മൂന്ന് പ്രണയകഥ. എല്ലാം ചേരുമ്പോ നാലാമതൊരു പ്രണയകഥയും. പ്രേക്ഷകരെ, നിങ്ങള്‍ വെറും വിഡ്ഢികളാണെന്ന് പ്രഖ്യാപിച്ചൊരു ക്ലൈമാക്‌സും കൂടിയാവുമ്പോള്‍ എല്ലാം ശുഭം. അജിന്‍ലാലും ജയന്‍ വന്നേരിയും ചേര്‍ന്ന് സംവിധാനംചെയ്ത ഒറ്റയ്ക്കൊരു കാമുകന്‍ അങ്ങനെയൊരു ദുരന്തമാണ്.

നാലുപേരെ ബന്ദികളാക്കിക്കൊണ്ടൊരു നാടകത്തോടെയാണ് തിരശ്ശീല ഉയരുന്നത്. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന വിന്‍സെന്റ് ആണ് നാലുപേരെ ബന്ദികളാക്കി അവരുടെ പ്രണയകഥ പറയിപ്പിക്കുന്നത്. ആ പ്രണയകഥയില്‍ ദീപാകുര്യന്റെ കഥയും പ്രൊഫസര്‍ അനന്തകൃഷ്ണന്റെ കഥയും രസകരമായിരുന്നു. അതിന്റെ തിരക്കഥയും ദീപാകുര്യന്റെ കഥയിലെ ഷാജോണ്‍ അവതരിപ്പിച്ച കഥാപാത്രവും മനസ്സില്‍ നില്‍ക്കും. ആ കഥകളുടെ ക്ലൈമാക്സും കൊള്ളാമായിരുന്നു. പക്ഷേ, മൊത്തത്തില്‍ കഥ കൂട്ടിക്കെട്ടാനും അവസാനം എന്തുചെയ്തിതൊന്ന് അവസാനിപ്പിക്കണമെന്നുമറിയാതെ കുഴങ്ങുന്ന സംവിധാനമാണ് സിനിമയെ ഒരു ദുരന്തമാക്കിമാറ്റിയത്.

അവതരണത്തിലെ പാളിച്ചകള്‍ ഒരു സിനിമയെ എങ്ങനെ നശിപ്പിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ കാമുകന്‍. മൂന്നും മൂന്ന് കഥയാക്കി ഹ്രസ്വസിനിമകളുടെ സമാഹാരമാക്കിയാല്‍പോലും മതിയായിരുന്നു. നാലാമത്തെ കഥയില്‍ കൊണ്ടെത്തിക്കാനുള്ള ശ്രമവും, അത് മൊത്തം നാടകമായിരുന്നു എന്നും പറയുന്നിടത്ത് പ്രേക്ഷകന്‍ വിഡ്ഢിയാക്കപ്പെട്ടപോലെയാവും. അതുതന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്‌നവും. മിക്കയിടങ്ങളിലും നല്ല പശ്ചാത്തല സംഗീതം ചിത്രത്തിന് സഹായകമാവുന്നുണ്ട്. ചിലയിടത്ത് അതടക്കം പാളിപ്പോവുന്നതും കാണാം. ക്യാമറയിലും ഒരു ദാരിദ്ര്യം ഫീല്‍ചെയ്യുന്നുണ്ട്.

പുതുമുഖങ്ങളായ എസ്.കെ. സുധീഷും ശ്രീഷ്‌കുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, അഭിരാമി, ഷൈന്‍ ടോം ചാക്കോ, ലിജോമോള്‍ ജോസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഹീംസിദ്ധിഖ്, നിമ്മി ഇമ്മാനുവല്‍ എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. കൂട്ടത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബാല്യകാലം അവതരിപ്പിച്ച ഷാലുറഹീമും പ്രതീക്ഷയര്‍പ്പിക്കാവുന്നൊരു നടനാണ്. ഈ ചിത്രത്തെപ്പറ്റി ഫേസ്ബുക്കില്‍ മലയാളത്തിന്റെ 96 എന്നിങ്ങനെ കണ്ടു. അമ്പോ എന്തൊരുതള്ള് എന്നല്ലാതെന്തുപറയാന്‍.

Content highlights : Ottakkoru kamukan movie review joju george abhirami shalu raheem lijomol