കെട്ടുറപ്പുള്ള തിരക്കഥ, ഉജ്ജ്വലമായ ദൃശ്യാവിഷ്‌കാരം, കൃത്യമായ കഥാപാത്രനിര്‍ണയം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത '9' അവിസ്മരണീയമായ ദൃശ്യാനുഭവമാകുന്നത് സിനിമയുടെ വ്യത്യസ്ത ഘടകങ്ങളുടെ മികച്ച സമന്വയമാകുമ്പോഴാണ്. പൃഥ്വിരാജ് സ്വതന്ത്ര നിര്‍മാതാവാകുന്ന ആദ്യചിത്രമെന്ന നിലയിലും സോണി പിക്ചേഴ്സ് ആദ്യമായി പ്രാദേശികഭാഷയില്‍ ആദ്യമായി എത്തുന്ന ചിത്രമെന്നനിലയിലും ചിത്രം നല്‍കിയ പ്രതീക്ഷകള്‍ കവച്ചുവെക്കുന്ന പ്രകടനമാണ് '9' കാഴ്ചവെക്കുന്നത്.

നക്ഷത്രങ്ങളെക്കുറിച്ചും ബഹിരാകാശപ്രതിഭാസങ്ങളെക്കുറിച്ചുമൊക്കെ ഗവേഷണം നടത്തുന്ന ആസ്ട്രോഫിസിസ്റ്റായ ഡോ. ആല്‍ബെര്‍ട്ട് ലൂയിസാണ് (പൃഥ്വിരാജ് സുകുമാരന്‍) ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവത്തോടെ ഭാര്യ ആനി (മമ്ത മോഹന്‍ദാസ്) മരിക്കുന്നതോടെ മകന്‍ ആഡം (മാസ്റ്റര്‍ അലോക്) മാത്രമാണ് ആല്‍ബെര്‍ട്ടിന് അടുത്തബന്ധുവായുള്ളത്. തിരക്കുപിടിച്ച ഔദ്യോഗികജീവിതവും ഭാര്യയുടെ മരണവും മകനുമായുള്ള ആല്‍ബെര്‍ട്ടിന്റെ ബന്ധത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് ലോകത്തെ ഒന്നാകെ ബാധിക്കുന്ന ഒരു പ്രപഞ്ചപ്രതിഭാസത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ ആല്‍ബെര്‍ട്ടിനെ ഗുരുവായ ഡോ. ഇനായത് ഖാന്‍ സമീപിക്കുന്നത്. ഗവേഷണത്തിനായി മകനോടൊപ്പം ഹിമാചലിലെത്തുന്ന ആല്‍ബെര്‍ട്ടിനെ കാത്തിരുന്നത് വിചിത്രമായ അനുഭവങ്ങളായിരുന്നു. ആല്‍ബെര്‍ട്ടിനും ആഡത്തിനുമിടയിലേക്ക് ഏവ (വാമിഖ ഗബ്ബി) എന്ന അതിഥികൂടി എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ആല്‍ബെര്‍ട്ട് ലൂയിസ് എന്ന ആസ്ട്രോഫിസിസ്റ്റിന്റെ കഥാപാത്രത്തിന്റെ താളങ്ങളും താളപ്പിഴകളും പൃഥ്വിരാജിലെ നടനില്‍ ഭദ്രമായിരുന്നു. ആല്‍ബെര്‍ട്ടിന്റെ മകന്‍ ആഡമായി മാസ്റ്റര്‍ അലോക് പൃഥ്വിരാജിന് ഒപ്പംനില്‍ക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. വിവിധതലങ്ങളുള്ള ആഡത്തെ പ്രായത്തെ കവച്ചുവെക്കുന്ന മികവോടെ അലോക് സ്‌ക്രീനിലെത്തിച്ചു. ഏവ എന്ന കഥാപാത്രമായി വാമിഖ ഗബ്ബിയുടെ (ഗോദ ഫെയിം) അഭിനയവും ഉദയ് ചന്ദ്രയുടെ ഹക്ക എന്ന കെയര്‍ടേക്കര്‍ കഥാപാത്രവും ശ്രദ്ധേയമാണ്. പ്രകാശ്രാജിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപത്രമൊന്നുമല്ല ഡോ. ഇനായത് ഖാനെങ്കിലും അദ്ദേഹത്തിന്റെ കാസ്റ്റിങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ അഭിനന്ദനമര്‍ഹിക്കുന്നു. സന്ദീപ് രാമമൂര്‍ത്തി എന്ന കഥാപാത്രമായെത്തിയ ടോണി ലൂക്കിന്റെ പ്രകടനവും ചിത്രത്തിന് മിഴിവേകി. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള കഥാപാത്രത്തെ ടോണി ലൂക്ക് നന്നായി തന്നെ അവതരിപ്പിച്ചു.  

 

ശാസ്ത്രവും കെട്ടുകഥയും മതിഭ്രമവുമെല്ലാം ഇഴചേരുന്ന കഥ പ്രേക്ഷകന് ആശയക്കുഴപ്പമില്ലാതെ അവതരിപ്പിക്കുന്നതില്‍ രചയിതാവുകൂടിയായ സംവിധായകന്‍ അസാമാന്യ കൈയടക്കമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ പറഞ്ഞ സമീപകാല മലയാളചിത്രങ്ങള്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ കഥ ആവശ്യപ്പെടുന്ന തരത്തില്‍ പശ്ചാത്തലം വികസിപ്പിക്കുന്നു എന്നയിടത്താണ് ജെനൂസ് മുഹമ്മദ് വിജയിച്ചത്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത കഥാപരിസരം മികച്ച രീതിയില്‍ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിനായി.

കഥപറച്ചിലില്‍ സാങ്കേതികതയെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട് ചിത്രം. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കുന്ന റെഡ് ജെമിനൈ ക്യാമറയുടെ ഉപയോഗത്തില്‍മുതല്‍ വി.എഫ്.എക്സില്‍വരെ സാങ്കേതികമികവിന്റെ മിഴിവ് കാണാം. അഭിനന്ദ് രാമാനുജം എന്ന പ്രതിഭയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ വലിയ ഹൈലൈറ്റാണ്. ആരംഭത്തില്‍ ഓഫീസിനുള്ളിലും സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലും 'കറങ്ങിനടന്ന്' പകര്‍ത്തിയ ദൃശ്യങ്ങള്‍ മുതല്‍ ഹിമാലയത്തിന്റെ മനോഹാരിതയും വന്യതയും രംഗങ്ങളുടെ ഭാവങ്ങള്‍ക്കൊപ്പിച്ച് വിളക്കിച്ചേര്‍ത്തതില്‍വരെ അഭിനന്ദിന്റെ കൈയൊപ്പ് കാണാം. ഷമീര്‍ മുഹമ്മദിന്റെ ചിത്രസംയോജനം അഭിനന്ദിന്റെ ദൃശ്യങ്ങളുടെ മികവേറ്റുന്നതായി. 

ശേഖര്‍ മേനോന്റെ പശ്ചാത്തല സംഗീതത്തെ ഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. ഷാന്‍ റഹ്മാന്റെ സംഗീതവും മോശമായില്ല. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസും കോസ്റ്റ്യൂമൊരുക്കിയ സമീറാ സനീഷും പ്രശംസയര്‍ഹിക്കുന്നു.

Content Highlights : 9 malayalam movie review, Prithviraj Sukumaran