ലൈവര്‍ തിരുമ്പിവന്താച്ച്... ഒരു പക്കാ രജനിചിത്രം. പാട്ടും നൃത്തവും ഉശിരന്‍ സംഭാഷണവും- തീപ്പൊരി സംഘട്ടനങ്ങളുമെല്ലാമായി ആരാധകരെ ആവേശം കൊള്ളിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ ചിത്രമാണ് പേട്ട. ബീഗ് സ്‌ക്രീനില്‍ ഒരു സൂപ്പര്‍ സ്റ്റാറിന്റെ താരമൂല്യം എങ്ങനെ അവതരിപ്പിക്കണമെന്ന് കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍ പേട്ടയിലൂടെ കാണിച്ചുതരുന്നു. 

തലൈവരുടെ ഇന്‍ട്രോ സീന്‍ മുതല്‍ ഇന്റര്‍വെല്‍ വരെയുള്ള സിനിമയുടെ ആദ്യ പകുതി ശക്തമാണ്, പിന്നീടുള്ള കഥാവതരണത്തില്‍ ചെറിയൊരു ഇഴച്ചില്‍ സംഭവിക്കുന്നുണ്ടെങ്കിലും. വര്‍ഷങ്ങള്‍ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ചുറുചുറുക്കോടെ അവതരിപ്പിക്കാനായി എന്നതാണ് പേട്ടയുടെ നേട്ടം. രജനിയില്‍നിന്ന് കാഴ്ചക്കാരന്‍ പ്രതീക്ഷിക്കുന്ന മാനറിസങ്ങളെല്ലാം തന്നെ സിനിമ ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ വന്നുപോകുന്നുണ്ട്.

റാഗിങ്ങിന് പേരെടുത്ത കോളേജ് ഹോസ്റ്റലിലേക്ക് പുതിയ വാര്‍ഡനായുള്ള രജനിയുടെ വരവും വിദ്യാര്‍ഥികളോടൊന്നിച്ചുള്ള താരത്തിന്റെ കളിതമാശകളും പാട്ടും നൃത്തവുമെല്ലാം വേഗത്തില്‍ തന്നെ മുന്നോട്ടുപോകുന്നു. ചെറുസംഭവങ്ങളില്‍ തട്ടിത്തടഞ്ഞ് കഥ ഒഴുക്കോടെ സഞ്ചരിക്കുമ്പോഴും നായകന്റെ ഭൂതകാലത്തെ തേടുന്ന ആകാംക്ഷതന്നെയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.

കഥാപരമായി ഏറെ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും വിജയ് സേതുപതിയും നവാസുദ്ദീന്‍ സിദ്ദീഖിയും ബോബി സിന്‍ഹയും ശശികുമാറുമെല്ലാം പ്രകടനംകൊണ്ട് സീനുകള്‍ ശക്തമാക്കുന്നുണ്ട്. രജനി-സിമ്രാന്‍ കോമ്പിനേഷനുകളെല്ലാം മികച്ചതായപ്പോള്‍ തൃഷയുടെ കഥാപാത്രത്തിന് കൂടുതലായൊന്നും ചെയ്യാനുണ്ടായില്ല.

ദൃശ്യങ്ങളുടെ മനോഹാരികത ആദ്യപകുതിയെ സമ്പന്നമാക്കിയപ്പോള്‍ രണ്ടാം പകുതി കൂടുതലായും സെറ്റുകളിലേക്ക് ഒതുങ്ങിപ്പോയി. പശ്ചാത്തലസംഗീതം തലൈവരുടെ പകപോക്കലുകളെ കൂടുതല്‍ ശക്തമാക്കുന്നുണ്ട്. അനിരുദ്ധിന്റെ ഗാനങ്ങള്‍ തിയേറ്ററുകളില്‍ ഇളക്കം തീര്‍ക്കുമ്പോള്‍ ഫ്‌ലാഷ്ബാക്ക് സീനുകളുടെ വന്നുപോകലുകളിലെല്ലാം വിവേക് ഹര്‍ഷന്‍ എന്ന എഡിറ്ററുടെ കൈയടക്കം കാണാം. ക്ലൈമാക്‌സിലേക്കെത്തുമ്പോഴുള്ള തുടര്‍ച്ചയായ വെടിവെപ്പുരംഗങ്ങള്‍  അലോസരപ്പെടുത്തുന്നുണ്ടെങ്കിലും പ്രേക്ഷരുടെ മുന്‍ധാരണകളെ പൊളിച്ചെഴുതിക്കൊണ്ടുള്ള തലൈവരുടെ ചിരി തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കും

Content Highlights: petta movie review rajinikanth simran trisha vijay sethupathi nawazuddin siddiqui karthik subbaraj