'ബിലീവ് ഇറ്റ് ഓര്‍ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാര്‍ക്ക് സോണ്‍ ഉണ്ടെന്ന് പറയാറുണ്ട്' ട്രെയിലറിലെ ഹിറ്റ് ഡയലോഗില്‍ പറഞ്ഞതുപോലെ ഒരു ഡാര്‍ക്ക് സോണ്‍ പശ്ചാത്തലമാക്കി കൊണ്ട് തന്നെയാണ് ദി പ്രീസ്റ്റ് ത്രില്ലടിപ്പിക്കുന്ന കഥ പറയുന്നത്. ഫാ. ബെനഡിക്റ്റ് ആയി മമ്മൂട്ടി ലുക്കിലും ഭാവത്തിലും പുത്തന്‍രൂപത്തിലെത്തിയ ദി പ്രീസ്റ്റ് മികച്ചൊരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ്.  സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച സിനിമ എന്ന പ്രത്യേകത കൂടി ദി പ്രീസ്റ്റിനുണ്ട്.

സിനിമയുടെ ആദ്യ സീനുകളില്‍ തന്നെ നേരെ കഥയിലേക്ക് കയറുന്ന രീതിയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അധികം കാത്തിരിപ്പുകളില്ലാതെ മമ്മൂട്ടി കഥാപാത്രം ആദ്യ രംഗങ്ങളില്‍ തന്നെ പ്രേക്ഷകന് മുന്നിലേക്ക് എത്തുന്നു. ഒരു തുടര്‍ആത്മഹത്യ പരമ്പരയുടെ അന്വേഷണത്തിലാണ് ദി പ്രീസ്റ്റ് ആരംഭിക്കുന്നത്. പൊലീസിനൊപ്പം സഹായിയായി അന്വേഷണത്തിനെത്തുന്ന ഫാദര്‍ ബെനഡിക്റ്റ് ആദ്യ സീനുകളില്‍ തന്നെ പ്രേക്ഷകന്റെ ഇഷ്ടംപിടിച്ചുപറ്റുന്നു.

പൊലീസിനൊപ്പം ആത്മഹത്യ പരമ്പരയുടെ അന്വേഷണം അതിസമര്‍ഥമായി പൂര്‍ത്തിയാക്കുന്ന ഫാദര്‍ ബെനഡിക്റ്റ് പിന്നീടാണ് കഥയുടെ പ്രധാനഭാഗത്തിലേക്ക് പ്രേക്ഷകനെ ഒപ്പം കൂട്ടുന്നത്. രണ്ടാമത്തെ കേസ് വഴിയില്‍ ഒരുപിടി സസ്പെന്‍സുകളും ട്വിസ്റ്റുകളും ഭീതിയുമെല്ലാം ഫാദര്‍ കാഴ്ചക്കാര്‍ക്കായി കരുതിവെക്കുന്നുണ്ട്.

ബേബി മോണിക്കയുടെ അസാധ്യ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. അസാധ്യമായ മെയ് വഴക്കവും അഭിനയശേഷിയും ആവശ്യപ്പെടുന്ന കഥാപാത്രത്തെ ബേബി മോണിക്ക തന്റെ പ്രകടനം കൊണ്ട് സംവിധായകന്‍ വിചാരിച്ചതിലും ഉയരത്തില്‍ എത്തിക്കുന്നുണ്ട്. ആദ്യ പകുതിയില്‍ മമ്മൂട്ടി, ബേബി മോണിക്ക എന്നിവരുടെ പ്രകടനമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ നിഖില വിമലും മഞ്ജുവാര്യരും കൂടി എത്തുന്നതോടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് ചിത്രം സാക്ഷ്യംവഹിക്കുന്നുണ്ട്. മലയാളത്തില്‍ നാം പതിവായി കണ്ടുമറന്ന വികാരിയച്ചന്‍ കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് പ്രീസ്റ്റിലെ മമ്മൂട്ടി കഥാപാത്രമായ ഫാദര്‍. വേഷത്തിലും സ്‌റ്റൈലിലുമെല്ലാമുള്ള ആ വ്യത്യസ്ത ചിത്രത്തിന് ഗുണമാകുന്നുണ്ട്. ചില പ്രധാന രംഗങ്ങളില്‍ മാത്രമാണ് കഥാപാത്രം ളോഹയില്‍ പ്രത്യക്ഷപ്പെടുന്നത്.

മികച്ച താരനിരയ്ക്ക് അഭിനയപ്രാധാന്യമുള്ള രംഗങ്ങള്‍ സമ്മാനിക്കാന്‍ പുതുമുഖ സംവിധായകന്‍ കൂടിയായി ജോഫിന്‍ ടി ചാക്കോയ്ക്ക് സാധിക്കുന്നു. പശ്ചാത്തലസംഗീതമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. കഥാവഴിയിലെ ചില താഴ്ച്ചകളെ രാഹുല്‍ രാജിന്റെ പശ്ചാത്തലസംഗീതം കൊണ്ട് മറികടക്കാനാകുന്നുണ്ട്. രണ്ടാംപകുതിയില്‍ കഥാപരിസരത്തിന്റെ മൂഡും ഭീതിയുമെല്ലാം പ്രേക്ഷകനിലേക്ക് കൈമാറാന്‍ രാഹുല്‍ രാജിന്റെ സംഗീതത്തിന് കഴിയുന്നു. പാട്ടുകളെല്ലാം തന്നെ കഥാവഴിയോട് ഇഴുകിചേര്‍ന്നുനില്‍ക്കുന്നു. 

അമേയ, വെങ്കിടേഷ്, സാനിയ ഈയപ്പന്‍, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകര്‍ന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റേ് ജോസഫും ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കോവിഡ് കാലത്തിന് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ മികച്ചൊരു തിയേറ്റര്‍ അനുഭവം സമ്മാനിക്കാന്‍ ദി പ്രീസ്റ്റിന് സാധിക്കുന്നുണ്ട്. ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ചിത്രമായി ദി പ്രീസ്റ്റ് മാറുന്നു.

Content Highlights: Priest malayalam movie trailer