ഉണ്ണിമുകുന്ദനെ നായകനാക്കി സാജന്‍ മാത്യു സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്ത് പാര്‍ത്തായ' എന്ന ചിത്രത്തില്‍ പറയുന്നത് ഒരു നാട്ടിന്‍ പുറത്ത സാധാരണക്കാരന്റെ അസാധരണമായൊരു കഥയാണ്. കോക്കേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സനുഷയും പ്രയാഗയുമാണ് ചിത്രത്തിലെ നായികമാര്‍. തിരക്കഥയെഴുതിയിരിക്കുന്നത് നവാഗതമായ  അഭിലാഷ് ശ്രീധരനാണ്. ധനേഷ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍.

നാട്ടിന്‍പുറത്തുകാരനായ പ്രകാശന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി ചിത്രത്തിലെത്തുന്നത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സാദിഖ്, ബിജുക്കുട്ടന്‍, സുധി കോപ്പ, സാബു മോന്‍ ബിന്ദു പണിക്കര്‍, കൊച്ചു പ്രേമന്‍, ടിനിടോം തുറ്റങ്ങിയ വലിയൊരു താര നിരതന്നെ ഈ ചിത്രത്തിലുണ്ട്.

നാട്ടിന്‍പുറത്തുകാരനായ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി ചിത്രത്തില്‍ എത്തുന്നത്.  ഇലക്ട്രിഷ്യനായ അയാള്‍ ഗുസ്തിയിലും തല്‍പരനാണ്. എല്ലാ ചെറുപ്പക്കാരെ പോലെയും  ഭാവി വധുവിനെപ്പറ്റി ഒരു പാട് സ്വപ്‌നങ്ങളുണ്ട് അവക്കെല്ലാം നിറമേകുന്നത് അശ്വതി എന്ന പെണ്‍കുട്ടിയാണ്. അശ്വതിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് സനുഷയാണ്. എന്നാല്‍ പ്രകാശന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി പാര്‍വ്വതി (പ്രയാഗ) എന്ന പെണ്‍കുട്ടി എത്തുന്നതോടെയാണ് കഥ മറ്റൊരു വഴിയിലേക്ക് സഞ്ചരിയ്ക്കുന്നത്. പാര്‍വതിയുടെ ദുരൂഹമായ ജീവിത സാഹചര്യങ്ങളാണ് കഥയെ ചൂടു പിടിപ്പിക്കുന്നത്. 

കഥാപാത്രങ്ങളുടെ പ്രകടനത്തെ പരിശോധിക്കുക്കുകയാണെങ്കില്‍ നാട്ടിന്‍പുറത്തുകാരനായ പ്രകാശനായി ഉണ്ണി മുകുന്ദന്‍ വളരെ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. മലയാള സിനിമയില്‍ അരങ്ങേയറ്റം കുറിച്ച പ്രയാഗ മാര്‍ട്ടിന്‍ ദുരൂഹ സ്വഭാവമുള്ള തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. മുന്‍പ് അവതരിപ്പിച്ച കഥാപാത്രങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ അശ്വതിയെ അവതരിപ്പിച്ച സനുഷക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രകാശന്റെ അമ്മയായ് എത്തിയ ബിന്ദു പണിക്കര്‍ തന്റെ കഥാ പാത്രത്തോട് നിതി പുലര്‍ത്തി. 
 
ഈ അടുത്തിറങ്ങിയ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ കഥയാണ് ഒരു മുറൈ വന്ത് പാര്‍ത്തയയിലേത്. തുടക്കകാരെന്ന നിലയില്‍ സാജന്‍ കെ മാത്യുവും അഭിലാഷ് ശ്രീധരനും വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. വിനു എം തോമസ് ഈണമിട്ട ഗാനങ്ങള്‍ മനോഹരങ്ങളാണ്.

മല്ലാപുരം എന്ന ഗ്രാമവും നാട്ടുകാരും, ചായക്കടയും സിനിമയിലെ പ്രധാന ഘടകങ്ങളാണെങ്കിലും കഥ നടക്കുന്ന കാലഘട്ടത്തെക്കുറിച്ച് അവ്യക്തതയുണ്ട്. ആദ്യ പകുതി കഴിയുന്നതോടുകൂടി സിനിമയുടെ ഗതി മാറുന്നുവെങ്കിലും രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ചില രംഗങ്ങള്‍ മടുപ്പിക്കുന്നതായി തോന്നും. സിനിമയിലെ ഗാനങ്ങള്‍ നിലവാരം പുലര്‍ത്തിയെങ്കിലും ഒന്നു രണ്ടിടങ്ങളില്‍  സന്ദര്‍ഭവുമായി യോജിക്കാത്ത വിധത്തില്‍ വേറിട്ടു നിന്നു. ഹാസ്യ രംഗങ്ങള്‍ ചിത്രത്തില്‍ വേണ്ടുവോളം ഉണ്ടെങ്കിലും ചില രംഗങ്ങള്‍ക്ക് പ്രേക്ഷകരെ ചിരിപ്പിക്കാനായില്ല. 

ചിത്രത്തിന്റ പോസ്റ്ററുകളും ഗാനരംഗങ്ങളും മാത്രം കണ്ടവര്‍ക്ക് ഇത് ഒരു പക്ഷെ ഒരു പ്രണയ കഥയായി മാത്രം തോന്നാം എന്നാല്‍ നമ്മുടെ ധാരണകളെ തകിടം മറിക്കുന്ന പല ഘടകങ്ങളും ഈ സിനിമയിലുണ്ട്.