'ആഗ്രഹങ്ങളല്ല, ദു:ഖങ്ങള്‍ക്ക് കാരണം നടക്കാതെ പോകുന്ന ആഗ്രഹങ്ങളാണ്....' ഇത് പഞ്ചവര്‍ണതത്തയിലെ നായകന്റെ സംഭാഷണമാണ്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകനും അങ്ങനെ തന്നെയാണ് മനസ്സില്‍ പറയുക. കാരണം നര്‍മത്തിന്റെ മര്‍മമറിഞ്ഞ രമേഷ് പിഷാരടി ഒരു സിനിമ ഒരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഏറെയാണ്.
അത് ഈ നവാഗത സംവിധായകന് വലിയ ബാധ്യതയാണ്. അത് പൂര്‍ത്തികരിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

വലിയ രൂപമാറ്റങ്ങളൊന്നുമില്ലാതെ വെള്ളിത്തിരയിലെത്താറുള്ള ജയറാമിന് കിട്ടിയ വ്യത്യസ്തമായ കഥാപാത്രമാണ് പഞ്ചവര്‍ണതത്തയിലെ നായകവേഷം. പക്ഷേ കെട്ടുറപ്പില്ലാത്ത അടിത്തറയില്‍ അതിനെ പൊക്കിയെടുക്കാന്‍ കഴിഞ്ഞില്ല. അഭിനയിച്ച് പൊലിപ്പിക്കാനുള്ള വകയൊന്നുമില്ലെങ്കിലും  കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമ പുലര്‍ത്തുന്ന സിനിമകള്‍ പിറക്കുന്ന കാലത്ത് അസമയത്തെത്തിയ വിരുന്നുകാരനായി പഞ്ചവര്‍ണ തത്ത മാറി.

മൊട്ടത്തലയും കുടവയറും തോളിലൊരു സഞ്ചിയുമായി എപ്പോഴും എവിടെയും അയാളെ കാണാം. ചിലപ്പോള്‍ വളര്‍ത്തുമൃഗങ്ങളുടെ കച്ചവടക്കാരനായി... മറ്റ് ചിലപ്പോള്‍ സ്ഥലക്കച്ചവടക്കാരനായി... അയാള്‍ എന്തിന് ആ നാട്ടില്‍ വന്നു എവിടെ നിന്ന് വന്നു എന്നൊന്നുമറിയില്ല.

സമ്പന്നന്മാര്‍ താമസിക്കുന്ന കോളനിയിലെ പഴയ കെട്ടിടത്തിലാണ് അയാളുടെ താമസം. കൂടെ പഞ്ചവര്‍ണ തത്തകളും ആനയും കതിരയും കഴുതകളും ഓന്തും കുറേയിനം പട്ടികളും. ആ കൊച്ചു മൃഗശാലക്കാരന്‍ നാട്ടുകാര്‍ക്ക് തലവേദനയായപ്പോഴാണ് സ്ഥലം എംഎല്‍എ കലേഷിന് (കുഞ്ചാക്കോ ബോബന്‍) ഇടപെടേണ്ടി വന്നത്. ആ കോളനിയിലെ ഒരാഘോഷ രാത്രിയില്‍ ആ പെറ്റ് ഷോപ്പിലുണ്ടാകുന്ന മോഷണവും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പിന്നീട് ചിത്രത്തെ നയിക്കുന്നത്.

സിനിമയുടെ കഥാഗതി നിര്‍ണയിക്കുന്നതല്ലെങ്കിലും മദമിളകിയ ആനയ്ക്ക് മുന്നിലെ നെറികെട്ട മത ചിന്തയും, എം.എല്‍.എയുടെ ജോഗിങ്ങും പട്ടികടിയും പൊങ്ങച്ചക്കാരുടെ കോപ്രായങ്ങളും, എ.സി ലോ ഫ്‌ളോര്‍ ബസിലെ ചെലവ് കുറഞ്ഞ ബിസിനസ്സ് ചര്‍ച്ചകളും ഒഴിച്ചാല്‍ സിനിമയിചെ ബാക്കിയൊന്നും മനസ്സില്‍ നില്‍ക്കില്ല. അതും ചാനലില്‍ കാണുന്ന കോമഡി സ്‌കിറ്റുകളുടെ നിലവാരത്തില്‍ പോലും വന്നില്ല എന്നതാണ് സങ്കടം.

ചിത്രത്തില്‍ അസ്ഥാനത്താണെങ്കിലും നാല് പാട്ടുകളുണ്ട്. സീരിയലുപോലെ നീട്ടി വലിക്കുന്ന കഥാഗതിയില്‍ സിനിമയുടെ നിലവാരത്തില്‍ നിന്ന് അത് ഏറെ ഉയര്‍ന്നു നില്‍ക്കുന്നു.

ഒന്നും കാര്യമായിചെയ്യാനില്ലെങ്കിലും ചിത്രത്തിന്റെ ഭാഗമായ കുഞ്ചാക്കോ ബോബന്റെ നല്ല മനസ്സിന് നന്ദി. അനുശ്രീയാണ് ചിത്രത്തിലെ നായിക. കൂടാതെ നിര്‍മാതാവായ മണിയന്‍ പിള്ള രാജു, ധര്‍മജന്‍, മല്ലിക സുകുമാരന്‍, അശോകന്‍, സലിം കുമാര്‍ എന്നിവരും അന്‍പതോളം മിമിക്രി കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നു.

നേരംപോക്കിനായ് സിനിമ കാണുന്നവര്‍ക്ക് ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

Content Higlights: Panchavarnathatha Review MalayalamMovie Review Jayaram Kunchacko Boban Anusree Ramesh Pisharody