രു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിവാദങ്ങള്‍ക്കൊടുവിലാണ് രാമലീല എന്ന ദിലീപ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനിടയാക്കിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. സിനിമയിലെ നായകന്‍ നിയമനടപടികള്‍ നേരിട്ട് റിമാന്‍ഡില്‍ കഴിയുമ്പോള്‍ അയാളുടെ ചിത്രം റിലീസ് ചെയ്യപ്പെടുന്നതും മലയാളത്തില്‍ ആദ്യമായിരിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് രാമലീല എന്ന സിനിമ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുന്നത്. 

ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ മറ്റേതൊരു സിനിമയേയും പോലെയല്ല പ്രേക്ഷകര്‍ ഈ ചിത്രം കാണുക. പ്രേക്ഷകന്റെ മനസ്സിലേയ്ക്ക് യാഥാര്‍ഥ്യവും സിനിമയും മാറിമാറി കടന്നുവരും. പാരസ്പര്യങ്ങളും ഒത്തുനോക്കലുകളും വിലയിരുത്തലുകളും അവിടെ സംഭവിക്കും. കുറ്റവും ശിക്ഷയും രക്ഷപ്പെടലുമെല്ലാം പ്രമേയമാകുന്ന ഈ ചിത്രത്തില്‍, ദിലീപ് എന്ന താരശരീരത്തെ കഥാപാത്രമായും സാധാരണക്കാരനായ ഒരു മനുഷ്യനായും പ്രേക്ഷകര്‍ ചിലപ്പോള്‍ മാറിമാറി കണ്ടേക്കാം. ദിലീപ് രാമനുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാമലീല എന്ന ചിത്രത്തിന് ഇങ്ങനെയൊരു പ്രതിസന്ധിയെ നേരിട്ടേ മതിയാകൂ എന്നുറപ്പ്.

കേരളത്തിലെ ഇടത്-വലത് കക്ഷിരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചാണ് രാമലീലയിലെ പ്രമേയം രൂപപ്പെടുത്തിയിട്ടുള്ളത്. ഇടതു രാഷ്ട്രീയ കക്ഷിയായ ഡിസിപിയിലെ ഒരു എംഎല്‍എ ആയ രാമനുണ്ണി സ്വന്തം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി മോഹനുമായി തെറ്റി പാര്‍ട്ടി വിടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇടതുപക്ഷ കക്ഷിയിലെ സമുന്നത നേതാവായിരുന്ന പിതാവിന്റെ രക്തസാക്ഷിത്വത്തിനു പിന്നിലെ ആളെ തിരിച്ചറിയുന്നതോടെയാണ് അയാള്‍ പാര്‍ട്ടി വിടുന്നത്. ഡിസിപി വിട്ട് വലതുപക്ഷ പാര്‍ട്ടിയായ എന്‍എസ്പിയില്‍ ചേരുന്ന രാമനുണ്ണി ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്പി പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിക്കുന്നു. ഡിസിപിയിലെ വനിതാ നേതാവായ അമ്മയെ എതിര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുന്നതോടെ രംഗം കൊഴുക്കുന്നു.

പ്രചരണപരിപാടികള്‍ക്കിടയിലാണ് രാമനുണ്ണികൂടി സന്നിഹിതനായ ഒരു ഫുട്‌ബോള്‍ മാച്ചിനിടയില്‍ ജില്ലാ സെക്രട്ടറി മോഹന്‍ കൊല്ലപ്പെടുന്നത്. സാഹചര്യങ്ങള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം രാമനുണ്ണിയില്‍ ആരോപിക്കുകയും അയാള്‍ ഒളിവില്‍ പോകുകയും ചെയ്യുന്നു. തുടര്‍ന്ന് ഒളിവില്‍ ഇരുന്നുകൊണ്ട് തന്റെമേല്‍ ആരോപിക്കപ്പെട്ട കൊലക്കുറ്റത്തില്‍ നിന്ന് അന്വേഷണം വഴിതരിച്ചുവിട്ട് നിരപരാധിയാണെന്ന് സ്ഥാപിക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. 

രാഷ്ട്രീയ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന മറ്റേതൊരു മലയാള ചിത്രത്തെയും പോലെ തന്ത്രങ്ങളും പ്രതികാരവും ഏറ്റുമുട്ടലുകളുമൊക്കെയാണ് ചിത്രം. സിനിമയിലെ ഇടത്-വലത് രാഷ്ട്രീയത്തിന് കേരളത്തിലെ കക്ഷിരാഷ്ട്രീയത്തോട് സാദൃശ്യങ്ങള്‍ കണ്ടെത്താന്‍ സിനിമ ശ്രമിക്കുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന ഇടതുരാഷ്ട്രീയത്തിന്റെ ഇരയാണ് രാമനുണ്ണിയുടെ അച്ഛന്‍ എന്ന് സിനിമ പറയുന്നു. അതിന്റെ പ്രതികാരമാണ് രാമനുണ്ണിയിലൂടെ നിറവേറപ്പെടുന്നത്.

കുറ്റം, ശിക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള മലയാള സിനിമയുടെ സാമ്പ്രദായിക കാഴ്ചപ്പാടുകള്‍ തന്നെയാണ് സിനിമ പിന്തുടരുന്നത്. മുഖ്യധാരാ മലയാള സിനിമയെ സംബന്ധിച്ച് കുറ്റം, ശിക്ഷ എന്നിവ എക്കാലത്തും പ്രിയപ്പെട്ട പ്രമേയ മേഖലകളായിരുന്നു. നീതിയുടെ ഉപാധികളില്ലാത്ത വിജയമാണ് എല്ലായ്‌പ്പോഴും നമ്മുടെ സിനിമകളൊക്കെ ആഘോഷിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാ നായകന്‍മാരും വില്ലനെ തോല്‍പിച്ച് നീതി നടപ്പാക്കുന്നിടത്ത് നമ്മുടെ ചലച്ചിത്രങ്ങള്‍ക്ക് തിരശ്ശീലവീഴുന്നത്. നീതി നടപ്പായി കാണുന്നതില്‍ പ്രേക്ഷകനുള്ള അതീവ താല്‍പര്യം എപ്പോഴും നമ്മുടെ മുഖ്യധാരാ സിനിമാക്കാരൊക്കെ കൃത്യമായി പാലിച്ചിരുന്നു എന്നു ചുരുക്കം. 

സാന്ദര്‍ഭികമായി തെറ്റു ചെയ്യേണ്ടിവന്ന നായകനെ അതിലേയ്ക്കു നയിച്ച സാഹചര്യം ചൂണ്ടിക്കാട്ടി ന്യായീകരിക്കാന്‍ നമ്മുടെ സിനിമകള്‍ എല്ലായ്‌പോഴും ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ നായകന്‍ അകാരണമായി അനീതി പ്രവര്‍ത്തിക്കില്ല എന്ന് നമ്മുടെ സിനിമാക്കാര്‍ പ്രേക്ഷകരെ പഠിപ്പിച്ചുവെച്ചിട്ടുണ്ട്. തെറ്റുകാരന്‍ ശിക്ഷിക്കപ്പെടണം എന്നതുപോലെതന്നെ, തെറ്റുകാരനല്ലാത്ത നായകന്‍ ശിക്ഷിക്കപ്പെടരുതെന്നും മോചിപ്പിക്കപ്പെടണമെന്നും മലയാളി പ്രേക്ഷകന്‍ ആഗ്രഹിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നായക കഥാപാത്രം ഒന്നുകില്‍ നിരപരാധിയായിരിക്കുമെന്നും അല്ലെങ്കില്‍ അയാള്‍ ചെയ്യുന്ന തെറ്റിന് ന്യായീകരണമുണ്ടാവുമെന്നും കഥാന്ത്യത്തില്‍ അയാളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും പ്രേക്ഷകന്‍ മുന്‍കൂട്ടി പ്രതീക്ഷിക്കുന്നു. 

സിനിമയിലെ നായകന്റെ പ്രവൃത്തികള്‍ക്ക് സാമൂഹ്യമായ സാധൂകരണം ഉറപ്പാക്കാനും നീതീകരിക്കാനും എക്കാലത്തും നമ്മുടെ സിനിമകള്‍ ശ്രമിച്ചപ്പോള്‍, സ്ത്രീ/നായിക കഥാപാത്രങ്ങള്‍ക്ക് പലപ്പോഴും ഈ ആനുകൂല്യം ലഭിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാല്‍, പൊതുബോധം പങ്കുവയ്ക്കുന്ന മൂല്യസങ്കല്‍പങ്ങളെ അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന പതിവു ചിട്ടവട്ടങ്ങളില്‍ തന്നെയാണ് രാമലീല.

സംഭവങ്ങളെ അമിതമായി സെന്‍സേഷണലൈസ് ചെയ്യാനുള്ള മാധ്യമങ്ങളുടെ തിടുക്കത്തെ രാഷ്ട്രീയക്കാരാണ് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യാറുള്ളത്. ഒരു കുറ്റകൃത്യം നടന്നാല്‍ പ്രതിയെ പോലീസ് പിടികൂടുംമുന്‍പ് മാധ്യമങ്ങള്‍ പ്രതിയെ കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നു എന്നത് മാധ്യമങ്ങള്‍ക്കു നേരെ നിരന്തരം ഉയര്‍ന്നുവരാറുള്ള വിമര്‍ശനമാണ്. താന്‍ കുറ്റവാളിയാക്കപ്പെടുമ്പോഴും അതില്‍നിന്ന് രക്ഷപ്പെടാന്‍ തക്ക കൗശലങ്ങളുള്ള രാഷ്ട്രീയക്കാരനാണ് രാമനുണ്ണി. അതിനായി അയാള്‍ മാധ്യമങ്ങളെ ഉപാധിയാക്കുന്നു. പ്രയാഗ മാര്‍ട്ടിന്‍ അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകയായ ഹെലേന എന്ന കഥാപാത്രമാണ് ഈ പങ്ക് നിര്‍വഹിക്കുന്നതിന് രാമനുണ്ണിക്കൊപ്പമുള്ളത്.

സെന്‍സേഷണല്‍ വാര്‍ത്തകളോടുള്ള മാധ്യമങ്ങളുടെ താല്‍പര്യം മുതലെടുത്ത്, സുഹൃത്തുക്കളും കാമുകിയും പോലും തിരിച്ചറിയാതെ തന്റെ പദ്ധതികള്‍ രാമനുണ്ണി നടപ്പാക്കുന്നു. വാര്‍ത്തകള്‍ സൃഷ്ടിച്ച്, അനുകൂലമായ അഭിപ്രായ രൂപീകരണം നടത്തി, നിയമസംവിധാനങ്ങളെ മറികടക്കാന്‍ അയാള്‍ക്കാകുന്നു. പോലീസും സാധാരണ ജനങ്ങളും മാധ്യമങ്ങളിലൂടെ അയാള്‍ പുറത്തുവിടുന്ന തെളിവുകള്‍ക്കു പിന്നാലെ പായുന്നു. രാമലീലയുടെ തിരക്കഥാകൃത്തായ സച്ചി തന്നെ തിരക്കഥയൊരുക്കിയ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലേതും സമാന പശ്ചാത്തലമായിരുന്നു എന്നത് ഇവിടെ ഓര്‍ക്കാം.

ആധുനിക ജനാധിപത്യ സമൂഹങ്ങളില്‍ വ്യക്തിയുടെ സമൂഹ്യ ഇടപെടലുകളെ കുറ്റകരം/അങ്ങനെയല്ലാത്തത് എന്ന് വിവേചിക്കുന്നത് ഭരണഘടനയുടെയും ആ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിയമസംവിധാനത്തിന്റെയും അടിസ്ഥാനത്തിലാണ്. പോലീസ്, കോടതി, ജയില്‍ തുടങ്ങിയ നിയമം നടപ്പാക്കുന്നതിനുള്ള സാമൂഹ്യ സംവിധാനങ്ങളുടെ ശരിയായ നടത്തിപ്പിലൂടെയാണ് ജനാധിപത്യവ്യവസ്ഥയില്‍ നീതി നടപ്പാകുന്നത്. എന്നാല്‍ കുറ്റംശിക്ഷ എന്നത് പലപ്പോഴും കറുപ്പും വെളുപ്പും പോലെ വിരുദ്ധമായ രണ്ട് കാര്യങ്ങളാവണമെന്നില്ല. വേര്‍തിരിച്ചെടുക്കാന്‍ എളുപ്പമല്ലാത്തവിധം ഇടകലര്‍ന്നതുമാകാം. എന്തായാലും കുറ്റവാളി തിരിച്ചറിയപ്പെടുകയും അയാള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നിയമവ്യവസ്ഥയും അതുവഴി ജനാധിപത്യ സംവിധാനവും സാര്‍ഥകമാകുന്നത് എന്നാണ് നാം കരുതുന്നത്. ആ നിലയ്ക്ക് നോക്കുമ്പോള്‍, നിലനില്‍ക്കുന്ന നീതിനിര്‍വഹണ സംവിധാനങ്ങളെ കൊഞ്ഞനംകുത്തുന്ന രാഷ്ട്രീയമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. 

പതിവു പോലെ പുരുഷ/നായക വിജയത്തില്‍ ചെന്നവസാനിക്കുന്ന വീരേതിഹാസ സിനിമ തന്നെയാണ് രാമലീലയും. നിയമം, പോലീസ്, മാധ്യമങ്ങള്‍ തുടങ്ങിയവയൊക്കെ ഒരു വ്യക്തിയുടെ ഇച്ഛാനുസാരിയായി മാറുന്നത്, നായകവിജയത്തിനുള്ള ഉപാധികളാവുന്നത് ആശാസ്യമല്ല. ഒരു മുഖ്യധാരാ കച്ചവട സിനിമയെ വായിക്കേണ്ടതെങ്ങനെ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും സമീപകാല സംഭവങ്ങള്‍ ഈ സിനിമയ്ക്ക് ഇത്തരമൊരു രാഷ്ട്രീയ വായന അനിവാര്യമാക്കുന്നു.

ചിത്രത്തിലെ പല സംഭവങ്ങളും സംഭാഷണങ്ങളും സാഹചര്യങ്ങളുമെല്ലാം ചില യഥാര്‍ഥ സംഭവങ്ങളുമായി അത്ഭുതകരമായ സാദൃശ്യമുള്ളതായി പ്രേക്ഷകനു തോന്നിയാല്‍ കുറ്റംപറയാനാവില്ല. യദൃശ്ചികതകള്‍ എന്ന് പറയാമെങ്കിലും അതുല്‍പാദിപ്പിക്കുന്ന അര്‍ഥങ്ങളിലൂടെയും സമീകരണങ്ങളിലൂടെയും തന്നെയാണ് ചിത്രത്തിന്റെ ആസ്വാദനം സംഭവിക്കുന്നത്. സന്ദര്‍ഭത്തിന് ചേര്‍ന്ന പഞ്ച് ഡയലോഗുകളായി തോന്നാവുന്ന പലതും രാമനുണ്ണി എന്ന കഥാപാത്രം സിനിമയില്‍ പറയുന്നത് ദിലീപ് ഫാന്‍സിന് ആര്‍പ്പുവിളിക്കാന്‍ അവസരമൊരുക്കിയേക്കും.

ജീവിതത്തിന്റെ അനുഭവ പരിസരങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് കലാരൂപങ്ങളൊക്കെ രൂപപ്പെടുന്നത് എന്ന് പറയാറുണ്ടെങ്കിലും സിനിമയില്‍ കാണുന്നതല്ല ജീവിതം എന്ന് സിനിമ കാണുന്നവര്‍ക്കൊക്കെ അറിയാം. കഥാപാത്രത്തെ അതായി മനസ്സിലാക്കാനും താരത്തെ തിരശ്ശീലയില്‍ ഉപേക്ഷിക്കാനും പ്രേക്ഷകന് സാധിക്കുന്നത് സിനിമയും ജീവിതവും വേര്‍തിരിയുന്ന ഇടങ്ങളെക്കുറിച്ച് മലയാളി പ്രേക്ഷകന് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ തിരശ്ശീലയിലെ മായികതകളെ യാഥാര്‍ഥ്യവുമായി കൂട്ടിക്കുഴയ്ക്കാത്ത മലയാളി പ്രേക്ഷകന്റെ രാഷ്ട്രീയനീതിബോധം രാമലീലയെ ശരിയായിത്തന്നെ വിലയിരുത്തും.

ദിലീപിന്റെ സമീപകാല ചിത്രങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ടതാണ് ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിച്ച രാമലീല. രാഷ്ട്രീയവും സെന്റിമെന്റ്‌സും സസ്‌പെന്‍സുമെല്ലാം നിലനിര്‍ത്തിക്കൊണ്ട് കഥ പറയാന്‍ സച്ചിയുടെ തിരക്കഥയ്ക്ക് സാധിക്കുന്നു. കന്നി സംവിധാന സംരംഭമായിരുന്നിട്ടും അരുണ്‍ ഗോപിയ്ക്ക് കയ്യൊതുക്കത്തോടെ പ്രമേയത്തെ ദൃശ്യവത്കരിക്കാനായി. ഷാജോണിന്റെ സി.കെ എന്ന കഥാപാത്രവും വിജയരാഘവന്‍ അവതരിപ്പിച്ച ജില്ലാ സെക്രട്ടറി മോഹന്‍ എന്ന കഥാപാത്രവും നന്നായി. ഹെലേനയെ അവതരിപ്പിച്ച പ്രയാഗ മാര്‍ട്ടിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്ന ഗോപി സുന്ദറും ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി കുമാറും എഡിറ്റര്‍ വിവേക് ഹര്‍ഷനും തരക്കേടില്ലാതെ തങ്ങളുടെ റോള്‍ നിര്‍വഹിച്ചു.