മേരിക്കന്‍ മലയാളിയുടെ കഥ പലകുറി, പലതരത്തില്‍ മലയാള സിനിമയില്‍ വന്നിട്ടുണ്ട്, മിക്കവയും ഫാമിലി കോമഡി ഡ്രാമകളാണെങ്കിലും പ്ലോട്ട് മിക്കപ്പോഴും ഏതെങ്കിലുമൊരു കുറ്റകൃത്യത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ളതു കൗതുകകരമായൊരു കാര്യമാണ്. നവാഗതനായ നിര്‍മല്‍ സഹദേവിന്റെ രണമാകട്ടെ പൂര്‍ണമായും ഒരു ക്രൈം ത്രില്ലറാണ്. കുടിയേറ്റ അമേരിക്കയിലെ ഡ്രഗ് വാറിനെപ്പറ്റി പറയുന്ന വൈകാരിക ക്രൈം ത്രില്ലര്‍.

ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന ട്രെയ്ലറായിരുന്നു രണത്തെക്കുറിച്ച് പ്രതീക്ഷ ഉയര്‍ത്തിയത്. ആ ദൃശ്യങ്ങള്‍ത്തന്നെയാണ് സിനിമയുടെയും ഹൈലൈറ്റ്. പക്ഷേ, അതിനപ്പുറമുള്ള ഒരു കാഴ്ചയായി രണം പലപ്പോഴും ഉയരുന്നില്ല. ഗ്യാങ് വാറുകളുടെ പതിവ് ഏറ്റുമുട്ടലുകളെ വൈകാരികമായി അവതരിപ്പിക്കുകയാണ് നിര്‍മല്‍ സഹദേവ്. അവതരണമികവിലും സിനിമയുടെ റിയലിസ്റ്റിക് പരിചരണത്തിലും ക്ലാസ് നിലവാരം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും വേറിട്ടവഴിയിലൂടെ പോകാത്ത പ്രമേയം അത്ര ആവേശമൊന്നും തരുന്നില്ല. 

ബ്ലാക് റവലൂഷന് മുമ്പ് അമേരിക്കയുടെ ഓട്ടോമൊബീല്‍ ക്യാപ്പിറ്റലായിരുന്ന ഡെട്രോയിറ്റ് നഗരത്തിന്റെ അധോലോകത്തെക്കുറിച്ചാണ് രണം ഡെട്രോയിറ്റ് ക്രോസിങ് പറയുന്നത്. റെഡെക്സ് എന്ന പാര്‍ട്ടി ഡ്രഗിന്റെ കച്ചവടക്കാരനായ ദാമോദര്‍ രത്നം എന്ന ശ്രീലങ്കന്‍ വംശജനും (റഹ്മാന്) അയാളില്‍നിന്ന് വേര്‍പിരിഞ്ഞു രക്ഷപ്പെട്ടുപോകാന്‍ ശ്രമിക്കുന്ന ആദിയും(പൃഥ്വിരാജ് സുകുമാരന്‍) ഇവര്ക്കിടയില്‍പ്പെടുന്ന മനുഷ്യരുമാണ് രണത്തിലെ കഥാപാത്രങ്ങള്‍. 

മുറിവേറ്റ ആദിയുടെ ദൃശ്യത്തിലൂടെ പിന്നോട്ടുപോകുന്ന സിനിമ ഡെട്രോയിറ്റിന്റെ ചരിത്രം പറഞ്ഞാണു തുടങ്ങുന്നത്. ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തോടെ, ചടുലമായ ആക്ഷന്‍ രംഗങ്ങളോടെ മുന്നേറുന്ന സിനിമ ഒന്നാം പകുതിയെ പ്രതീക്ഷയോടെ സംഭവബഹുലമാക്കുന്നുണ്ട്. മുഖ്യട്രാക്കില്‍നിന്ന് ഒരിക്കല്‍ പോലും വഴിമാറുന്നില്ലെങ്കിലും ഇടവേള കഴിയുമ്പോള്‍ സിനിമ ഇടയ്ക്കൊക്കെ ഒന്നു സ്ലോ ഡൗണ് ചെയ്യുന്നുണ്ട്. എങ്കിലും ഒരു ത്രില്ലിങ് ക്ലൈമാക്സില്‍ അവസാനിക്കാനാകുന്നുണ്ട്. 

അമേരിക്ക എന്നും കുടിയേറ്റക്കാരുടെ വാഗ്ദത്ത ഭൂമിയാണ്. അമേരിക്കയെക്കുറിച്ച് നമ്മള്‍ കണ്ടിട്ടുള്ള സിനിമകളും, ആ പണക്കൊഴുപ്പും ജീവിതസൗകര്യങ്ങളും കാട്ടി അസൂയയുടെ നെടുവീര്‍പ്പുയര്‍ത്തുന്നതാണ്. സമീപകാലത്ത് ഇറങ്ങിയ അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള മലയാള സിനിമകള്‍ എ.ബി.സി.ഡി, മണ്‍സൂണ്‍ മാംഗോസ്, ഇവിടെ, സി.ഐ.എ. എന്നിവ പുതുതലമുറ കുടിയേറ്റക്കാരുടെ അതിജീവനത്തിന്റെ പ്രശ്നങ്ങള്‍ പറയുന്നവയാണ്. രണം അതിന്റെ തുടര്‍ച്ചയാണ്. 

ഡ്രഗ് അഡിക്ടായ കൗമാരക്കാരിയുടെ അമ്മയാണ് നായിക ഇഷ തല്‍വാര്‍. ഡെട്രോയിറ്റിലെ അഴുക്കില്‍ കുടുങ്ങിപ്പോയവരാണ് ഭാസ്‌കറും(നന്ദു) കുടുംബവും. ഈ കഥാപാത്രങ്ങളെയെല്ലാം വിശ്വസനീയമായി പരസ്പരം ബന്ധിപ്പിക്കാന് നിര്മല്‍ സഹദേവ് തന്നെ എഴുതിയ തിരക്കഥയിലെ യാദൃച്ഛികതകള്‍ക്കു കഴിയുന്നുണ്ട്. എന്നാല്‍ ഈ വൈകാരികതയ്ക്കു ചെലവഴിക്കുന്ന സമയം ചിലപ്പോഴൊക്കെ സിനിമയെ നീട്ടിവലിച്ചിഴയ്ക്കുന്നുമുണ്ട്.

പൃഥ്വിരാജിന്റെ സാന്നിധ്യമാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. പൃഥ്വിയുടെ സ്ഫുടമായ ശബ്ദത്തിലാണ് കഥാപശ്ചാത്തലം മനസ്സിലാക്കിത്തരുന്ന രീതിയിലുള്ള വിവരണവും. ആദി പൃഥ്വിയുടെ ടിപ്പിക്കല്‍ സീരിയസ് ഗൈ റോളുകളിലൊന്നാണ്. ആക്ഷന് രംഗങ്ങളിലെ പൃഥ്വിയുടെ മികവ് എടുത്തുപറയേണ്ടതാണ്. ഇടവേളയ്ക്കുശേഷം മലയാളത്തില് പ്രതിനായകനെ അവതരിപ്പിച്ച റഹ്മാന് മറ്റുള്ളവരെക്കാള്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്.

ഭൂട്ടാന് സ്വദേശി ജിഗ്മെ ടെന്സിങ്ങാണ് ഛായാഗ്രഹണം. ഒരേസമയം ഡോക്യുമെന്ററിയുടെയും ആക്ഷന്‍ സിനിമയുടെയും മൂഡിലേക്കു മാറാനും മലയാളം കണ്ടുപരിചയിക്കാത്ത ദൃശ്യപരിചരണം നല്‍കാനും ജിഗ്മെ ടെന്സിങ്ങിനായിട്ടുണ്ട്.