ജോജു ജോർജ് നായകനായി നവാഗതനായ അഖിൽ മാരാർ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘ഒരു താത്വിക അവലോകനം’.  ‘ഒരു താത്വിക അവലോകനം’ പൂർണമായും ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമാണ്. യോഹാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ​ഗീവർ​ഗീസ് യോഹന്നാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‌ മലയാളത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഒരു മുഴുനീള ആക്ഷേപഹാസ്യ ചിത്രം കൂടിയാണിത്. എല്ലാ രാഷ്രീയ പാർട്ടികളും 'ഒരു താത്വിക അവലോകന'ത്തിൽ വിമർശനത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. 

മുപ്പത് വർഷങ്ങൾക്കിപ്പുറവും കേരളം ചർച്ച ചെയ്യുന്ന എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ സന്ദേശത്തിൽ ശങ്കരാടി പറയുന്ന ഒരു സംഭാഷണ ശകലത്തിൽ നിന്നാണ് 'ഒരു താത്വിക അവലോകനം' എന്ന പേര് സംവിധായകൻ കടമെടുത്തിരിക്കുന്നത്. ഒരു പക്ഷെ സന്ദേശത്തിന് ശേഷം മലയാളത്തിൽ വരുന്ന ഒരു മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം തന്നെയാണ് ഒരു താത്വിക അവലോകനം. കക്ഷി രാഷ്ട്രീയത്തിന്റെ ഭാ​ഗമായി ചിലർ നടത്തുന്ന ജനദ്രോഹ നടപടികളെയും അവരുടെ പ്രവർത്തികളെയും അഖിൽ മാരാർ ചിത്രത്തിലൂടെ വിമർശിക്കുന്നുണ്ട്. വർത്തമാനകാല കേരള രാഷ്ട്രീയത്തിലെ പല സംഭവങ്ങളും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. അതിൽ കെഎസ്ആർടിസി ശമ്പള പ്രശ്നം മുതൽ പിഎസ്സി പരീക്ഷ ക്രമക്കേട് വരെ ചിത്രത്തിൽ വിഷയമാകുന്നുണ്ട്.

രാഷ്ട്രീയ പകപോക്കലുകൾക്കിരയായി ജീവിതം താറുമാറായ കോണ്ടാക്ടർ ശങ്കറിന്റെയും (ജോജു) നന്ദുവിന്റെയും (നിരഞ്ജൻ) ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഒരു കൊടിമരം തകരുന്നതിൽ തുടങ്ങുന്ന കോലാഹലങ്ങളിൽ തുടങ്ങുന്ന ചിത്രം രാമൻകോട്ട എന്ന സാങ്കല്പിക ​നിയോജക മണ്ഡലത്തിലെ ഗൗരവമേറിയ  രാഷ്ട്രീയ സാഹചര്യങ്ങളെ നർമ്മത്തിൽ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇടതുപക്ഷ പാർട്ടിയായ ആർകെപിയുടെ നേതാക്കളായി ഷമ്മി തിലകന്റെയും അജു വർ​ഗീസിന്റെയും പ്രകടനം ​ഗംഭീരമായിരുന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ കെജെപിയുടെ നേതാവായി ജയകൃഷ്ണനും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സജി വെഞ്ഞാറമൂട്, മേജർ രവി, അസീസ് എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു. സന്ദേശം പോലൊരു കൾട്ട് ക്ലാസിക് സിനിമയുടെ അത്രയും മികച്ചതല്ലെങ്കിലും വർത്തമാനകാല രാഷ്ട്രീയം നിരീക്ഷിക്കുന്ന ഒരാൾക്ക് ആസ്വദിച്ച് കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഒരു താത്വിക അവലോകനം. 

ജോജു ജോർജിനെ കൂടാതെ നിരഞ്ജൻ മണിയൻപിള്ള രാജുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അജു വർഗീസ്, മേജർ രവി, ഷമ്മി തിലകൻ, ജയകൃഷ്ണൻ, സജി വെഞ്ഞാറമൂട് പ്രശാന്ത് അലക്സാണ്ടർ, ബാലാജി ശർമ്മ, അസീസ് നെടുമങ്ങാട്, പ്രേം കുമാർ, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിൽ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. കൈതപ്രം, മുരുകൻ കാട്ടാകട എന്നിവർ ചേർന്ന് രചിച്ച വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് രവിശങ്കറാണ്. 

Content Highlights: oru thathvika avalokanam malayalam movie review joju george