താരപ്രഭാവത്തില്‍ നിന്ന് സിനിമ പതിയെ മോചിതമാവുന്നു എന്നതാണ് മലയാള സിനിമാ രംഗത്തെ അടുത്തിടെയുണ്ടായ പ്രധാന മാറ്റം. അതിമാനുഷ കഥാപാത്രങ്ങളെ ഒഴിവാക്കി, നിലത്തു കാലൂന്നി നടക്കുന്ന സാധാരണക്കാരായ കഥാപാത്രങ്ങളുടെ ജീവിതത്തിലേയ്ക്ക് ഇറങ്ങിവരുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവുന്നുണ്ട്. താരങ്ങളല്ല, നടന്‍മാരാണ് ഇത്തരം സിനിമയിലുള്ളത്. തിരക്കഥയാണ് ഇവിടെ താരം. താര സിംഹാസനങ്ങള്‍ പതിയെ ഇളകുന്നതായാണ് ഇത്തരം ചിത്രങ്ങളുടെ ബോക്‌സ്ഓഫീസ് വിജയം നല്‍കുന്ന സൂചന.

സൂപ്പര്‍താര ചിത്രങ്ങള്‍ പരാജയപ്പെടുകയും താരരഹിത ചിത്രങ്ങള്‍ ജനപ്രീതി നേടുകയും ചെയ്യുന്ന പ്രവണത മലയാള സിനിമയില്‍ വളര്‍ന്നുവരുന്നുണ്ട്. ഫാന്‍സ് അസോസിയേഷനും താരാരാധനയും പ്രധാന പ്രമേയമായി ഒരു സിനിമ വരുമ്പോള്‍ ഈ പശ്ചാത്തലം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ദിലീപ് നായകനായ ലാല്‍ജോസ് ചിത്രം രസികന്‍, പൃഥ്വിരാജ് നായകനായ ചിത്രം വണ്‍വേ ടിക്കറ്റ് തുടങ്ങിയവയും ഈ പശ്ചാത്തലത്തിലുള്ള മുന്‍കാല ചിത്രങ്ങളായിരുന്നു. ഇറങ്ങാനിരിക്കുന്ന മോഹന്‍ലാന്‍ എന്ന ചിത്രവും സമാന പ്രമേയമുള്ളതാണെന്നാണ് സൂചന.

സണ്ണി വെയ്‌നിനെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത സിനിമയാണ് പോക്കിരി സൈമണ്‍. കേരളത്തിലെ വിജയ് ആരാധകരെ മുന്നില്‍ക്കണ്ട് ഒരുക്കിയിരിക്കുന്ന ഒരു കോമഡി-മാസ് എന്റര്‍ടെയ്‌നര്‍. തിരുവനന്തപുരത്തെയും പരിസര പ്രദേശങ്ങളിലെയും വിജയ് ആരാധകരായ ചെറുപ്പക്കാരുടെ ജീവിതമാണ് കഥയുടെ പശ്ചാത്തലം. സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ് വേളകളില്‍ ഫ്ലക്‌സും കട്ടൗട്ടുകളും ഉയര്‍ത്തുകയും അവയില്‍ പാലഭിഷേകം ചെയ്യുകയും താരങ്ങള്‍ക്ക് ജയ് വിളിക്കുകയും തീയേറ്ററില്‍ കരഘോഷം മുഴക്കുകയും ചെയ്യുന്ന ഫാന്‍സ് അസോസിയേഷനുകളിലെ സാധാരണക്കാരായ ചെറുപ്പക്കാരുടെ ജീവിതത്തിലെ ചിരിയും ആഘോഷങ്ങളും കണ്ണീരുമെല്ലാമാണ് ചിത്രം.

Pokkiri Simon

സണ്ണിവെയ്ന്‍ അവതരിപ്പിക്കുന്ന പോക്കിരി സൈമണ്‍, ജേക്കബ് ഗ്രിഗറിയുടെ ഹനുമാന്‍ ബിജു, അപ്പാനി ശരത്തിന്റെ ഗണേഷ് തുടങ്ങിയവര്‍ പ്രദേശത്തെ പ്രധാന വിജയ് ആരാധകരും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുമാണ്. വിജയ് എന്നാല്‍ ആത്മാവും ആവേശവും വികാരവുമാണ് ഇവര്‍ക്ക്. താരാരാധന ഒരു നിസ്സാര സംഗതിയല്ല എന്ന് ഉറപ്പിക്കാനായിരിക്കണം, ഐഎസ്ആറോയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ നെടിമുടി വേണുവിന്റെ പ്രൊഫ. സീതാരാമനെ സംവിധായകന്‍ യൂണിറ്റ് സെക്രട്ടറിയാക്കിയിരിക്കുന്നത്. താരാരാധനയെ പരിഹസിക്കുന്നവര്‍ക്ക് ചുട്ട മറുപടി  കൊടുക്കുന്നുമുണ്ട് ഈ കഥാപാത്രം.

കടുത്ത വിജയ് ആരാധികയായ ദീപയെ (പ്രയാഗ മാര്‍ട്ടിന്‍) തന്നെ കല്ല്യാണം കഴിക്കണമെന്ന് സൈമണ് നിര്‍ബന്ധമുണ്ട്. ആ ഒറ്റക്കാരണംകൊണ്ടാണ് വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് അവളെ പ്രണയിക്കുന്നത്. ദിലീഷ് പോത്തന്റെ സിഐ അലക്‌സ് എല്ലാ പിന്തുണയുമായി സൈമണും സംഘത്തിനും പിന്തുണ നല്‍കുന്നു. വിജയുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയാണ് ഫാന്‍സ് അസോസിയേഷന്റെ ദീര്‍ഘകാല അജണ്ട.

ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതിനിടയില്‍ വന്നുചേരുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് സിനിമയെ ഇന്റര്‍വെല്ലിനു ശേഷം മുന്നോട്ടു കൊണ്ടുപോകുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, അവയവ കച്ചവടം, മനുഷ്യക്കടത്ത്, ആശുപത്രികളുടെ അവയവ മോഷണം തുടങ്ങി വളരെ ഗൗരവതരമായ വിഷയങ്ങളിലേയ്ക്കാണ് സിനിമ മുന്നേറുന്നത്. വിജയ് ആരാധകനായ സൈമണ്‍ പതിയെ ഒരു വിജയ് കഥാപാത്രത്തെപ്പോലെ സ്വന്തം നിലയില്‍ ദുഷ്ടശക്തികളെ നേരിടുകയാണ് പിന്നെ. 

കഥാപാത്രങ്ങളെല്ലാം വിജയ് ആരാധകരായതുകൊണ്ടാവണം ഒരു വിജയ് ചിത്രത്തിന്റെ കെട്ടും മട്ടും തന്നെയാണ് പോക്കിരി സൈമണുമുള്ളത്. വിജയ് ആരാധകർക്ക് കൈയടിക്കാനും ഹര്‍ഷാരവം മുഴക്കാനും അവസരമൊരുക്കിക്കൊണ്ട് വിജയ് ചിത്രങ്ങളില്‍നിന്നുള്ള മാസ് ഡയലോഗുകള്‍ ആദ്യന്തം സിനിമയില്‍ വാരിവിതറിയിട്ടുണ്ട്. വിജയ് ചിത്രങ്ങളിലെ സന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു പിടി രംഗങ്ങള്‍ത്തെന്നെ ചിത്രത്തിലുണ്ട്. 

Pokkiri Simon

ഒരു നാടിനെ ഒന്നടങ്കം അത്യാപത്തില്‍നിന്ന് രക്ഷിക്കുന്നവരാണ് എല്ലാ ചിത്രങ്ങളിലും വിജയ് കഥാപാത്രങ്ങള്‍. പോക്കിരി സൈമണും ഇതേ വഴിയില്‍ത്തന്നെയാണ് പര്യവസാനിക്കുന്നത്. വിജയ് കഥാപാത്രങ്ങള്‍ക്കെല്ലാം പൊതുവിലുള്ള 'രക്ഷകന്‍' എന്ന ഇമേജ് സാവധാനം സ്വയം ഏറ്റെടുത്തുകൊണ്ട് വില്ലനെയും സംഘത്തെയും നിലംപരിശാക്കുന്ന നായകനായി മാറുകയാണ് സൈമണ്‍. വിജയ് പത്തും ഇരുപതും പേരെ ഒറ്റയ്ക്ക് അടിച്ചു പറപ്പിക്കുമ്പോള്‍ വിജയ് ഫാനായ സൈമണും പറപ്പിക്കണമല്ലോ, അഞ്ചെട്ടെണ്ണത്തെയങ്കിലും. വിജയുടെ 'കത്തി'യ്‌ക്കൊപ്പമെത്തില്ലെങ്കിലും തരക്കേടില്ലാത്ത കത്തിവേഷം തന്നെയാണ് സണ്ണി വെയ്‌നിന്റെ സൈമണും. 

താരാരാധനയെക്കുറിച്ചുള്ള സാമാന്യ യുക്തികള്‍ തന്നെയാണ് സിനിമയും പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ നിഷ്‌കളങ്കത, നന്‍മ, സഹജീവിസ്‌നേഹം തുടങ്ങിയവ ഫാന്‍സിന്റെ സഹജഭാവമാണെന്ന നിലയില്‍ ആരാധനയ്ക്ക് സാധൂകരണം ചമയ്ക്കാന്‍ സിനിമ ശ്രമിക്കുന്നുമുണ്ട്. സാമൂഹ്യപ്രാധാന്യമുള്ള ഒരു വിഷയത്തില്‍ ആരാധകന്‍ ഇടപെടുന്നതും വൈഷമ്യങ്ങള്‍ മറികടന്ന് പരിഹാരമുണ്ടാക്കുന്നതും വിജയ് എന്ന താരം തിരശ്ശീലയില്‍ കാഴ്ചവെച്ച സഹജീവി സ്‌നേഹത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണെന്നും സിനിമ പറയാന്‍ ശ്രമിക്കുന്നു. പോലീസിലും നിയമസംവിധാനത്തിലും അവിശ്വാസമുള്ള തിരശ്ശീലയിലെ കരുത്തനായ ധീരനായകന്റെ മാതൃകയാണ് ആരാധകനായ നായകനും ഉള്‍ക്കൊള്ളുന്നത്. 

വിജയ് ആരാധകര്‍ക്ക് ആവേശമായി പോക്കിരി സൈമണ്‍ | Photo Gallery

ഫാന്‍സ് അസോസിയേഷനുകളുടെ ഇടപെടലുകള്‍ ചര്‍ച്ചയില്‍ നിറയുന്ന ഒരു സാഹചര്യത്തില്‍ക്കൂടിയാണ് ഇങ്ങനെയൊരു പ്രമേയവുമായി ഒരു ചിത്രം ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും ദാനധര്‍മത്തിന്റെയുമെല്ലാം മുഖമുള്ള ഫാന്‍സ് അസോസിയേഷനുകള്‍ സിനിമാ വ്യവസായത്തിലും സമൂഹത്തിലും വഹിക്കുന്ന പങ്ക് ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണിത്. പതിറ്റാണ്ടുകളായി താരാരാധന നിയന്ത്രിക്കുന്ന തമിഴക രാഷ്ട്രീയത്തിലേയ്ക്ക് രജനീകാന്തിനെ പോലുള്ളവര്‍ ചുവടുവയ്ക്കുന്ന സാഹചര്യവും ഇവിടെ ഓര്‍മിക്കാം.

ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിജോ ആന്റണിയുടെ മൂന്നാമത്തെ ചിത്രമാണ് പോക്കിരി സൈമണ്‍. കെ. അമ്പാടിയുടേതാണ് തിരക്കഥ. മൂന്നു പാട്ടുകളും ഗോപീസുന്ദറിന്റെ സംഗീതവും സിനിമയ്ക്കും പ്രേക്ഷകനും പ്രത്യേകിച്ചൊന്നും നല്‍കുന്നില്ല. തീയേറ്ററുകളെ ഇളക്കിമറിച്ച വിജയ് ചിത്രങ്ങളിലെ രംഗങ്ങള്‍ ഗൃഹാതുരതയായി മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് കൈയടിക്കാന്‍ ചിത്രം അവസരമൊരുക്കിയേക്കും.