ടൈറ്റിലിലും പോസ്റ്ററുകളിലും പുലര്‍ത്തിയ വ്യത്യസ്തത കൊണ്ട് ഇറങ്ങുന്നതിനു മുന്‍പ് തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'. ശംഭു പുരുഷോത്തമന്‍ എഴുതി സംവിധാനം ചെയ്ത ചിത്രം മലയാളികളുടെ കപട സദാചാരബോധത്തെയും ധൂര്‍ത്തിനെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വിമര്‍ശനാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ്.
ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കല്ല്യാണം ഉറപ്പിക്കലിന്റെ രംഗത്തില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. നാട്ടിലെ പ്രതാപികളായി ജീവിച്ച കുടുംബം ബിസിനസിലെ തകര്‍ച്ച മൂലം കടക്കെണിയിലാവുന്നു. അതില്‍ നിന്ന് കരകയറാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം നല്ലൊരു തുക സ്ത്രീധനമായി വാങ്ങി കുടുംബത്തിലെ ഇളയ സന്താനത്തെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുക എന്നതാണ്. എന്നാല്‍ കല്ല്യാണം ഉറപ്പിച്ചതിന് ശേഷം ഉണ്ടാകുന്ന ചില 'തിരിച്ചറിവുകളി'ലൂടെയാണ് പിന്നീടുള്ള ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഇന്ന് മലയാളി കുടുംബങ്ങളില്‍ വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്തിനെയും സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെയും ചിത്രം കണക്കിന് പരിഹസിക്കുന്നുണ്ട്. ബന്ധം ഊട്ടിയുറപ്പിക്കുക എന്നതിലുപരി വിവാഹമെന്നത് കച്ചവടമായി മാറുന്ന പ്രവണതയെയും ചിത്രം വരച്ചു കാട്ടുന്നു
വിനയ് ഫോര്‍ട്ട്, സ്രിന്റ, ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍, ടിനി ടോം, അലന്‍സിയര്‍, മധുപാല്‍, അനുമോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
കന്നിച്ചിത്രമായ വെടിവഴിപാടിലേതെന്ന പോലെ സമൂഹത്തിലെ വാര്‍പ്പു മാതൃകളെ തച്ചുടയ്ക്കാന്‍ സംവിധായകന്‍ ശംഭു പുരുഷോത്തമന്‍ എടുത്ത പ്രയത്‌നം പ്രത്യേകം കയ്യടി അര്‍ഹിക്കുന്നു. മുന്‍വിധികളില്ലാതെ പോയാല്‍ ആദ്യാവസാനം കണ്ട് ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ
Content Highlights : Paapam Cheyyathavar Kalleriyatte Movie Review