കോഴിക്കോട് നഗരപ്രാന്തത്തിലെ ഇഡ്ഡലി വില്പനക്കാരിയായ സുന്ദരിയമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി നിരുപാധികം വിട്ടയച്ചത് ഏതാനും വര്‍ഷം മുന്‍പാണ്. നമ്മുടെ നിയമവ്യവസ്ഥകളുടെയും പോലീസ് സംവിധാനങ്ങളുടെയും ഉദാസീനതയും മനുഷ്യത്വരഹിതമായ സമീപനവും ചൂണ്ടിക്കാട്ടുന്ന ഉത്തമോദാഹരണമാണ് ആ കേസ്. നടനും എഴുത്തുകാരനുമായ മധുപാല്‍ തന്റെ മൂന്നാം സിനിമയായ ഒരു കുപ്രസിദ്ധ പയ്യന് പശ്ചാത്തലമാക്കുന്നത് ആ സംഭവമാണ്. പ്രത്യക്ഷത്തില്‍ ആ സംഭവമാണ് സിനിമയെന്ന് അവകാശപ്പെടുന്നില്ലെങ്കിലും പ്രചോദനം അതില്‍നിന്നാണെന്ന് ഉറപ്പിക്കാം. ശാസ്ത്രലേഖനങ്ങളിലൂടെ സുപരിചിതനായ ജീവന്‍ ജോബ് തോമസിന്റെതാണ് തിരക്കഥ.  എന്നാല്‍ ഒരു കോര്‍ട്ട് റൂം ഡ്രാമ എന്നതാണ് ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ചുള്ള ഫസ്റ്റ് ഇംപ്രഷന്‍.

തലപ്പാവ്, ഒഴിമുറി എന്നിവയാണ് മധുപാലിന്റെ ആദ്യ സിനിമകള്‍. രണ്ടും കൊമേഴ്സ്യല്‍ ഘടകങ്ങള്‍ നന്നേ കുറവായവ. രണ്ടും നിയമവ്യവസ്ഥകളും നീതിനിര്‍വഹണസംവിധാനങ്ങളും മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്നവയെന്ന് പറയാം. 

ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മൂന്നാം സിനിമയുമായി വരുമ്പോഴും മധുപാലിന്റെ കാന്‍വാസ് അതുതന്നെയാണ്. അജയന്‍ എന്ന അനാഥ യുവാവിനെ പോലീസ് മനപ്പൂര്‍വം പ്രതിയാക്കി ഒരു കൊലക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും അയാള്‍ക്കുവേണ്ടി കോടതി ഏര്‍പ്പാടാക്കുന്ന വക്കീല്‍ നടത്തുന്ന നിയമപോരാട്ടവുമാണ് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഒരു കുപ്രസിദ്ധ പയ്യന്‍. സാഹസികരംഗങ്ങളും പ്രണയവും വൈകാരികതയും നിറഞ്ഞ ആദ്യപകുതിയും കോടതിവിചാരണകളുടെ നീണ്ട നടപടികള്‍ നിറഞ്ഞ രണ്ടാം പകുതിയുമാണ് സിനിമ. ആദ്യപകുതിയില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന അജയന്‍ എന്ന അന്തര്‍മുഖനായ നായകന്റെ നിഷ്‌കളങ്കത സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അറുക്കാന്‍ നിര്‍ത്തിയ പോത്ത് വിരണ്ടോടുമ്പോള്‍ അജയന്‍ കീഴ്പ്പെെടുത്തുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. അജയന്‍ ആരുമില്ലാത്ത, അന്തര്‍മുഖനായ, ഭീരുവായ എളുപ്പത്തില്‍ ആര്‍ക്കും ഇരയാക്കാവുന്ന ചെറുപ്പക്കാരനാണ്.

ആദ്യ കേസ് അതും തന്റെ ഗുരുനാഥന്‍ പബ്ലിക് പ്രോസിക്യൂട്ടറായി വരുന്ന കേസില്‍ പ്രതിയുടെ ലീഗല്‍ കൗണ്‍സിലര്‍ ആയി വാദിക്കാന്‍ നിര്‍ബന്ധിതയാകുന്ന ഹന്ന എന്ന അഭിഭാഷകയിലൂടെയാണ് രണ്ടാം പകുതി. സിനിമയില്‍ ഏറ്റവും പ്രധാന റോളും നിമിഷാ സജയന്‍ അവതരിപ്പിക്കുന്ന ഹന്നയുടെതാണ്. സിനിമ രണ്ടാം പകുതിയില്‍ അജയനില്‍ നിന്ന് ഹന്നയിലേക്ക് ഫോക്കസ് മാറ്റുന്നുണ്ട്. മെറ്റീരിയല്‍ തെളിവുകളെ ആസ്പദമാക്കിയുള്ള കോടതിവിചാരണാരംഗങ്ങള്‍ക്കിടയില്‍നിന്ന് ബ്രേക്ക് നല്‍കുന്നത് ഈ ഫോക്കസ് മാറ്റമാണ്. പരിഭ്രമത്തോടെ ആദ്യ കേസ് അവതരിപ്പിക്കുന്ന ഹന്നയെ നിമിഷ സമര്‍ഥമായി കൈകാര്യം ചെയ്യുന്നു. നെടുമുടി വേണുവാണ് പ്രോസിക്യൂട്ടറായി വരുന്നത്. സെഷന്‍സ് ജഡ്ജിയായി വേഷമിട്ട നിര്‍മാതാവ് സുരേഷ്‌കുമാര്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇഡ്ഡലി വില്‍പ്പനക്കാരിയായ ചെമ്പമ്മാളായി മുതിര്‍ന്ന തമിഴ്​നടി ശരണ്യയാണ് എത്തുന്നത്. അനു സിത്താര, സുജിത് ശങ്കര്‍, സിദ്ദിഖ്, അലന്‍സിയര്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍. മുന്‍സിനിമകളില്‍നിന്ന് മാറി കുറച്ചുകൂടി കൊമേഴ്സ്യല്‍ ഘടകങ്ങള്‍ ചേര്‍ക്കാന്‍ മധുപാല്‍ ശ്രമിച്ചിട്ടുണ്ട്. പോലീസ്, കോടതി നടപടികളുടെ ഏറെക്കുറെ റിയലിസ്റ്റിക് ആയ ചിത്രീകരണം സിനിമ സാധ്യമാക്കുന്നുണ്ട്. 

ശ്രീകുമാരന്‍ തമ്പിയും ഔസേപ്പച്ചനുമാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചോദിക്കാനാരുമില്ലാത്തവര്‍ക്ക് ഇന്ത്യന്‍ നിയമസംവിധാനങ്ങളുടെ കുരുക്കില്‍പ്പെട്ടാല്‍ ഉണ്ടാകുന്ന ഭീകരമായ യാഥാര്‍ഥ്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കാന്‍ ശ്രമിക്കുന്നത്. മൂന്നാംസിനിമയിലും നിലവാരമുള്ള സിനിമയ്ക്കായി ആത്മാര്‍ഥമായ ശ്രമം മധുപാലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്ന് കാണാം.

Content Highlights: oru kuprasidha payyan movie review madhupal tovino thomas Anu Sithara nimisha sajayan release