മാറിയ സിനിമയുടെ കാലത്തും തിയേറ്റർ വിജയത്തിൽ പിടിച്ചുനിന്ന സിദ്ദിഖ്‌-ലാൽ സ്കൂൾ ഡയറക്ടർമാരിലെ അവസാനകണ്ണിയാണ് ഷാഫി. ടൂ കൺട്രീസ് വരെയുള്ള തിയേറ്റർ ഹിറ്റുകൾ ഷാഫിയുടെ ജനപ്രിയ എന്റർടെയ്‌നർ വിജയഫോർമുലകളുടെ സാക്ഷ്യപത്രമാണ്. കഴിഞ്ഞ സിനിമ ഷെർലക് ടോംസിൽ കാലിടറി നിലത്തുവീണെങ്കിൽ ഇക്കുറി ഒരു പഴയ ബോംബ് കഥയിലൂടെ നിലവാരത്തകർച്ചയുടെ പാതാളക്കുഴിയിലേക്ക് അധഃപതിച്ചിരിക്കുകയാണ് ഷാഫി. സിനിമയിലെ ഡയലോഗ് തന്നെ കടമെടുത്തുചോദിച്ചാൽ, എന്തൊരു അധഃപതനമാണിത്?

ഷാഫിയുടെ കരിയറിലെ ഏറ്റവും വലിയ ദുരന്തമാണ് ഈ തട്ടിക്കൂട്ട് കലാപരിപാടി. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജ്‌ നായകവേഷത്തിലെത്തുന്ന സിനിമ എന്ന നിലയിൽ ഒരു പഴയ ബോംബ് കഥ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ കാലിന് സ്വാധീനം കുറഞ്ഞ നായകൻ നേരിടുന്ന വെല്ലുവിളി എന്ന നിലയിൽ തുടങ്ങിയ സിനിമ മാവോയിസ്റ്റ് വേട്ടമുതൽ ബോംബ് നിർമാണ സ്റ്റഡിക്ലാസ് വരെയുള്ള കാര്യങ്ങളിലൂടെ പരസ്പരം ബന്ധിച്ചും ബന്ധിക്കാതെയും രണ്ടരമണിക്കൂർകൊണ്ട് ഓട്ടപ്രദക്ഷിണംവെച്ചുതീരുമ്പോൾ ക്ഷമ തിയേറ്റർ വിട്ടോടും. സ്വയമൊരു ചാവേർ ബോംബായി തിയേറ്ററിനകത്തിരുന്നു പൊട്ടിത്തെറിക്കാൻ ഏതെങ്കിലും കാണിക്കുതോന്നിയാൽ ആർക്കും കുറ്റംപറയാൻ തോന്നില്ല. അത്രമേൽ ബാലിശമാണ് ബിനുജോസഫ്, സുനിൽ കർമ എന്നിവരുടെ തിരക്കഥയിൽ സൃഷ്ടിച്ചെടുത്ത ഈ കോമാളിനാടകം.

അടിസ്ഥാനപരമായൊരു പ്ലോട്ടുപോലുമില്ലാതെ ഫോർവേഡ് ചെയ്തുവാടിയ വാട്‌സ്‌ആപ്പ് തമാശകളും ഫെയ്‌സ്ബുക്ക് ട്രോളുകളും നിരത്തിവെച്ച് ഒരു റിയാലിറ്റി ഷോ സ്കിറ്റാണ് സിനിമ ഏറെക്കുറെ. ജനപ്രിയ സിനിമകളുടെ മർമമറിയാവുന്ന, ഇത്രയും സീനിയറായ ഒരു സംവിധായകനിൽനിന്ന് തീരെ പ്രതീക്ഷിക്കാത്ത ഷോ. അല്ലെങ്കിൽ ഷാഫി എന്ന പേരിൽ മാത്രം വിശ്വസിച്ച് ഈ സിനിമയ്ക്കു ടിക്കറ്റെടുത്ത് അല്പം വിനോദം തേടിയെത്തുന്ന സാധാരണക്കാരനായ കാണിയോടുള്ള കൊടിയവഞ്ചന. തന്റെ കുറവുകളെപ്പറ്റി ചിന്തിച്ചു സമയം കളയുന്ന അപകർഷതയില്ലാത്തവനാണ് നായകനെന്നു തുടക്കത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഥാഗതി നേരെ മറിച്ചാണ്. ഉത്തരാഖണ്ഡിലെ മാവോയിസ്റ്റ് വേട്ടയോടെയാണ് ആകെ വെടിയിലും പുകയിലും സിനിമ തുടങ്ങുന്നത്. അതെന്തിനായിരുന്നു എന്ന് സിനിമ തീർന്നിട്ടും ഒരു പുകപോലെ പുകഞ്ഞുനിൽപ്പുണ്ട്. 

പ്രയാഗ മാർട്ടിനാണ് നായിക. നായകന്റെ പാട്ടിനും നോട്ടത്തിനുമിടയിലൂടെ നടന്നുപോവുകയാണ് പ്രയാഗയുടെ റോൾ. മോശം പറയരുതല്ലോ, പ്രയാഗ ആ റോൾ ഭംഗിയായി പ്രയോഗിച്ചിട്ടുണ്ട്. പ്രതിനായകന്റെ റോളിലെത്തുന്ന കലാഭവൻ ഷാജോൺ കൈയടി നേടുന്നുണ്ട്.