തസ്പര്‍ധയ്ക്ക് രണ്ടറ്റങ്ങളുണ്ട്. ഒന്ന് തീവ്രമാണെങ്കില്‍ മറ്റൊന്ന് ലോലവും. ചെമ്പിരിക്കാ എന്ന ഗ്രാമത്തിലുണ്ടാകുന്ന മതസ്പര്‍ധയുടെ കഥയാണ് സുജിത്ത് ലാലിന്റെ സംവിധാനത്തിലൊരുങ്ങിയ 'രണ്ട്' പറയുന്നത്. മതസൗഹാര്‍ദത്തില്‍ വിശ്വസിക്കുന്ന വാവയുടെ (വിഷ്ണു ഉണ്ണികൃഷ്ണന്‍) കഥയാണ് ചിത്രം പറയുന്നത്. തനി നാട്ടിന്‍പുറത്തുകാരന്റെ ശൈലിയും മനോഭാവങ്ങളും അതേ പടി വെള്ളിത്തിരയില്‍ പകര്‍ന്നാടാറുള്ള വിഷ്ണു ഉണ്ണികൃഷ്ണന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 

കെ.ജി.പി., കെ.എന്‍.എല്‍. എന്നിങ്ങനെ രണ്ട് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. കെ.ജി.പി. എന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണ്‍ നളിനന്‍ (ടിനി ടോം) ആണ്. വാവ ഈശ്വരവിശ്വാസിയാണ്. പക്ഷേ, അന്ധവിശ്വാസിയല്ല. ദൈവത്തിനായി ലക്ഷങ്ങള്‍ പൊടിക്കുന്നത് ന്യായമല്ലെന്ന് പക്ഷക്കാരനാണ് വാവ. നളിനന് ഈ നിലപാടിനോട് യോജിപ്പില്ല. മാത്രമല്ല, മറ്റ് മതക്കാരുമായുള്ള വാവയുടെ കൂട്ടുകെട്ടും തെറ്റായി ചിത്രീകരിക്കപ്പെടുന്നു.

ഒരിക്കൽ ഒരാവശ്യത്തിനായി പുറത്ത് പോവുന്ന വാവയുടെ വയറ് പണിമുടക്കുകയും അടുത്തുള്ള മുസ്ലിം പള്ളിയിലെ ശൗചാലയത്തിൽ വാവ അഭയം പ്രാപിക്കുകയും ചെയ്യുന്നു. തുടർന്ന് വാവയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. 

വാവയുടെ നിസഹായതയെ നോട്ടങ്ങളിലൂടെയും വാക്കുകളിലൂടെയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ വിഷ്ണു ഉണ്ണികൃഷ്ണന് കഴിഞ്ഞു. 'കട്ടപ്പനയിലെ ഋതിക്‌ റോഷന്‍' എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍റെ തികച്ചും വേറിട്ട പ്രകടനമാണ് രണ്ടിലുള്ളത്.

കണ്ടു പഴകിയ സിനിമകളില്‍നിന്ന് വേറിട്ട ട്രാക്കിലാണ് 'രണ്ട്' സഞ്ചരിക്കുന്നത്. ഷാജഹാനായി എത്തിയ സുധി കോപ്പ, മുജീബായി എത്തിയ ഇര്‍ഷാദ് എന്നിവരുടെ മികച്ച പ്രകടനം എടുത്തുപറയേണ്ടതാണ്. എടപ്പാള്‍ ഓട്ടം റഫറന്‍സ് ഒക്കെ ചിത്രത്തെ ആനുകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ച് നിര്‍ത്തുന്നു. മതങ്ങളും വര്‍ഗീയവാദികളും ചേര്‍ന്ന് എങ്ങനെ ഒരു സമൂഹം കുട്ടിച്ചോറാക്കുന്നുവെന്നന്നത്‌ 'രണ്ട്' പറഞ്ഞുവയ്ക്കുന്നുണ്ട്. 

Content Highlights: randu malayalam movie review,vishnu unnikrishnan, reshma anna rajan