തിയേറ്ററുവരെ സംവിധായകന്‍ തള്ളിക്കൊണ്ടുവന്നു. ഹര്‍ത്താലായിട്ടും ആദ്യഷോ കാണാന്‍ ഇടിച്ചുകുത്തിവന്ന ജനം തിയേറ്ററികത്തേക്കും തള്ളി, എന്നാല്‍ ഒടിയന്‍ വിദ്യ പോയിട്ട് വിവേകം പോലുമില്ലാത്ത ഒരു കെട്ടുകാഴ്ചയാണ്. പെട്ടിഓട്ടോയില്‍  ഡോണിയര് വിമാനത്തിന്റെ ചിറകുകെട്ടിവെച്ചിട്ട് പതിനായിരം ടണ്ണുമായി പറക്കണമെന്ന് പറയുന്നതുപോലെ ശുദ്ധഭോഷ്‌ക്. ഒരു മിത്തിനെ വെറും കോമളിക്കാഴ്ചയാക്കിയ അത്രയും വലിയ ഭോഷ്‌ക്. 

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍മേനോന്റെ മോഹന്‍ലാല്‍ സിനിമ ഒടിയന്‍ ഒരു വിദ്യയുമില്ലാത്ത ഒരു മടിയനും മടയനുമാണ്. അവകാശവാദങ്ങള്‍ക്കപ്പുറം പൊള്ളയായ സൃഷ്ടി.

സിനിമയെക്കുറിച്ച് വ്യാജഅവകാശവാദങ്ങളും പൊള്ളയായ പെരുപ്പിക്കലുകളും കാണികളുടെ ആസ്വാദനബോധത്തെ എത്രമാത്രം വിപരീതമായി സ്വാധീനിക്കാം എന്നതിന്റെ ക്ലാസിക് ഉദാഹരണമായി മലയാളസിനിമയിലെ മാര്‍ക്കറ്റിങ്ങിലുള്ളവര്‍ക്ക് ഒരു വരുംകാല റഫറന്‍സ് പോയിന്റായും ഒടിയനെ വിലയിരുത്താം.
 
കഥാപരമായി വളരെ ലളിതമായ സിനിമയാണ് ഒടിയന്‍. ഇരുട്ടു സൃഷ്ടിച്ച യക്ഷി, ഭൂത, പ്രേത പിശാചുക്കളെ ഒക്കെ വെളിച്ചത്തിന്റെ, വൈദ്യുതിയുടെ കാലം എങ്ങനെ അപ്രത്യക്ഷമാക്കിയോ അതുപോലെതന്നെയാണ് ഇരുട്ടിനെ ഉപാസകരാക്കി മനുഷ്യന്റെ ഭീതിയെ മുതലെടുത്തു ജീവിച്ച ഒടിയന്‍ എന്ന പഴയ സങ്കല്‍പവും. ആധുനികകാലത്തു നിന്നുനോക്കി ഈ പഴയ മിത്തിനെ വിലയിരുത്താനും വിശദീകരിക്കാനുമാണ് കുട്ടിസ്രാങ്കിന്റെ തിരക്കഥയിലൂടെ ദേശീയപുരസ്‌കാരത്തിന് അര്‍ഹനായ ഹരികൃഷ്ണന്റെ ഒടിയന്‍ എന്ന രചനയുടെ അടിസ്ഥാനപ്രമേയം ശ്രമിക്കുന്നത്. വളരെ കൗതുകമുണര്‍ത്തുന്ന സവിശേഷമായ ഒരു പ്ലോട്ടാണത്. പക്ഷേ, അത് സിനിമയായി വന്നപ്പോള്‍ രഞ്ജിത്തിന്റെ ചന്ദ്രോത്സവത്തിന്റെ മറ്റൊരു പതിപ്പായി. കളിക്കൂട്ടുകാരിയെ നഷ്ടമാകുന്ന നായകനും വില്ലനും അവസാനംവരെ ഏറ്റുമുട്ടുന്നു. ചിറയ്ക്കല്‍ ശ്രീഹരിയുടെ പുനര്‍ജന്മമാണ് ഒടിയന്‍ മാണിക്യന്‍ എന്നു പറഞ്ഞാല്‍ പോലും അതിശയോക്തിയാവില്ല. 

പൂര്‍ണഗര്‍ഭിണിയുടെ മറുപിള്ളയില്‍  മന്ത്രമോതി സേവിച്ച് നരിയായും നായായും മാറി ഇരുട്ടിന്റെ ഒറ്റാലില്‍ ഏകാന്തയാത്രക്കാരെ കെണിവെച്ചു വീഴ്ത്തുന്ന ഒടിയനെന്നാണ് കേട്ടറിഞ്ഞിട്ടുള്ള മിത്ത്. മറുതയായും ചാത്തനായും പറഞ്ഞുകേട്ട ആ മിത്ത് സിനിമാരൂപത്തിൽ വന്നപ്പോള്‍  അറവുശാലയില്‍ നിന്ന് എടുത്തോണ്ടുപോന്ന പോത്തിന്റെ തലവെച്ചുകളിക്കുന്ന ഫാന്‍സി ഡ്രസ്  കളിപോലെയൊരു സുഖമില്ലായ്മ.
 
വാരാണസിയിലെ സ്‌നാനഘട്ടില്‍  അപായത്തില്‍പ്പെടുന്ന ഒരു മലയാളിസ്ത്രീയെ (ശ്രീജയ) സാഹസികമായി രക്ഷിക്കുന്ന രംഗത്തോടെ ആവേശത്തില്‍ തന്നെയാണ് സിനിമ തുടങ്ങുന്നത്. രക്ഷിച്ചയാളോട് (മോഹന്‍ലാല്‍) ഒടിയന്‍ മാണിക്യന്‍ അല്ലേ എന്നു ചോദിക്കുന്നിടത്ത് സിനിമ ഒടിയന്റെ കഥകളുറങ്ങുന്ന പാലക്കാട്ടെ തേന്‍കുറിശ്ശി എന്ന ഗ്രാമത്തിലേക്ക് പോകുന്നു. ഈ ഗ്രാമത്തില്‍ ഒടിയന്‍  മടങ്ങിയെത്തുന്നതു മുതല്‍ പിന്നെ ഫ്ലാഷ്ബാക്കുകളുടെ കുത്തൊഴുക്കാണ്.

ഒടിവിദ്യകൊണ്ട് ആളുകളെ പണ്ടുകാലത്ത് പേടിപ്പിച്ചിരുന്ന ക്വട്ടേഷന്‍കാരനായ ഒടിയന്‍ എന്ന സങ്കല്‍പം എത്രമാത്രം മിത്താണ്, വൈദ്യുതിയെത്തിയതോടെ ഇരുട്ടകന്നതോടെ ഈ മിത്തെങ്ങനെ മാഞ്ഞുപോയി എന്ന യുക്തിപരമായ കഥപറച്ചിലാണ് ഒരുവശം. മറുവശം മാനാകാനും മറുതയാകാനും കഴിയുന്ന ഒടിയന്റെ അമാനുഷികതയെപ്പറ്റിയുള്ള നിലംതൊടാതെയുള്ള വര്‍ണന. പരസ്പരവിരുദ്ധമായ ഈ ആശങ്ങള്‍ക്കിടിയിലൂടെ യാതൊരു സന്തുലിതാവസ്ഥയുമില്ലാതെ മിക്കവാറും രംഗങ്ങള്‍ വിരസമാക്കിയാണ് ഒടിയന്‍  മുന്നേറുന്നത്. 

കഥയ്ക്ക് അനുയോജ്യമല്ലാത്ത അവതരണമാണ് സിനിമയുടെ ഏറ്റവും വലിയ പ്രശ്‌നം. ഒരു മാസ് സിനിമ എന്ന തരത്തിലുള്ള ട്രീറ്റ്‌മെന്റ് ഒരുതരത്തിലും അര്‍ഹിക്കുന്നതാണ് ഈ തിരക്കഥ എന്നു കരുതുന്നില്ല. എന്നിട്ടും തെലുഗു സിനിമകളെ അനുസ്മരിപ്പിക്കുന്ന തിരുകിക്കയറ്റിയ ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരമാണുടനീളം. എന്നാല്‍  അവയോ പീറ്റര്‍ ഹെയ്‌ന്റെ മുന്‍സിനിമകളുടെ നിലവാരത്തിന് അടുത്തെത്തുന്നുമില്ല. ഇരുട്ടിന്റെ മറവില്‍ കരിയില പറത്തി കുറേ കലപില മാത്രം.
 
നായകനായ മോഹന്‍ലാലും പ്രതിനായകനായ പ്രകാശ് രാജും ഏറ്റുമുട്ടുന്ന ക്ലൈമാക്‌സ് ഓവര്‍ഡോസാണ്. നായകനായ ഒടിയനെ അവസാനിപ്പിക്കാനായി വില്ലന്‍ മറ്റ് നാല് ഒടിയന്മാരെ ഇറക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആവേശം തോന്നാം. എന്നാല്‍ ഇരുട്ടില്‍ എല്‍.ഇ.ഡി. ലൈറ്റുകണക്കെയുള്ള വെളിച്ചവുമായെത്തിയ ഒടിയന്മാര്‍  എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് മനസ്സിലാകാതെ പോകുന്നു. ആര് ആരെയാണ് അടിക്കുന്നതെന്ന് തിരിച്ചറിയാത്ത ക്ലൈമാക്‌സ് കാഴ്ചക്കാരന് വലിയ ഭാരമാകുകയാണ്.

കഥാപാത്രത്തിനുവേണ്ടി മോഹന്‍ലാല്‍  ശരീരഭാരം കുറച്ചതുമുതല്‍  ഒടിയനുവേണ്ടിയുള്ള പരസ്യപ്രചാരണങ്ങള്‍ ഏറെയാണ്. എന്നാല്‍  സിനിമയുടെ ഔട്ട്പുട്ടില്‍  അത്തരത്തിലുള്ള പ്രയത്‌നങ്ങള്‍ ഒന്നും പ്രതിഫലിക്കുന്നില്ല. പ്രകടനത്തിന്റെ കാര്യത്തിലാണെങ്കില്‍ ലാലിന്റെ റേഞ്ച് അളക്കാനുള്ള വെല്ലുവിളി ഒരു ഘട്ടത്തിലും ഒടിയന്‍ മാണിക്യന് മുന്നോട്ടുവയ്ക്കുന്നില്ല. അതേസമയം പ്രതിനായകനായെത്തുന്ന പ്രകാശ് രാജ്  ഭാവപ്പകര്‍ച്ചകളിലൂടെ തകര്‍ത്ത് അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യര്‍  സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചു. സിദ്ദിഖ്, നരേന്‍, കൈലാഷ്, നന്ദു, ഇന്നസെന്റ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍.

ജയചന്ദ്രനാണ് സംഗീതം. കൊണ്ടോരാം, താങ്കണക്കണ എന്നുതുടങ്ങുന്ന പാട്ടുകള്‍ ഇമ്പമേറിയതാണ്. വിക്രംവേദയിലൂടെ ശ്രദ്ധേയനായ സാം സി.എസിന്റെ പശ്ചാത്തലസംഗീതവും മികച്ചുനിന്നു. എന്നാല്‍ സിനിമയുടെ ഏറ്റവും വലിയ അസറ്റ് ഛായാഗ്രഹകന്‍  ഷാജിയാണ്. ഗംഭീരമാണ് ഷാജിയുടെ ഫ്രെയിമുകള്‍. ഓരോ പ്രമേയവും അതര്‍ഹിക്കുന്ന പരിചരണമാണ് നല്‍കണ്ടേത്.

ഒരു നാടോടിക്കഥയെ, മണ്മറഞ്ഞുപോയ ഒരു മിത്തിനെ പുതിയ തലമുറയെ അറിയിക്കാനും പഴയ തലമുറയെ ഓര്‍മിപ്പിക്കാനും ശേഷിയുള്ള പ്രമേയമായിരുന്നു ഒടിയന്റെത്. അതുപക്ഷേ, പോരുകോഴിയുടെ മേല്‍  പീലികെട്ടി മയിലാക്കാന്‍  നോക്കുന്നതുപോലെയുള്ള സാഹസമായിപ്പോയി എന്നുമാത്രം.

Content Highlights: Odiyan Movie Review Mohanlal SreekumarMenon Malayalam Movie Rating