ഓണ്‍ലൈന്‍ ടാക്‌സികളുടെ കാലമാണിത്. പരസ്പരം മുഖം കാണാതെ ഇന്റര്‍നെറ്റില്‍ ബന്ധമുറപ്പിക്കുന്ന ഡ്രൈവറും സവാരിക്കാരനും. പ്രവാസി ജീവിതം വെടിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന രമേശന്‍ ഒരു സ്വാതന്ത്ര്യദിനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായി പുതിയ ജീവിതമാരംഭിക്കുകയാണ്, ഭാര്യയെയും മക്കളയെും പോറ്റാനുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിനായി.
നവാഗത സംവിധായകനായ സുജിത് വിഘ്‌നേശ്വറിന്റെ 'രമേശന്‍ ഒരു പേരല്ല' എന്ന സിനിമ ഈ ലളിതമായ ഇതിവൃത്തത്തിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതിജീവനത്തിനുള്ള അത്യാര്‍ത്തിയില്‍ മറ്റു ജീവിതങ്ങളെ തട്ടിയെറിയുന്ന മനുഷ്യനെ അവന്റെ എല്ലാ തിന്‍മകളോടും കൂടി സുജിത് വരച്ചിടുന്നു. ഒരുപക്ഷേ, സംവിധായകന്‍ ആഗ്രഹിച്ചതിലുമപ്പുറം സ്വാഭാവികമായി രമേശനെ അവതരിപ്പിച്ച മണികണ്ഠന്‍ പട്ടാമ്പിയാണ് ഈ ചിത്രത്തിന്റെ ജീവന്‍.
കേള്‍വിപ്രശ്‌നമുള്ളതിനാല്‍ ഹിയറിംഗ് എയ്ഡ് വേണ്ടുന്ന, ഒരു പരിധിക്കപ്പുറം ശബ്ദമുയര്‍ന്നാല്‍ വിഭ്രാന്തിലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രമേശന് എല്ലാവരോടും സ്‌നേഹമാണ്. കഴിയുമെങ്കില്‍ ആരെയും സഹായിക്കും. അതുകൊണ്ടുതന്നെ, തന്റെ ടാക്‌സിയിലെ സവാരിക്കാരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുകയും അവരുടെ സന്തോഷവും ദുഃഖവും പങ്കിടുകയും ചെയ്യുന്നു രമേശന്‍. അയാളുടെ ആദ്യദിവസത്തിന്റെ കണക്കുകള്‍ തെറ്റിക്കുന്നത് ഒടുവില്‍ വന്നുകയറുന്ന ചെറുപ്പക്കാരുടെ സംഘമാണ്. രാത്രിയാവുമ്പോള്‍ രമേശന്‍ ലോക്കപ്പിലാണ്! ചെയ്ത 'കുറ്റം' ഒരാളെ സഹായിക്കാന്‍ ശ്രമിച്ചതും. സത്യത്തില്‍ രമേശന്‍ ഒരു പേരല്ല; അത് സഹായിച്ച കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്ന സാധാരണക്കാരന്റെ പര്യായമാണ്!
സ്വാധീനമുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള നമ്മുടെ നിയമവ്യവസ്ഥ, മദ്യാസക്തിയും മയക്കുമരുന്നും കാരണം സ്വാര്‍ത്ഥസംരക്ഷണം മാത്രം മൂല്യമായി കാണുന്ന യുവാക്കള്‍, തൊലിനിറത്തിന്റെ പേരിലുള്ള വിവേചനം തുടങ്ങി നമ്മുടെ സമൂഹം പൊതുവെ കണ്ടില്ലെന്നു നടിക്കുന്ന പ്രശ്‌നങ്ങളിലേക്ക് സിനിമ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. രാജേഷ് ശര്‍മ, ദിവ്യദര്‍ശന്‍, ശൈലജ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഗാനങ്ങളൊരുക്കിയ ജെമിനി ഉണ്ണിക്കൃഷ്ണന്റെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ മികച്ച പങ്ക് വഹിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് സുനില്‍ പ്രേമിന്റെ ഛായാഗ്രഹണമാണ്.
ഒരു ചെറിയ ചിത്രം പ്രൊഫഷണല്‍ മികവോടെ തയ്യാറാക്കാനും തിയേറ്ററുകളിലെത്തിക്കാനും ഒരു പറ്റം മികച്ച കലാകാരന്‍മാരെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കാനും സാധിച്ചതില്‍ നിര്‍മാതാവുകൂടിയായ സുജിത്തിന് അഭിമാനിക്കാം. തിരക്കഥയിലും ചില അഭിനേതാക്കളുടെ പ്രകടനത്തിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എങ്കിലും 'രമേശന്‍ ഒരു പേരല്ല' പ്രേക്ഷകനെ നിരാശപ്പെടുത്തില്ലെന്നുറപ്പ്.
Content Highlights: Ramesan Oru Peralla malayalam movie Review