അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രം, റോഷന്‍ ആദ്യമായി അഭിനേതാവിന്റെ വേഷത്തിലെത്തുന്ന ചിത്രം, ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ പ്രതി പൂവന്‍കോഴി തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ ശ്രദ്ധ നേടിയത് ഈ പ്രത്യേകതകള്‍ കൊണ്ടാണ് .

ഉണ്ണി ആറിന്റെ ഇതേ പേരില്‍ പുറത്തിറങ്ങിയ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും നോവലിന്റെ പേര് മാത്രമേ സിനിമയ്ക്കായി സ്വീകരിച്ചിട്ടുള്ളൂ എന്ന് ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. 

പൊതു ഇടങ്ങളിലും സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന നോട്ടങ്ങളും അവള്‍ നേരിടുന്ന തോണ്ടലുകളും അവളുടെ അരക്ഷിതാവസ്ഥയും അതില്‍ നിന്നും ഉരുത്തിരിയുന്ന പ്രതികരമനോഭാവവും ചിത്രം ചര്‍ച്ച ചെയ്യുന്നു. സ്ത്രീയെ വെറും ഉപഭോഗവസ്തുവായും ദുര്‍ബലയായും നേരംപോക്കായും കണക്കാക്കുന്ന പുരുഷ മനോഭാവത്തെയും ചിത്രം വരച്ചുകാട്ടുന്നു

നഗരത്തിലെ തുണിക്കടയില്‍ സെയില്‍സ് ഗേളാണ് മാധുരി. ജോലിസ്ഥലത്തേയ്ക്കുള്ള സ്ഥിരം ബസ് യാത്രയ്ക്കിടെ ഒരുദിവസം ഒരാള്‍ അവളെ കയറിപ്പിടിക്കുന്നു. തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവത്തിനു എന്ത് വില കൊടുത്തും പകരം ചോദിക്കാന്‍ മാധുരി കച്ച കെട്ടിയിറങ്ങുമ്പോള്‍ അവള്‍ എത്തിപ്പെടുന്നത് വലിയൊരു പ്രതിസന്ധിയിലേക്കാണ്. നഗരത്തിലെ പേര് കേട്ട ഗുണ്ടയായ ആന്റപ്പനുമായാണ് അവള്‍ക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്. 

തിരിച്ചു വരവില്‍ മഞ്ജുവിനു ലഭിച്ച ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യുവിലെ നിരുപമ. രണ്ടാം വരവിന് അവസരമൊരുക്കിയ സംവിധായകന്റെ മറ്റൊരു ചിത്രത്തിലൂടെ തന്നെ നിരുപമയേക്കാള്‍ ശക്തയായ മാധുരി എന്ന മറ്റൊരു ശക്തമായ കഥാപാത്രം മഞ്ജുവിനെ തേടി എത്തിയിരിക്കുകയാണ് . 

സംവിധായകന്‍ തന്നെയാണ് ചിത്രത്തില്‍ ആന്റപ്പന്‍ എന്ന പ്രതിനായക കഥാപാത്രമായി എത്തുന്നത്. സ്ഥിരം കണ്ടുവരുന്ന ഗുണ്ടകളില്‍ നിന്ന് വ്യത്യസ്തമായി ആന്റപ്പന്‍ എന്ന കഥാപാത്രത്തിന് തന്റേതായ ഒരു ശരീരഭാഷ നല്‍കിയ റോഷന്‍ ആന്‍ഡ്രൂസ് നടനായുള്ള അരങ്ങേറ്റം മികച്ചതാക്കി. 

സൈജു കുറുപ്പ്, അനുശ്രീ, ഗ്രേസ് ആന്റണി, അലന്‍സിയര്‍ എന്നിവര്‍ക്കും ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണുള്ളത്. സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങള്‍ പലതും മുന്‍പും മലയാളത്തില്‍ വന്നിട്ടുണ്ട്. എങ്കിലും അവതരണത്തിലും സമീപനത്തിലും വ്യത്യസ്തത പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

പൂവന്‍കോഴി എന്ന ബിംബത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യം ഉണ്ട്. പൂവാലന്മാരെ പലപ്പോഴും കോഴി എന്ന പ്രയോഗത്തിലൂടെ ഉപമിക്കാറുണ്ട് എന്നാൽ വന്യമായ ആൺ മനോഭാവം വച്ച് പുലർത്തുന്ന ജീവി വർഗമാണ് പൂവൻ കോഴികൾ. ഇണയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നവർ. തന്റെ അധികാര പരിധിക്കുള്ളിൽ മറ്റാരെയും അടുപ്പിക്കാത്തവർ. ശക്തമായ പ്രമേയവുമായി എത്തുന്ന പ്രതി പൂവൻ കോഴി എന്ന ചിത്രത്തിൽ ഈ പേര് അന്വർത്ഥമാകുന്നതും അതുകൊണ്ടു തന്നെ.

 

Content Highlights : Prathi Poovankozhi Movie Review Starring Manju Warrier Anusree Alancier Directed by Roshan Andrews