ന്ന് ഔട്ടാണ്, ചുവന്ന കൊടി നാട്ടി, ടെസ്റ്റ് മത്സരം തുടങ്ങി...ആര്‍ത്തവമാണെന്ന് തുറന്നുപറയാന്‍ പോലും മടിച്ച് കോഡ്ഭാഷയില്‍ സംസാരിക്കുന്ന, പാഡ് കൈയിലുണ്ടോ എന്ന് ചെവിയില്‍ രഹസ്യമായി ചോദിക്കുന്ന കാലത്ത് സാനിറ്ററി നാപ്കിനെക്കുറിച്ചു ആര്‍ത്തവത്തെക്കുറിച്ചും എത്രത്തോളം ശബ്ദത്തില്‍ സംസാരിക്കാന്‍ പറ്റുമോ അത്രയും ഉറക്കെ സംസാരിക്കുന്ന ചിത്രമാണ് അക്ഷയ് കുമാറിനെ നായകനാക്കി ബാല്‍കിയൊരുക്കിയ പാഡ്മാന്‍. ഇന്ത്യന്‍ സിനിമകളില്‍ പാഡും ആര്‍ത്തവവുമെല്ലാം പരാമര്‍ശിച്ചുപോകുന്ന ചിത്രങ്ങളുടെ എണ്ണമെടുത്താല്‍ വിരലിലെണ്ണാവുന്നതേയുണ്ടാകൂ. ചോക്ലേറ്റില്‍ അതിനെ പരിഹസിക്കുകയാണെങ്കില്‍ നോട്ട്ബുക്കില്‍ ആ സമയത്ത് ഒരു പെണ്‍കുട്ടി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്. പിന്നീട് അനുരാഗ കരിക്കിന്‍വെള്ളത്തിലെത്തിയപ്പോള്‍ വയറുവേദനയുടെ സമയത്ത് ഒരു പെണ്‍കുട്ടിക്ക് സ്‌നേഹിക്കുന്നയാളില്‍ നിന്ന് പരിചരണം വേണമെന്ന തലത്തിലേക്കെത്തി.

എന്നാല്‍ ഒരൊറ്റ രംഗത്തിലൊതുങ്ങാതെ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ മുഴുവനായി ആര്‍ത്തവത്തെയും സാനിറ്ററി നാപ്കിനെക്കുറിച്ചുമാണ് പാഡ്മാന്‍ പറയുന്നത്. ഏറ്റവും കുറഞ്ഞ പൈസയ്ക്ക് സാനിറ്ററി നാപ്കിന്‍ നിര്‍മിച്ച് വിപ്ലവമുണ്ടാക്കിയ തമിഴ്‌നാട്ടുകാരന്‍ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതം അതുപോലെത്തന്നെ ബാല്‍ക്കി ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അരുണാചലം മുരുകാനന്ദനെന്ന പേരിന് പകരം ഉത്തരേന്ത്യക്കാരനായ ലക്ഷ്മികാന്ത് ചൗഹാനായാണ് അക്ഷയ് കുമാര്‍ ചിത്രത്തിലെത്തുന്നത്.

ആര്‍ത്തവസമയത്ത് വൃത്തിയില്ലാത്ത തുണി ഉപയോഗിക്കുന്ന ഭാര്യ ഗായത്രിക്ക് (രാധിക ആപ്‌തെ) വേണ്ടി ലക്ഷ്മികാന്ത് മെഡിക്കല്‍ ഷോപ്പില്‍ പോയി സാനിറ്ററി നാപ്കിന്‍ വാങ്ങുന്നിടത്താണ് സിനിമയുടെ തുടക്കം. എന്നാല്‍ 55 രൂപ വിലയുള്ള ആ പാഡ് ഉപയോഗിക്കാന്‍ ഗായത്രി വിസമ്മതിക്കുന്നു. പാഡിന് വേണ്ടിവന്ന പണവും അത് പരമ്പരാഗതമായി പിന്തുടരുന്ന മൂല്യങ്ങള്‍ക്ക് എതിരാണെന്നതുമാണ് ഗായത്രിയെ പിന്നോട്ടുവലിപ്പിക്കുന്നത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ ലക്ഷ്മികാന്ത് തയ്യാറാകുന്നില്ല.

padman
Photo: FB/PadMan

ഇത്രയും ഭാരക്കുറവുള്ള ഈ വസ്തുവിന് ഇത്രയുമധികം പണം കൊടുക്കുന്നതെന്തിനാണെന്നായിരുന്നു ലക്ഷ്മിയെ കുഴക്കിയ ചോദ്യം. ഒപ്പം തന്റെ ഭാര്യയടക്കമുള്ള സ്ത്രീകള്‍ വൃത്തിയില്ലാത്ത തുണി ഉപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അയാളെ അലട്ടുന്നു. തുടര്‍ന്ന് ഈ പ്രശ്‌നത്തിന് പരിഹാരം തേടിയുള്ള ലക്ഷ്മിയുടെ യാത്രയാണ് ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളില്‍ പറയുന്നത്. 

എന്നാല്‍ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. സ്വന്തം കുടുംബത്തേയും ഗ്രാമത്തേയും ലക്ഷ്മിക്ക് നഷ്ടപ്പെടുത്തേണ്ടി വരുന്നു. ഒപ്പം നാട്ടുകാര്‍ക്കിടയില്‍ അയാള്‍ ഭ്രാന്തനായും വിഡ്ഢിയായും ചിത്രീകരിക്കപ്പെടുന്നു. ഒടുവില്‍ ഒരുഘട്ടമെത്തുമ്പോള്‍ ലക്ഷ്മിക്ക് സ്വന്തം ഗ്രാമം ഉപേക്ഷിച്ചുപോകേണ്ടി വരുന്നു. രണ്ടാം പകുതിയില്‍ സോനം കപൂര്‍ അവതരിപ്പിച്ച പാരി വാലിയ എന്ന കഥാപാത്രമെത്തുന്നതോടെ ലക്ഷ്മിയുടെ ജീവിതം പുതിയ വഴിത്തിരിവിലേക്കെത്തുകയാണ്. ലക്ഷ്മി നിര്‍മിച്ച പാഡിന്റെ ആദ്യ ഉപഭോക്താവായെത്തുന്ന പാരി നിസ്സഹായാനായി നിന്ന ലക്ഷ്മിക്ക് പറക്കാനുള്ള ചിറകുകള്‍ നല്‍കുന്നു. 

തിരക്കഥയേക്കാളുപരി പഞ്ച് ഡയലോഗുകളാണ് പാഡ്മാന് ജീവന്‍ നല്‍കുന്നത്. സിനിമയില്‍ അതിഥി താരമെയെത്തുന്ന അമിതാഭ് ബച്ചന്റെയും ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കുന്ന ലക്ഷ്മിയുടേയും സംഭാഷണങ്ങള്‍ എഴുതിയ ബാല്‍ക്കിക്കും സ്വാനന്ദ് കിര്‍ക്കിറെയ്ക്കും കൈയടി നല്‍കാം. അമേരിക്കയ്ക്ക് സൂപ്പര്‍ മാനും ബാറ്റ്മാനും സ്‌പൈഡര്‍ മാനുമുണ്ടായേക്കാം, പക്ഷേ ഇന്ത്യക്ക് പാഡ്മാനുണ്ടെന്നാണ് ബച്ചന്‍ ലക്ഷ്മിയെ അഭിനന്ദിക്കുന്ന ഒരു രംഗത്ത് പറയുന്നത്.

padman
Photo: FB/PadMan

അഞ്ചു ദിവസം ആര്‍ത്തവമായി പുറത്തിരിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ടെസ്റ്റ് മത്സരം കളിക്കുന്നുവെന്ന് പറഞ്ഞ് പരിഹസിക്കുന്നു, പക്ഷേ ടെസ്റ്റ് കളിക്കുമ്പോള്‍ ഇരുകാലിലും രണ്ട് പാഡുകള്‍ സുരക്ഷയ്ക്കായി നിങ്ങള്‍ അണിയുന്നുണ്ട്. എന്നാല്‍ ആര്‍ത്തവ സമയത്ത് ഒരു പാഡു പോലുമില്ലാതെ, വൃത്തിയില്ലാത്ത തുണി ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ക്കൊട്ടും ആശങ്കയില്ലെന്ന് ലക്ഷ്മി തന്റെ പ്രസംഗത്തിനിടയില്‍ ചോദിക്കുന്നുണ്ട്. 

ചിത്രത്തിന്റെ ക്യാമറ ചെയ്ത പി.സി ശ്രീറാമും എഡിറ്റിങ് നിര്‍വഹിച്ച ഛന്ദന്‍ അറോറയും തങ്ങളുടെ റോളുകള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്. എന്നാല്‍ അമിത് ത്രിവേദിയുടെ സംഗീതത്തിന് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഉത്തരേന്ത്യയിലെ ഒരു സാധാരണ സ്ത്രീയെ അതേപോലെ പകര്‍ത്തുന്നതില്‍ രാധിക ആപ്‌തെ വിജയിച്ചപ്പോള്‍ പാരിയായെത്തിയ സോനം കപൂറിന് തന്റെ മുന്‍ സിനിമകളേക്കാള്‍ കൂടുതലായി ഒന്നും പാഡ് മാനിലും ചെയ്യാനുണ്ടായിരുന്നില്ല. നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും അവഗണന നേരിട്ട് ഒടുവില്‍ നാടിന്റെ അഭിമാനമായി തിരിച്ചെത്തുന്ന സൂപ്പര്‍ ഹീറോ പടങ്ങളുടെ ആവര്‍ത്തനമായി പാഡ്മാന്‍ തോന്നുമെങ്കിലും തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ രണ്ടു കാര്യങ്ങള്‍ നമ്മുടെ മനസ്സിലുണ്ടാകും. സാനിറ്ററി നാപ്കിനെന്നത് ഒളിച്ചുകടത്തേണ്ട വസ്തുവല്ലെന്നും ആര്‍ത്തവമെന്നത് അശ്ലീലമല്ലെന്നും.

Content Highlights: PadMan Movie Review Akshay Kumar R Balki Radhika Apte