ലയാളസിനിമ കുറേയേറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് നമ്മളില്‍ ചിലരെങ്കിലും കരുതുന്നുണ്ടാവും. എവിടുന്ന്?. അതിപ്പോഴും ഒരു അവിഹിതഗര്‍ഭത്തിന്റെ ഉത്തരവാദിയെ കണ്ടുപിടിക്കാന്‍ വേണ്ടി രണ്ടരമണിക്കൂറും അഞ്ചെട്ടു കോടി രൂപയും ചെലവിടേണ്ട അവസ്ഥയിലാണ്. സംശയമുള്ളവര്‍ ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടുനോക്കുക.  ഇരട്ടതിരക്കഥാകൃത്തുകളില്‍ നിന്നു സ്വതന്ത്രതിരക്കഥാകൃത്തുകളായി മാറുകയും പിന്നീട് സംവിധാനത്തിലേക്കു തിരികയും ചെയ്ത സച്ചി-സേതു കൂട്ടുകെട്ടിലെ സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. സച്ചി അനാര്‍ക്കലി എന്ന ഹിറ്റ്ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായിരുന്നു. കസിന്‍സ് അച്ചായന്‍സ്, സലാം കശ്മീര്‍ എന്ന സിനിമകള്‍ക്കുശേഷമുള്ള സേതുവിന്റെ തിരക്കഥകൂടിയാണ് മമ്മൂട്ടി നായകനായെത്തുന്ന കുട്ടനാടന്‍ ബ്ലോഗ്. ആ സിനിമകളേക്കാള്‍ ഭേദമെന്നും തിരക്കഥയേക്കാള്‍ ദേദപ്പെട്ട സംവിധാനമെന്നും പറയുക മാത്രമേ തല്‍ക്കാലം നിര്‍വാഹമുള്ളു. 

നാട്ടില്‍ മടങ്ങിയെത്തുന്ന ഒരു പ്രവാസിയിലൂടെ കുട്ടനാടിനെക്കുറിച്ചു പറയുക എന്നതാണ് സിനിമയുടെ വണ്‍ലൈന്‍. അതു പറയാന്‍ പ്രവാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു ബ്ലോഗ് എന്ന സങ്കേതം ഉപയോഗിക്കുന്നു. കഥ പഴയ ബോംബ് കഥ തന്നെ. നന്മയുടെ നിറകുടമായ, വീടുകള്‍ തോറും ബി.എം.ഡബ്ല്യുവില്‍ കൊണ്ടുനടന്ന് നന്മ ഹോള്‍സെയിലായി വിതരണം ചെയ്യുന്ന ഹരി കൈമള്‍ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്‍. നായകന് എന്താണ് ജോലിയൊന്നൊന്നും പറയുന്നില്ലെങ്കിലും ആള്‍ കൃഷ്ണപുരം എന്ന കുട്ടനാടന്‍ പ്രദേശത്തിലെ ചെറുപ്പക്കാരുടെ മാതൃകാപുരുഷനാണ്. പിള്ളേര്‍ക്ക് സൗജന്യവൈഫൈ ഏര്‍പ്പാടാക്കുന്നതു മുതല്‍ എങ്ങനെ പ്രേമിക്കാം, ഒളിച്ചോടാം  എന്നുപഠിപ്പിക്കുന്നതുവരെ ഈ ഹരിയേട്ടനാണ്. ആളൊരു 'ലേഡീസ് മാന്‍' കൂടിയാണ്. രണ്ടരമണിക്കൂര്‍ സിനിമ പോയിട്ട് ഒരു മുഴുനീള പേജ് ബ്ലോഗ് പോലും എഴുതാനുള്ള വിഭങ്ങള്‍ ഇല്ലാത്ത സിനിമയാണ് കുട്ടനാടന്‍ ബ്ലോഗ്.

സൂപ്പര്‍സ്റ്റാറിന്റെ ഡേറ്റും തട്ടിക്കൂട്ടു തിരക്കഥയും എന്ന ടിപ്പിക്കല്‍ ഫോര്‍മുലയാണ് സിനിമയുടേത് എന്ന് ലളിതയുക്തിയാല്‍ മനസിലാകുന്ന തരത്തില്‍ ദുര്‍ബലമാണ് സിനിമ. തുടക്കത്തില്‍ മാത്രമാണ് അല്‍പം നര്‍മരസത്തിലൊക്കെ സിനിമ മുന്നേറുന്നത്. സണ്ണി വെയ്‌നും അനന്യയും അവതരിപ്പിക്കുന്ന പ്രവാസി ദമ്പതികള്‍ കാപ്പികുടിച്ചും പഴച്ചാറു സേവിച്ചും വായിക്കുന്ന ബ്ലോഗിലൂടെയാണ് സിനിമ മുന്നേറുന്നത്. പേരില്‍ ബ്ലോഗുണ്ടായിരുന്നതുകൊണ്ട് അങ്ങനെ രണ്ടുകഥപാത്രങ്ങളെ ഉള്‍പ്പെടുത്തിയതാകാനേ വഴിയുള്ളു. അതുപോലെ തന്നെ ശീര്‍ഷകഗാനത്തിലെ പച്ചപ്പൊഴിച്ചാല്‍ കുട്ടനാടുമായുമൊന്നും ബന്ധമൊന്നുമില്ല. എല്ലാ രംഗങ്ങളിലും കായലും കനാലും പാടശേഖരങ്ങളും ഉള്ളതുകൊണ്ട് കുട്ടനാടിനെക്കുറിച്ചാണ് പറയുന്നത് എന്നുവേണമെങ്കില്‍ ആരോപിക്കാം എന്നുമാത്രം. ജോഷിയുടെ മോഹന്‍ലാല്‍ സിനിമ മാമ്പഴക്കാലത്തിലെ പുരമനയില്‍ ചന്ദ്രന്റെ മമ്മൂട്ടിപ്പതിപ്പാണ് ബ്ലോഗിലെ ഹരി. കാര്യമൊന്നുമില്ലെങ്കിലും ഒരു പത്തുവര്‍ഷം മുമ്പ് ഇറങ്ങാമായിരുന്നുവെന്ന് ചുരുക്കം. 'ന്യൂജെന്‍' ആണെന്നു കാട്ടാനാവും നായകനെ 'തേക്കുന്ന' നായികയെയും ഒരു തേപ്പുപാട്ടും തിരുക്കിക്കയറ്റി ബോറടിയുടെ ബ്ലോഗെഴുത്ത് നീട്ടിയിട്ടുണ്ട്. .

മമ്മൂട്ടിയും അസംഖ്യം യുവനടന്മാരും നടിമാരും സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ലാലു അലക്‌സ്, റായ് ലക്ഷ്മി, ഷംന കാസിം, അനു സിത്താര, സ്വാസ്തിക, ഗ്രഗറി, നെടുമുടിവേണു, സഞ്ജു ശിവറാം, ആദില്‍ മുഹമ്മദ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ ഒരു വമ്പന്‍ താരനിരയും സിനിമയിലുണ്ട്. എല്ലാ ഫ്രെയിമിലും മിക്കവരുടേയും സാന്നിധ്യം സൃഷ്ടിക്കുന്നുണ്ടെങ്കിലും മമ്മൂട്ടി ഒഴികെ ആര്‍ക്കും കാര്യമായ റോളില്ല. ഷംന കാസിം നീന കുറുപ്പ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. ശരീരഭാഷയിലും മേക്കപ്പിലും പോലീസുകാരിയെക്കാള്‍ നര്‍ത്തകിയെ ഓര്‍മിപ്പിക്കുന്ന ഷംന ബ്ലോഗ് കൂടുതല്‍ വിരസമാക്കുന്നേ ഉള്ളു. പ്രദീപ് നായരുടെ ദൃശ്യങ്ങള്‍ നിലവാരം പുലര്‍ത്തിയപ്പോള്‍ ശ്രീനാഥ് ശിവശങ്കരന്റെ സംഗീതവും തരക്കേടില്ല എന്നു തോന്നിപ്പിച്ചു.

ഭാവന പടി പോയിട്ട് പാടം പോലും കടന്നുവരാത്തത്ര ശുഷ്‌കവും ദയനീയവുമാണ് ഈ ബ്ലോഗ്. കുട്ടനാടിനെക്കുറിച്ചെന്നാണ് സിനിമ അവകാശപ്പെടുന്നത്. പ്രളയം വരെ അവര്‍ സഹിച്ചു. ഇതൊക്കെ സഹിക്കുമോ എന്നു കണ്ടറിയണം. 

Content Highlights: oru kuttanadan blog movie review mammootty Sethu lakhsmi rai shamna kasim anu sithara