2007ലാണ് ശേഖര്‍ കമുലയുടെ ഹാപ്പി ഡെയ്‌സ് എന്ന തെലുങ്ക് സിനിമ ഇറങ്ങുന്നത്. എന്‍ജീനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ പ്രൊഫഷണല്‍  കരിയറും യുവത്വത്തിന്റെ ആകുലതങ്ങളും ആഘോഷങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ റിയലിസ്റ്റിക്കും രസകരവുമായ അവതരണമായിരുന്നു സിനിമ. കഴിഞ്ഞ ഒറ്റ പതിറ്റാണ്ടായി അതിനെ ഒരു റഫറന്‍സ് പോയിന്റാക്കി നിര്‍ത്തി, എന്‍ജിനീയറിങ് കോളജ് പശ്ചാത്തലമാക്കി മലയാളത്തിലടക്കം നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഹാപ്പി വെഡ്ഡിങ്ങും കൂതറയും അടക്കമുള്ളവ ഉദാഹരണം. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ക്യൂന്‍. ചങ്ക്‌സ് പോലെ അഭാസമല്ല, അത്രയും ആശ്വാസം. തരക്കേടില്ലാത്ത അവതരണവും ഉണ്ട്. എന്നാല്‍ ഒരു ഫണ്‍മൂഡിലുള്ള ഒരു കാമ്പസ് സിനിമയായി തുടങ്ങി അപക്വമായ ഒരു കോര്‍ട്ട് റൂം ഡ്രാമയായി പരിണമിച്ചുപോയതുകൊണ്ട് ഈ നവാഗതരുടെ സിനിമയ്ക്കു മോഡറേഷന്‍ നല്‍കിയാലേ പാസ് മാര്‍ക്ക് കടക്കാനാവൂ.

ഏതാണ്ട് ചങ്ക്‌സിന്റെ അതേ തുടക്കമാണ് സിനിമയ്ക്ക്. പെണ്‍കുട്ടികള്‍ ഇല്ലാത്ത മെക്കാനിക്കല്‍ ബ്രാഞ്ചിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നു. അവള്‍ അവിടത്തെ ആണ്‍കുട്ടികളുമായി വളരെയധികം സൗഹൃദത്തിലാകുന്നു. ഏതാണ്ട് ഇടവേളയാക്കുമ്പോള്‍ ഒരു ട്വിസ്റ്റ് വരുന്നു, പിന്നാലെ മറ്റൊരു ട്വിസ്റ്റും. ഇടവേളയ്‌ക്കൊന്നു നടുനിവര്‍ത്തുമ്പോള്‍ പിന്നെയും ഒരു ട്വിസ്റ്റ്, രണ്ട് ട്വിസ്റ്റ് പിന്നെ ചറപറാ ട്വിസ്റ്റുകള്‍. അതോടെ ആ ഫണ്‍മൂഡ് പോകും. പിന്നെ സിനിമ ഏതാണ്ട് കോടതിമുറിയിലാണ്. പബ്ലിക് പ്രോസിക്യൂട്ടറെന്താണ്, പ്രോസിക്യൂട്ടര്‍ എന്താണ്, ഡിഫന്‍സ് കൗണ്‍സില്‍ എന്താണ് എന്നറിയാത്ത ആശാന്മാരുടെ വാദപ്രതിവാദമാണ്. ഏതാണ്ട് കവലപ്രസംഗം പോലുള്ള വക്കീലന്മാരുടെ ഡയലോഗ് കൂടിയാകുന്നതോടെ സിനിമ 160 മിനിട്ടിലേക്ക്, (രണ്ടേമുക്കാല്‍ മണിക്കൂറിലേക്ക്) നീളും, നന്നായി മുഷിയും. ഒരു സ്ത്രീപക്ഷ, പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനുള്ള സിനിമയായി പരിഗണിക്കപ്പെടാനും നന്നേ പ്രയത്‌നിക്കുന്നുണ്ട് ക്യൂന്‍.

അവതരണ, ദൃശ്യമികവുള്ള ഒരു സസ്‌പെന്‍സോടെയാണ് സിനിമ തുടങ്ങുന്നത്. പിന്നാലെ ഒരു എന്‍ജീനിയറിങ് കോളജിന്റെ പ്രവേശന ദിവസത്തിലേക്ക് ജമ്പ് കട്ട്. റാഗിങ്, സീനിയേഴ്‌സ്, അടിപിടി, പ്രേമം തുടങ്ങിയ പതിവു ക്ലീഷേകളിലൂടെ മടുപ്പിക്കാതെ ഒരോട്ടപ്രദക്ഷിണം. അതിനിടയില്‍ മെക്കാനിക്കല്‍  ബ്രാഞ്ചിലേക്ക് ചിന്നു എന്ന സ്മാര്‍ട്ടായ എല്ലാവരോടു കൂട്ടുകുടുന്ന പെണ്‍കുട്ടി എത്തുന്നു. പിന്നാലെ ഓരോ വിഷയങ്ങള്‍. ഇങ്ങനെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു കാമ്പസ് മൂവിയില്‍ നിന്നു പ്രതീക്ഷിക്കാവുന്ന കാഴ്ചകള്‍ തരക്കേടില്ലാതെ ഒരു ഇമോഷണല്‍ കണക്ഷനോടെ ചേര്‍ക്കാന്‍ ഈ പകുതിക്കു കഴിയുന്നുമുണ്ട്. എന്നാല്‍ ബ്രേക്കിനുശേഷം സ്‌ക്രീന്‍ തെളിയുമ്പോള്‍ മുതല്‍ സീന്‍ മാറുകയും അതുവരെ കണ്ട സിനിമയല്ല എന്ന തോന്നലുണ്ടാക്കുകയും ചെയ്തതോടെ ആ ഫണ്‍റൈഡിന്റെ രസം കൂടി പോവും. നിയമവ്യവസ്ഥയെക്കുറിച്ചുള്ള പുച്ഛമല്ലാതെ കാര്യമായ ധാരണയില്ലാതെ, നീതിബോധത്തെക്കുറിച്ചുള്ള നിലവിളിയല്ലാതെ എന്തു പറയണമെന്നറിയാത്ത ബാലിശമായ നെടുങ്കന്‍ ഡയലോഗുകളാലും സമ്പന്നമാണ് രണ്ടാം പകുതി. മുഷിപ്പിക്കുക മാത്രമല്ല, നവാഗതരുടെ കാമ്പസ് ചിത്രം എന്ന സിംപതി ഇല്ലാതാക്കുകയും ചെയ്യും. ഷാരിസ് മുഹമ്മദും ജെബിന്‍ ജോസഫ് ആന്റണിയുമാണ് രചന.

കാര്യങ്ങള്‍ ലാഗില്ലാതെ, അധികം മെലോഡ്രമാറ്റിക്കല്ലാതെ യൂത്ത്ഫുള്‍ സിനിമയായി സന്തോഷിപ്പിക്കുന്ന ഒന്നാംപകുതിയാണ്. പൊടുന്നനെയാണ് ഗിയര്‍ മാറി ഗൗരവമുള്ള വിഷയത്തിലേക്കു കടക്കുന്നത്. സ്ത്രീസുരക്ഷയാണ് പ്രശ്‌നമെങ്കിലും അതിനെ അവതരിപ്പിച്ച രീതി മടുപ്പിക്കുന്നതാണ്.

സ്‌ക്രീനിനു മുന്നിലും പിന്നിലും വളരെ കുറച്ച് പരിചിതരയാവരേ ഉള്ളു. വിജയരാഘവന്‍, നന്ദു, സലീംകുമാര്‍, കലാശാല ബാബു, സേതുലക്ഷ്മി, ശ്രീജിത്ത് രവി, അനീഷ് എന്നിങ്ങനെ ഏതാനുംപേര്‍. മുഖ്യവേഷങ്ങളിലെത്തുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ അവതരിപ്പിക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്. സാനിയ ഇയ്യപ്പന്‍, ധ്രുവന്‍ എന്നിവരാണു മുഖ്യവേഷങ്ങളിലെത്തുന്ന ചിന്നു, ബാലു എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കു മാത്രമല്ല, കൂടെയെത്തിയ മിക്കവര്‍ക്കും പുതുമുഖങ്ങളുടെ പതര്‍ച്ചയില്ലാത്ത സ്വഭാവിക പ്രകടനം കാഴ്ചവയ്ക്കാനായിട്ടുണ്ട്. മണ്‍സൂണ്‍ മാംഗോസ്, കവി ഉദ്ദേശിച്ചത് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ജെയ്ക്‌സ് ബിജോയി ആണ് സംഗീതം. ദൃശ്യങ്ങളും മികവേറിയത്. 

നാട്ടിലെ ഏറ്റവും മികവുറ്റ വിദ്യാര്‍ഥികള്‍ പഠിക്കുന്നവയാണ് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകള്‍. സ്വകാര്യ സ്വാശ്രയ കോളജുകളേക്കാള്‍ മോശമായ, സദാ അടിപിടിയും ഹോക്കി സ്റ്റിക്ക്, ക്രിക്കറ്റ്ബാറ്റ്, സൈക്കിള്‍ ചെയിനുമായി നടക്കുകയും ചെയ്യുന്ന ഗ്യാങ്ങുകളുമുള്ള, മണ്ടന്മാരുടെ കേന്ദ്രമാക്കി അവതരിപ്പിക്കുന്നതൊക്കെ അല്‍പം കടന്നകൈയാണ്. അതല്ല, ഇതൊക്കെയാണ് നാട്ടിലെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകള്‍ എങ്കില്‍ അതൊക്കെ പൂട്ടിക്കെട്ടേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇതൊക്കെ സിനിമാക്കാരുടെ ഭാവനയാണെങ്കില്‍ ആ ഭാവന വല്ല സ്വാശ്രയത്തിലും തീര്‍ക്കുന്നതാവും നല്ലത്.