടികള്‍. വിഷയത്തില്‍ പുതുമയില്ലെങ്കിലും പുതുമയുള്ള അവതരണം സിനിമയുടെ അവസാനം വരെ നിലനിര്‍ത്താനായത് പ്ലസ് പോയിന്റാണ്. ഹൊറര്‍-വയലന്‍സ് രംഗങ്ങള്‍ മടുപ്പിക്കുന്ന തീവ്രതയില്‍ മുന്നിലെത്തിക്കാതെ പ്രേക്ഷകനില്‍ അവയുടെ അനുഭവം സൃഷ്ടിക്കാനായത് സംവിധായകന്റെ വിജയമാണ്. സങ്കല്‍പിക്കാത്ത തലങ്ങളിലേക്ക് കാഴ്ചക്കാരനെ എത്തിക്കാന്‍ കഴിയുന്നെങ്കില്‍ ആ ചിത്രം മികച്ചത് തന്നെയാണ്. 

രാംകുമാറിന്റെ സംവിധാനവും തിരക്കഥയും ഗംഭീരമായപ്പോള്‍ രാക്ഷസനെ ഉഗ്രനാക്കി തീര്‍ത്തതില്‍ എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും ഒന്നിനൊന്നു മത്സരിച്ചു. ജിബ്രാന്റെ പശ്ചാത്തലസംഗീതത്തിന് സംവിധായകന്‍ സങ്കല്‍പിച്ച തലത്തിനപ്പുറത്തേക്ക് കാഴ്ചക്കാരനെ എത്തിക്കാന്‍ കഴിഞ്ഞു. സംഗീതത്തിനൊപ്പം കാണുന്നവരുടെ മനസും സഞ്ചരിച്ചുവെന്നത് ജിബ്രാന്‍ ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ വിജയമായി. പിഴവുകളില്ലാതെ രംഗങ്ങള്‍ എഡിറ്റു ചെയ്ത സാന്‍ ലോകേഷ് സിനിമയുടെ ത്രില്ലിങ് അനുഭവം ഇരട്ടിയാക്കി. 

അഭിനേതാക്കളെല്ലാം തന്നെ അവരുടെ ഭാഗം ഭംഗിയാക്കി. വിഷ്ണു വിശാല്‍ അതിനടനമില്ലാതെ ഇന്‍സ്‌പെക്ടര്‍ അരുണിനെ വെള്ളിത്തിരയിലെത്തിച്ചു.അലക്‌സ് ക്രിസ്റ്റഫറും രാധാരവിയും നിഴല്‍കള്‍ രവിയും രാംദാസും വിനോദിനിയും നന്നായി.നായികയാണെങ്കിലും അമലാപോളിന് അധികമായൊന്നും ചെയ്യാനില്ലായിരുന്നു. സിനിമയിലെത്തിയ ബാലതാരങ്ങളുടെ അഭിനയവും മികച്ചതായി. 

സാങ്കേതിക വശങ്ങളെല്ലാം മികച്ചതാക്കി ഒരുമിച്ചപ്പോള്‍ രാംകുമാറിന് അഭിമാനിക്കാവുന്ന വിജയം രാക്ഷസന്‍ നേടുമെന്ന കാര്യം ഉറപ്പാണ്. രാക്ഷസന്റെ അവസാനരംഗത്തൊരുക്കിയ സംഘട്ടനം ഇന്ദ്രജാലത്തിന്റെ അകമ്പടിയില്‍  കാഴ്ചക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന വിസ്മയമൊരുക്കി. സംശയമില്ല,  അമ്പരപ്പിക്കുന്ന, മനസിനെ മറ്റൊരു തലത്തിലെത്തിക്കുന്ന സിനിമ കാണാനാഗ്രഹിക്കുന്നവര്‍ക്ക് രാക്ഷസന്‍ മികച്ച ഒരനുഭവമാണ്.