തൃശ്ശൂര്‍ ഭാഷയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ജീവിത സന്ദര്‍ഭങ്ങളും സാമൂഹ്യ വിമര്‍ശനവും ചേര്‍ത്ത് പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രമായിരുന്നു രഞ്ജിത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ്. പുതിയ സംരംഭവുമായി ജീവിതം കരുപ്പിടിക്കാനിറങ്ങുന്ന ഒരു തൃശ്ശൂര്‍ക്കാരന് വിവിധ കോണുകളില്‍നിന്ന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളും, അതിനെ തളരാത്ത പ്രതീക്ഷയോടെയും തികഞ്ഞ കൗശലത്തോടെ നേരിട്ട് വിജയം വരിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. 

സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും രംഗത്തിറങ്ങുന്ന പുതിയ സംരംഭകര്‍ക്ക് ജീര്‍ണിച്ച സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് നേരിടേണ്ടിവരുന്ന പ്രതികൂലതകളും പ്രതിബന്ധങ്ങളും പ്രമേയമാക്കിയ ചിത്രങ്ങള്‍ മുന്‍പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ വരവേല്‍പ്പും വെള്ളാനകളുടെ നാടുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം. ഇപ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്ന ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ആനപ്പിണ്ടത്തില്‍നിന്ന് ചന്ദനത്തിരിയുണ്ടാക്കാനിറങ്ങുന്ന ജോയ് താക്കോല്‍ക്കാരന്‍ എന്ന യുവാവിന്റെ ദുരിതങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ ചുവടുപിടിച്ച് അവതരിപ്പിച്ചത് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ പ്രമേയംതന്നെ പുതിയ അന്തരീക്ഷത്തിലും വ്യാപ്തിയിലും മറ്റൊരു കുപ്പിയില്‍ നിറയ്ക്കുകയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും.

പുതിയ ചിത്രത്തിലെത്തുമ്പോഴും പുണ്യാളന്‍ അഗര്‍ബത്തീസിന്റെ അതേ പ്രമേയ മാതൃക തന്നെയാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന് മുന്നോട്ടുവയ്ക്കാനുള്ളത്. ആദ്യം പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പറയാന്‍ പുതിയ ചിത്രത്തിലൂടെ അദ്ദേഹം ശ്രമിക്കുന്നില്ല. എന്നാല്‍, നിരുപദ്രവകരമായ നര്‍മത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ടുതന്നെ സിനിമയെ മുന്നോട്ടുകൊണ്ടുപോകാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 

punyalan

ചന്ദനത്തിരിയുടെ ബിസിനസ് പൊളിഞ്ഞ് ഫാക്ടറിയും സ്ഥാപനവുമെല്ലാം ജപ്തിചെയ്യപ്പെട്ട് അനാഥാവസ്ഥയിലെത്തിയ ജോയ് താക്കോല്‍ക്കാരനില്‍നിന്നാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ആനമൂത്രത്തില്‍നിന്ന് പുണ്യാളന്‍ വെള്ളം എന്ന പേരില്‍ മിനറല്‍ വാട്ടര്‍ ഉത്പാദിപ്പിക്കുന്ന പുതിയ സംരംഭവുമായി ജോയ് വീണ്ടും രംഗത്തിറങ്ങുന്നു. സ്വാഭാവികമായും നിരവധി പ്രതിബന്ധങ്ങള്‍ അയാളെത്തേടിയെത്തുന്നു. ഇത്തവണ പക്ഷേ, അയാള്‍ക്ക് നേരിടേണ്ടത് കുറച്ചുകൂടി വലിയ പ്രതിയോഗിയെയാണ്. അതിന് അയാള്‍ തിരഞ്ഞെടുക്കുന്നത് മറ്റൊരു മാര്‍ഗവും.

കെഎസ്ആര്‍ടിസിയും കോര്‍പറേഷനുമാണ് അയാളുടെ പദ്ധതികള്‍ക്ക് ആദ്യം തുരങ്കംവയ്ക്കുന്നത്. കോടതിയും വ്യവഹാരങ്ങളും ചേര്‍ന്ന് കച്ചവടം പൂട്ടിക്കുന്നതോടെ പ്രതിബന്ധങ്ങളെ മറികടക്കാനുള്ള നെട്ടോട്ടം. അഴിമതിക്കാരും ജനവഞ്ചകരുമായ രാഷ്ട്രീയക്കാരുടെ തനിനിറം വെളിവാക്കാനുള്ള, ദൃശ്യമാധ്യമങ്ങളും സോഷ്യല്‍മീഡിയയും എല്ലാം ചേരുന്ന 'ജനജാഗ്രതായാത്ര'യാണ് പിന്നെ. പലപ്പോഴും അസ്വാഭാവികതയുടെ വഴിവിട്ട സഞ്ചാരമാകുന്നുണ്ട് അത്.

തന്റെ മിക്കവാറും എല്ലാ ചിത്രങ്ങളിലും സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകനാണ് രഞ്ജിത് ശങ്കര്‍. ജനപ്രിയ ചിത്രത്തിന്റെ ചട്ടക്കൂടില്‍ ശരിയുടെ രാഷ്ട്രീയം തിരയാനുള്ള ശ്രമങ്ങളായിരുന്നു പാസഞ്ചര്‍ മുതല്‍ രാമന്റെ ഏദന്‍ തോട്ടം വരെയുള്ളവ. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് സമകാലിക രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയാനുള്ള ശ്രമമാണ്. അതുകൊണ്ടാവണം, ജയസൂര്യയുടെ ജോയ് താക്കോള്‍ക്കാരന്‍ സിനിമയുടെ ആദിമധ്യാന്തം സാമൂഹ്യ പരിഷ്‌കരണ സിദ്ധാന്തങ്ങളും പൗരധര്‍മവും ഉറക്കെ പറയുന്നുണ്ട്. എന്നാല്‍ ആവര്‍ത്തനച്ചുവയുള്ള ഡയലോഗുകള്‍ എന്ന നിലയില്‍നിന്ന് അവയ്ക്ക് ഉയരാന്‍ സാധിക്കാത്തത് അതു താങ്ങാനുള്ള ഉറപ്പ് തിരക്കഥയ്ക്ക് ഇല്ലാത്തതുകൊണ്ടാണ്. 

punyalan

സമീപകാല സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളുടെ ഒരു പരമ്പരതന്നെ സിനിമയില്‍ സാന്ദര്‍ഭികമായി കടന്നുവരുന്നുണ്ട്. നോട്ട് നിരോധനം, തിയേറ്ററിലെ ദേശീയ ഗാനം, ഭക്ഷണ സ്വാതന്ത്ര്യം, വര്‍ഗ്ഗീയത, സിനിമാനടിയ്ക്കടക്കം നേരിടേണ്ടിവരുന്ന സ്ത്രീപീഡനം, മാലിന്യപ്രശ്‌നം, ടോള്‍ പിരിവ്, മാധ്യമങ്ങളുടെ ഇടപെടലുകള്‍, ഹര്‍ത്താല്‍ തുടങ്ങി എണ്ണിപ്പറയാന്‍ നിരവധിയുണ്ട് ഇത്തരം പരാമര്‍ശങ്ങള്‍. സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വവുമെല്ലാം ചേര്‍ന്ന് സമൂഹത്തെ വല്ലാത്ത ദുരിതങ്ങളിലേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന ആശങ്ക ഇങ്ങനെയൊക്കെ സംവിധായകന്‍ പങ്കുവയ്ക്കുന്നു. മാധ്യമങ്ങള്‍ത്തന്നെയാണ് അതിനുള്ള സംവിധായകന്റെ ഉപാധിയും.

ചന്ദനത്തിരിയുണ്ടാക്കാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത ജോയ് താക്കോല്‍ക്കാരന്‍ ഒടുവില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാണ് തന്റെ സംരംഭത്തെ വിജയിപ്പിച്ചെടുക്കുന്നത്. പിന്നീട് രാഷ്ട്രീയ രംഗം വിടുന്ന ജോയ്ക്ക് പുതിയ സംരംഭം തുടങ്ങുമ്പോഴും പഴയ തടസ്സങ്ങള്‍ത്തന്നെ വീണ്ടും നേരിടേണ്ടിവരുന്നതെന്തുകൊണ്ടാവും? രണ്ടു ചിത്രങ്ങളിലും നിലവിലുള്ള ഭരണകക്ഷി മാറി പ്രതിപക്ഷം അധികാരത്തിലെത്തുമ്പോള്‍ താക്കോല്‍ക്കാരന്റെ പ്രശ്നങ്ങള്‍ അവസാനിക്കുന്നത് എന്തുകൊണ്ടാവും? ആദ്യചിത്രത്തില്‍നിന്ന് മുന്നോട്ടു പോകാത്ത തുടര്‍ ചിത്രം കാണുമ്പോള്‍ ഈ ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്കുള്ളില്‍ ഉയരുക സ്വാഭാവികമാണ്. 

ജോയ് താക്കോല്‍ക്കാരനെ നര്‍മത്തിന്റെ മേമ്പൊടി നിലനിര്‍ത്തിക്കൊണ്ടുതന്നെ ജയസൂര്യ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ശ്രീജിത് രവി അവതരിപ്പിക്കുന്ന അഭയകുമാര്‍ ആദ്യചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാവണം രണ്ടാം ചിത്രത്തില്‍ ആ കഥാപാത്രത്തെ ഒന്നുകൂടി പൊലിപ്പിച്ചിട്ടുണ്ട്. അത്രയ്ക്കു വേണ്ടിയിരുന്നില്ല എന്നാണ് ആവര്‍ത്തന വിരസതയ്ക്കിടയാക്കുന്ന പല സന്ദര്‍ഭങ്ങളും തോന്നിപ്പിക്കുന്നത്. അജുവര്‍ഗ്ഗീസിന്റെ കഥാപാത്രത്തെ സംവിധായകന്‍ വിദേശത്തേയ്ക്ക് കടത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ വീഡിയോ കോളുകള്‍ വഴിയുള്ള സാന്നിധ്യമാണ് അജുവര്‍ഗ്ഗീസിന് ചിത്രത്തിലുള്ളത്. പകരം ധര്‍മജന്റെ വക്കീല്‍ കഥാപാത്രമുണ്ട്. വിജയരാഘവന്‍, ഗിന്നസ് പക്രു, സുനില്‍ സുഗത, വിനോദ് കോവൂര്‍ തുടങ്ങിയവരുമുണ്ട്. ചിത്രത്തില്‍ നായികാ കഥാപാത്രം ഇല്ല. 

ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഇവരുടെ നിര്‍മാണക്കമ്പനിയായ പുണ്യാളന്‍ സിനിമാസ് തന്നെ വിതരണത്തിനെത്തിക്കുകയും ചെയ്യുന്നു. വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും വി. സാജന്റെ ചിത്രസംയോജനവും മികച്ചത്. ആനന്ദ് മധുസൂദനനും ബിജിബാലും ചേര്‍ന്നാണ് സംഗീതം. പുണ്യാളന്‍ അഗര്‍ബത്തീസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് അതിന്റെ തുടര്‍ച്ചയെന്നോണം കണ്ടിരിക്കാവുന്ന ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

Tags: Punyalan private limited, Punyalan agarbathis, Jayasury, Ranjith Sankar, Malayalam movie review, Punyalan